ഭാഗീരഥിയമ്മ ഹാപ്പിയാണ്; ഇക്കുറി വോട്ട് ചെയ്യും...
text_fieldsഭാഗീരഥിയമ്മ
കൊല്ലം: ഏറെനാളായി രാഷ്ട്രീയക്കാരോടെല്ലാം അല്പം നീരസത്തിലായിരുന്നു 106 വയസ്സുകാരി ഭാഗീരഥിയമ്മ. തനിക്ക് അര്‍ഹതപ്പെട്ട പെന്ഷന് കിട്ടാന്‍ ഒരിക്കല്‍ പഞ്ചായത്ത് ഓഫിസിൽ പോയപ്പോഴുണ്ടായ ദുരനുഭവമായിരുന്നു കാരണം. വീട്ടില്‍ ബാങ്ക് ജോലിക്കാരുണ്ടല്ലോ, പിന്നെന്തിനാണ് പെന്ഷന്? അന്ന് ആ മറുപടി കേട്ട് തിരികെ പോന്നു. പക്ഷേ, 'പഠിച്ച് നല്ലൊരു നിലയില്‍ എത്തിയപ്പോള്‍' അവര്‍ വീട്ടിലെത്തി പെന്ഷന് തന്നു; മധുരപ്രതികാരം.
ഇക്കുറി പറ്റുമെങ്കില്‍ ഒരു വോട്ട് ചെയ്യണമെന്നാണ് തീരുമാനം. കേന്ദ്രസര്‍ക്കാറിെൻറ നാരീശക്തിപുരസ്കാര ജേതാവും 106ാം വയസ്സില്‍ നാലാം ക്ലാസ്തുല്യതപരീക്ഷ വിജയിയായി സംസ്ഥാനത്തിനും രാജ്യത്തിനും അഭിമാനവുമായി മാറിയ ഭാഗീരഥിയമ്മ ജില്ലയിലെ ഏറ്റവും മുതിര്‍ന്ന വോട്ടറാണ്. പണ്ടൊക്കെ തെരഞ്ഞെടുപ്പായാല്‍ രണ്ടും മൂന്നും തവണയൊക്കെ സ്ഥാനാര്‍ഥികള്‍ വീട്ടിലെത്തുമെന്ന് ഭാഗീരഥിയമ്മ ഓര്‍ത്തെടുക്കുന്നു.
അതോടെ സ്ഥാനാര്‍ഥികളുടെ മുഖങ്ങളെല്ലാം പരിചിതമാകും. മൈക്ക് കെട്ടിവെച്ചുള്ള അനൗണ്സ്മെൻറുകളായിരുന്നു അന്ന് തെരഞ്ഞെടുപ്പ് കാലത്തിെൻറ വരവറിയിച്ചിരുന്നത്. തോറ്റവരെ കളിയാക്കി മുദ്രാവാക്യം വിളിയും ജാഥയും വേറെയുമുണ്ടാകും. ഇതിനിടെ വന്ന കോവിഡും പ്രതിസന്ധികളുമെല്ലാം ഭാഗീരഥിയമ്മക്കും അറിവുണ്ട്.
വെര്‍ച്വല്‍ പ്രചാരണങ്ങളോടൊന്നും അത്ര താൽപര്യം പോരാ. അന്നത്തെ ആരവങ്ങളുമില്ല, ആരോഗ്യം അനുവദിച്ചാല്‍ ഇക്കുറി വോട്ട് ചെയ്യണമെന്നുണ്ട് ഭാഗീരഥിയമ്മക്ക്. കൊല്ലം പ്രാക്കുളം പഞ്ചായത്തിലെ കാഞ്ഞാവള്ളി 13ാം വാര്‍ഡിലെ വോട്ടറാണ് ഭാഗീരഥിയമ്മ. മകള്‍ തങ്കമണിക്കൊപ്പമാണ് ഭാഗീരഥിയമ്മയുടെ താമസം. ഏഴാം ക്ലാസ്തുല്യതാപരീക്ഷക്കുവേണ്ടിയുള്ള പഠനത്തിലാണിപ്പോള്‍.