ബൈത്തുസ്സകാത്ത് പ്രവർത്തനം മാതൃക -ബെന്നി ബഹനാൻ എം.പി
text_fieldsപെരുമ്പാവൂർ: നിരവധി സങ്കീർണ പ്രശ്നങ്ങളുള്ള നമ്മുടെ സമൂഹത്തിൽ അവ കണ്ടെത്തി, സാധ്യമാവുംവിധം പരിഹരിക്കുക എന്ന മാതൃകാപരമായ പ്രവർത്തനമാണ് ബൈത്തുസ്സകാത്ത് കേരള നിർവഹിക്കുന്നതെന്ന് ബെന്നി ബഹനാൻ എം.പി പറഞ്ഞു. ബൈത്തുസ്സകാത്ത് കേരളയുടെ ഭവനപദ്ധതി പൂർത്തീകരണ പ്രഖ്യാപന പരിപാടി പെരുമ്പാവൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒറ്റക്കുള്ള സകാത്ത് യാചന വർധിപ്പിക്കാനേ ഉതകൂവെന്ന് പൂർത്തീകരണ പ്രഖ്യാപനം നടത്തി ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസി. അമീർ വി.ടി. അബ്ദുല്ലക്കോയ തങ്ങൾ പറഞ്ഞു. സംഘടിത സകാത്ത് സമൂഹത്തിന്റെ വളർച്ചക്ക് ആക്കം കൂട്ടും. സർക്കാറിന്റെ ക്ഷേമപ്രവർത്തനത്തോടൊപ്പം ചേർന്നുകൊണ്ടുള്ള ബൈത്തുസ്സകാത്ത് സംരംഭങ്ങൾ കുതിപ്പുതന്നെ ഉണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ സകാത്ത് യഥാവിധി നൽകപ്പെടുകയാണെങ്കിൽ നിരവധി പ്രശ്നങ്ങൾക്ക് പരിഹാരമാവുമെന്ന് ബൈത്തുസ്സകാത്ത് കേരള ചെയർമാൻ ശൈഖ് മുഹമ്മദ് കാരകുന്ന് അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
എൽദോസ് കുന്നപ്പിള്ളി എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. പദ്ധതി ഫണ്ട് വിതരണം ബൈത്തുസ്സകാത്ത് ഏരിയ കോഓഡിനേറ്റർ പി.എച്ച്. നിസാറിന് നൽകി എം.എൽ.എ നിർവഹിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്റ് ജമാൽ പാനായിക്കുളം, സെക്രട്ടറി കെ.കെ. സലിം, അസദുല്ല എന്നിവർ സംസാരിച്ചു. ബൈത്തുസ്സകാത്ത് ജില്ല കോഓഡിനേറ്റർ സി.പി. മുഹമ്മദ് സ്വാഗതവും ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡന്റ് വി.എം. ദിനിൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

