കടലോളം കാഴ്ച; കണ്ണും മനസ്സും നിറഞ്ഞവർ മടങ്ങി
text_fieldsബേപ്പൂർ അന്താരാഷ്ട്ര ജലമേളയുടെ ഭാഗമായി തുറമുഖത്തെത്തിയ ഇന്ത്യന്‍ നേവിയുടെ ‘കബ്ര’, കോസ്റ്റ് ഗാര്‍ഡിന്റെ ‘ആര്യമാൻ’ കപ്പലുകളിൽ സന്ദർശനം നടത്തിയ ഭിന്നശേഷി
കുട്ടികളും രക്ഷിതാക്കളും കമാൻഡിങ് ഓഫിസർമാർക്കൊപ്പം
ബേപ്പൂർ: സിനിമകളിലും ചിത്രങ്ങളിലും കണ്ട് പരിചിതമായ കപ്പലും ആയുധങ്ങളും നേരിൽ കാണാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് എട്ടു വയസ്സുകാരൻ വിനായകും, പത്തു വയസ്സുള്ള ഗൗതം കൃഷ്ണയും. ഇവരെപ്പോലെ ആരോഗ്യ കാരണങ്ങളാൽ വീടിനുള്ളിൽ ഒതുങ്ങിപ്പോയ ഭിന്നശേഷിക്കാർക്കും അവരുടെ രക്ഷിതാക്കൾക്കും കൗതുകത്തിന്റെയും സന്തോഷത്തിന്റെയും ദിനമായിരുന്നു വ്യാഴാഴ്ച. ബേപ്പൂർ അന്താരാഷ്ട്ര ജലമേളയുടെ ഭാഗമായി ബേപ്പൂർ തുറമുഖത്തെത്തിയ ഇന്ത്യന്‍ നേവിയുടെ ‘ഐ.എൻ.എസ് കബ്ര’യും, കോസ്റ്റ് ഗാര്‍ഡിന്റെ ‘ഐ.സി.ജി.എസ് ആര്യമാൻ’ കപ്പലും കൺകുളിർക്കെ കണ്ടാണവർ മടങ്ങിയത്. ജില്ലയിലെ പൊതു-സ്വകാര്യ വിദ്യാലയങ്ങളില്‍ പഠിക്കുന്ന ഭിന്നശേഷി കുട്ടികളാണ് കപ്പലുകൾ സന്ദർശിക്കാനെത്തിയത്.
കോസ്റ്റ് ഗാര്‍ഡ് കപ്പലിന് മുൻവശത്തായി സജ്ജീകരിച്ച ബൊഫോഴ്സ് തോക്കുകളും, കപ്പലിന്റെ ബ്രിഡ്ജിൽ രണ്ടു വശത്തുമായുള്ള അത്യാധുനിക എസ്.ആർ.സി.ജി (സ്റ്റെബിലൈസ്ഡ് റിമോട്ട് കൺട്രോൾ ഗൺ) തോക്കും മറ്റു സുരക്ഷാ ഉപകരണങ്ങളും കൗതുകത്തോടെ കുട്ടികൾ കണ്ടു. തുറമുഖത്ത് ഒരുക്കിയ പ്രതിരോധ വകുപ്പിന്റെയും, നേവിയുടെയും, കോസ്റ്റുഗാര്‍ഡിന്റെയും സ്റ്റാളുകളിൽ സന്ദർശനം നടത്തി. തോക്കുൾപ്പെടെയുള്ള ആയുധങ്ങൾ നേരിൽ കാണാനും തൊടാനും കഴിഞ്ഞതിന്റെ സന്തോഷം കുട്ടികളും രക്ഷിതാക്കളും തമ്മിൽ പങ്കിട്ടു.
ഭിന്നശേഷി കുട്ടികളുടെയും രക്ഷിതാക്കളുടെയും കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി കെ.ടി.ഐ.എൽ ചെയർമാൻ എസ്. കെ. സജീഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കൗൺസിലർമാരായ എം. ഗിരിജ, കെ. രാജീവ്, സാമൂഹികപ്രവർത്തകൻ നൗഷാദ് തെക്കയിൽ എന്നിവർ സംബന്ധിച്ചു. കേക്ക് മുറിച്ച് കുട്ടികൾക്ക് മധുരവും നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

