പീടികമുറിയിലെ 'എൻസൈക്ലോപീഡിയ'
text_fieldsമലപ്പുറം: ഫുട്ബാളിനോടുള്ള അടങ്ങാത്ത മുഹബ്ബത്ത്, ഏത് രോഗത്തിനും ചികിത്സ, വൈദ്യം, കായികം, രാഷ്ട്രീയം, കല, സാഹിത്യം, ചരിത്രം...വിഷയം ഏതുമായാലും അഗാധ പാണ്ഡിത്യം, മലപ്പുറത്തെ തോരപ്പ മുഹമ്മദ് എന്ന ബാപ്പുവിനെ പകരക്കാരില്ലാത്ത വ്യക്തിത്വമാക്കിയത് ഈ പ്രത്യേകതകളായിരുന്നു. ഒറ്റവാക്കിൽ പറഞ്ഞാൽ 'എൻസൈക്ലോപീഡിയ'. ബാപ്പു ഡോക്ടറെന്നും ബാപ്പുക്കയെന്നും അറിയപ്പെട്ട അദ്ദേഹത്തിന് ഫുട്ബാളായിരുന്നു ജീവിതം. അതോടൊപ്പം അയൽജില്ലകളിൽവരെ കീർത്തികേട്ട ഹോമിയോ ചികിത്സയും.
27ാം വയസ്സിൽ തുടങ്ങിയ ഹോമിയോ ചികിത്സ 87ാം വയസ്സിൽ മരിക്കുന്നതിന് ഏതാനും നാൾ മുമ്പ് വരെ തുടർന്നു. മലപ്പുറം സോക്കർ ക്ലബ്ബിൻറെ സ്ഥാപകനായ ബാപ്പുക്കക്ക് 2001ൽ ഫുട്ബാൾ സംഘാടകനെന്ന നിലയിൽ ഫിഫയുടെ അംഗീകാരം ലഭിച്ചു. അക്കാര്യം പക്ഷെ അധികമാരും അറിഞ്ഞില്ല. അതായിരുന്നു ബാപ്പുക്ക.ഹോമിയോ ചികിത്സയിൽ തികഞ്ഞ പാരമ്പര്യവാദിയായിരുന്നു. 20 രൂപ ഫീസിൽ വർഷങ്ങളോളം രോഗികളെ ചികിത്സിച്ചു. പലർക്ക് അദ്ഭുതകരമാംവിധം ശമനം ലഭിച്ചു.
കോഴിക്കോട്, പാലക്കാട് ജില്ലകളിൽ നിന്നെല്ലാം കുട്ടികൾ മുതൽ പ്രായവമായവർ വരെ കോട്ടപ്പടി പെട്രോൾ പമ്പിന് എതിർവശത്തെ ഇടുങ്ങിയ മുറിയിൽ പ്രവർത്തിക്കുന്ന ബാപ്പുക്കയുടെ ക്ലിനിക്കിലെത്തി. വിവിധ വിഷയങ്ങളെപ്പറ്റി നിന്നുകൊണ്ട് തന്നെ വാതോരാതെ സംസാരിക്കെ അസുഖ വിവരങ്ങൾ ചോദിക്കും. എല്ലാവർക്കും മരുന്ന് കുറിച്ചുകൊടുക്കില്ല. അലോപ്പതി മരുന്ന് കഴിച്ചുകൊണ്ടിരിക്കുന്നവർക്ക് ബാപ്പുക്കയുടെ പക്കൽ നിന്ന് ഹോമിയോ മരുന്ന് കിട്ടില്ല. മുഷിഞ്ഞ ചുമരുകളുള്ള മുറിയിലിരുന്ന് അദ്ദേഹം മണിക്കൂറുകൾ ചികിത്സകൾ നടത്തി. മരുന്നായി പൊടിയും ഗുളികയും മാത്രം. അതൊരു ഹോമിയോ ക്ലിനിക്കാണെന്ന് കണ്ടാൽ തോന്നില്ല, ഒരു പഴയ പീടികമുറി.
ക്ലിനിക്കിലെ അലമാരകൾ ലൈബ്രറി കൂടിയാണ്. മരുന്നുകൾക്ക് പുറമെ പത്രങ്ങൾ, ആഴ്ചപ്പതിപ്പുകൾ, മെഡിക്കൽ ജേണലുകൾ, വൈദ്യ-കായിക- രാഷ്ട്രീയ-കല-സാഹിത്യ-ചരിത്ര പുസ്തകങ്ങളെല്ലാമുണ്ട്. ദിവസവും മൂന്നോ നാലോ പത്രങ്ങൾ വായിക്കും. പതിറ്റാണ്ടുകൾ പഴക്കമുള്ള ആഴ്ചപ്പതിപ്പുകൾ ബാപ്പുക്ക സൂക്ഷിച്ചുവെച്ചിരുന്നു. അദ്ദേഹം തുടക്കമിട്ട സോക്കർ ക്ലബ്ബിലൂടെ നിരവധി താരങ്ങൾ വളർന്നു. ഫുട്ബാളിന് വേണ്ടി ചെലവാക്കിയ പണത്തിന് കണക്കില്ല. ദീർഘകാലം ജില്ലാ ഫുട്ബാൾ അസോസിയേഷൻ ഭാരവാഹിയായി. മകൾ ജാസ്മിനെ പ്രമുഖ താരം സൂപ്പർ അഷ്റഫ് ബാവക്ക് വിവാഹം ചെയ്തുകൊടുത്തു. ഫുട്ബാൾ സംഘാടകന് ലഭിക്കാവുന്ന അപൂർവ ബഹുമതിയാണ് 2001ലെ ഫിഫ അംഗീകാരം.