ഭാഗ്യലക്ഷ്മിയുെട അറസ്റ്റ് 30 വരെ വിലക്കി
text_fieldsകൊച്ചി: യൂട്യൂബിൽ അശ്ലീലം പറഞ്ഞ് വിഡിയോ പോസ്റ്റ് ചെയ്ത വിജയ് പി. നായരെ മർദിച്ച കേസിൽ ഡബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി എന്നിവരെ ഈ മാസം 30വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈകോടതി. ഇവരുടെ മുൻകൂർ ജാമ്യഹരജിയിൽ വാദം കേട്ട കോടതി 30ന് വിധി പറയാൻ മാറ്റുകയായിരുന്നു. അതുവരെ അറസ്റ്റ് പാടില്ലെന്നാണ് നിർദേശം. യൂട്യൂബറെ ലോഡ്ജിൽ കയറി മർദിക്കാൻ ധൈര്യം കാണിച്ചവർ ജയിൽവാസമുൾപ്പെടെയുള്ള അനന്തരഫലം നേരിടാൻ മടിക്കുന്നതെന്തിനെന്ന് ഹരജിക്കാരോട് കോടതി വാക്കാൽ ആരാഞ്ഞു.
മർദനത്തിന് നിങ്ങൾതന്നെ തെളിവുണ്ടാക്കിയിട്ടുണ്ടല്ലോയെന്നും അന്വേഷണത്തെയും തുടർ നടപടികളെയും നേരിടുന്നതിൽനിന്ന് ഒഴിഞ്ഞുമാറുന്നത് എന്തിനാണെന്നും കോടതി ആരാഞ്ഞു. വിജയ് പി. നായർ ഒത്തുതീർപ്പുചർച്ചക്ക് വിളിച്ചതിനാലാണ് ലോഡ്ജിൽ പോയതെന്നും അവിടെ തങ്ങളെയാണ് ആക്രമിച്ചതെന്നും ഹരജിക്കാർ വാദിച്ചപ്പോൾ പ്രതിരോധത്തിെൻറ ഭാഗമായാണോ തിരിച്ചടിച്ചതെന്ന് കോടതി ചോദിച്ചു.