You are here
മികച്ച ഡോക്ടര്‍മാര്‍ക്കുള്ള സംസ്ഥാന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം: 2018ലെ മികച്ച സേവനം കാഴ്ചവച്ച മോഡേണ്‍ മെഡിസിന് ഡോക്ടര്‍മാര്‍ക്കുള്ള സംസ്ഥാന അവാര്‍ഡുകള്‍ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പ്രഖ്യാപിച്ചു.

മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെ എമര്‍ജന്‍സി മെഡിസിന് വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ. ചാന്ദിനി ആര്, ഹെല്‍ത്ത് സര്‍വിസ് വിഭാഗത്തില്‍ ആരോഗ്യ വകുപ്പ് പൊതുജനാരോഗ്യ വിഭാഗം ഡെപ്യൂട്ടി ഡയറക്ടറും സ്റ്റേറ്റ് ലെപ്രസി ഓഫിസറുമായ ഡോ. ജെ. പത്മലത, മെഡിക്കല്‍ ഇന്‍ഷുറന്‍സ് സര്‍വിസ് സെക്ടറില്‍ ആലപ്പുഴ ഇ.എസ്.ഐ.ഡി ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫിസര്‍ ഡോ. ജോര്‍ജ് ഹറോള്‍ഡ്, ആര്.സി.സി/ ശ്രീചിത്ര തുടങ്ങിയ സ്വയംഭരണ മേഖലയില്‍ മലബാര്‍ ക്യാന്‍സര്‍ സെൻറര്‍ ഡയറക്ടര്‍ ഡോ. ബി. സതീശന്, ഡെൻറല്‍ മേഖലയില്‍ ആരോഗ്യ വകുപ്പ് ഡെൻറല്‍ വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. സൈമണ്‍ മോറിസണ്‍, സ്വകാര്യമേഖലയില്‍ കോഴിക്കോട് ചാലപ്പുറം പീഡിയാട്രിക് കണ്‍സള്‍ട്ടന്റായ ഡോ. സി.എം. അബൂബക്കര്‍ എന്നിവരെ മികച്ച ഡോക്ടര്‍മാരായി തെരഞ്ഞെടുത്തു.

ഡോക്ടേഴ്സ് ദിനമായ ജൂലൈ ഒന്നിന് തിരുവനന്തപുരം വി.ജെ.ടി. ഹാളില്‍ നടക്കുന്ന ഡോക്ടേഴ്സ് ദിനാചരണ ചടങ്ങില്‍ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പുരസ്കാരങ്ങള്‍ സമ്മാനിക്കും. ഇന്ത്യയില്‍ വൈദ്യശാസ്ത്ര രംഗത്ത് മികച്ച സേവനങ്ങള്‍ നല്കി ചരിത്രം കുറിച്ച ഡോക്ടര്‍ ബി.സി. റോയിയുടെ ജന്മദിനമാണ് ജൂലൈ ഒന്ന്.