കളം പിടിക്കാൻ അൻവർ, വികസനം പറഞ്ഞ് റിയാസ്: ബേപ്പൂരിലെ തെരഞ്ഞെടുപ്പ് പോര്
text_fieldsകോഴിക്കോട്: ബേപ്പൂര്‍ മണ്ഡലത്തിൽ ഇത്തവണ പി.വി. അൻവറിന്റെ വരവാണ് ശ്രദ്ധേയമാക്കുന്നത്. കാലങ്ങളായി എൽ.ഡി.എഫിന്റെ കുത്തക്കയായിരുന്ന മണ്ഡലം ഇത്തവണ കളംമാറ്റി ചവിട്ടുമോയെന്ന് കണ്ടറിയണം. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണങ്ങൾ ഉന്നയിക്കുകയും എം.എൽ.എ സ്ഥാനം രാജിവെക്കുകയും ചെയ്താണ് പി.വി. അൻവർ എൽ.ഡി.എഫ് വിട്ടത്. മന്ത്രിയും മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥിയുമായ പി.എ. മുഹമ്മദ് റിയാസിനെതിരെയാണ് വി.വി. അൻവർ ബേപ്പൂരിൽ മത്സരിക്കാൻ എത്തിയത്.
1977 ലാണ് അവസാനമായി യു.ഡി.എഫ് ഇവിടെ ജയിച്ചത്. പിന്നീട് മണ്ഡലം ഇടതിനോപ്പമായിരുന്നു. ബേപ്പൂർ മണ്ഡലത്തിൽ പി.വി. അൻവറിന്റെ സാന്നിധ്യം യു.ഡി.എഫ് ക്യാമ്പുകളിൽ ആവേശം പകർന്നിട്ടുണ്ട്. റിയാസിനെതിരെ പി.വി. അൻവർ സ്ഥാനാർഥിയാക്കും എന്ന് മുൻകൂട്ടി അറിഞ്ഞതോടെ യു.ഡി.എഫ് പാളയത്തിൽനിന്നും ആരും സീറ്റിനായി അവകാശവാദവുമായി വന്നില്ല എന്നത് യു.ഡി.എഫിന് ആശ്വാസം പകരുന്നുണ്ട്.
28,747 വോട്ടുകൾക്കാണ് മുഹമ്മദ് റിയാസ് കോൺഗ്രസിലെ പി.എം. നിയാസിനെ തോൽപ്പിച്ചത്. 2011ൽ എളമരംകരീമിന്റെ ഭൂരിപക്ഷം 5311 ആയി കുറക്കാൻ യു.ഡി.എഫിന് സാധിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി രണ്ട് മാസമായി അൻവർ ബേപ്പൂർ മണ്ഡലത്തിൽ ഉണ്ട്. മണ്ഡലത്തിലെ വികസന വിഷയങ്ങൾ ഉയർത്തികാട്ടിയാണ് അൻവർ പ്രചാരണം പ്രവർത്തനം നടത്തുന്നത്. പിണറായിക്കും മരുമോനുമെതിരെയാണ് പോരാട്ടമെന്ന് അൻവർ പറയുന്നു. ഭരണവിരുദ്ധവികാരം തുണയായേക്കാമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫും കേന്ദ്രങ്ങൾ.
എൽ.ഡി.എഫ് അഞ്ച് വർഷം കൊണ്ട് ഉണ്ടാക്കിയ ജനകീയത മറികടക്കുകയെന്നതാണ് അൻവറിന്റെ മുന്നിലുള്ള വലിയ വെല്ലുവിളി. വാർട്ടർഫെസ്റ്റ് ഉൾപ്പെടെയുള്ള വിനോദ സഞ്ചാര പരിപാടികളും മറ്റ് അടിസ്ഥാന മുന്നേറ്റവും പറഞ്ഞാണ് റിയാസ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. നിലവിൽ മണ്ഡലത്തിലെ ഒമ്പത് കോർപ്പറേഷൻ വാർഡുകളിലും കടലുണ്ടി പഞ്ചായത്തും ഭരിക്കുന്നതും എൽ.ഡി.എഫാണ്. ഫറോക്ക്, രാമനാട്ടുകര, നഗരസഭകളും നാല് കോർപറേഷൻ വാർഡുകളും യു.ഡി.എഫാണ് ഭരിക്കുന്നത്. ഒരു കോർപറേഷൻ വാർഡിൽ എൻ.ഡി.എയുമാണുള്ളത്. ഇത്തവണ എൻ.ഡി.എയുടെ തെരഞ്ഞെടുപ്പ് സ്ഥാനാർഥി കെ.പി. പ്രകാശ്ബാബുവാണ്. കേന്ദ്ര സർക്കാറിന്റെ പ്രവർത്തനങ്ങളും ശബരിമല സ്വർണക്കൊള്ളയുമാണ് എൻ.ഡി.എ ഉയര്‍ത്തുന്ന പ്രാചാരണായുധം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

