Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എസ്.ആർ.ടി.സി ബസ്...

കെ.എസ്.ആർ.ടി.സി ബസ് അപകടത്തിന് പിന്നിൽ ‘മുട്ട’യോ? ബസിൽ അവശിഷ്ടം, കർണാടകക്ക് കത്തയച്ച് മന്ത്രി

text_fields
bookmark_border
https://www.madhyamam.com/tags/ksrtc
cancel
camera_alt

ബംഗളൂരുവിൽ അപകടത്തിൽപെട്ട മുട്ടയുടെ ഷാസിയിൽ കണ്ടെത്തിയ മുട്ടയുടെ അവശിഷ്ടം

തിരുവനന്തപുരം: ബംഗളൂരു-മൈസൂരു ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽപെട്ട് രണ്ട് ജീവനക്കാർ മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. കവർച്ച ലക്ഷ്യമിട്ട് ബസിന് നേരെ മുട്ടയേറ് നടന്നെന്നാണ് സംശയിക്കുന്നത്. ഇതിന് തെളിവായി ബസിന്റെ ഷാസിക്ക് മുകളിൽ പൊട്ടിയ മുട്ടയുടെ അവശിഷ്ടങ്ങൾ കണ്ടെത്തി. ഇതിന്റെ വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ അടക്കം പ്രചരിക്കുന്നുണ്ട്.

ബസ് അപകടത്തിൽപെട്ട ബിഡദി മേഖലയിൽ വെച്ച് മറ്റൊരു കെ.എസ്.ആർ.ടി.സി ബസിന്റെ മുൻഗ്ലാസിലേക്ക് വീണ്ടും മുട്ടയേറുണ്ടായ പശ്ചാത്തലത്തിലാണ് സംശയം ബലപ്പെടുന്നത്. ഇതുസംബന്ധിച്ച് സമഗ്രമായ ഫൊറൻസിക് അന്വേഷണം ആവശ്യപ്പെട്ട് ഗതാഗത മന്ത്രി സി.പി. ജോൺ കർണാടക സർക്കാറിന് കത്തയച്ചു. കെ.എസ്.ആർ.ടി.സി നേരത്തേ കർണാടക പൊലീസിലും പരാതി നൽകിയിരുന്നു.

ആഗസ്റ്റ് എട്ടിന് കോഴിക്കോട്ടു നിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്ന ഡീലക്സ് ബസ് നിയന്ത്രണംവിട്ട് ഡിവൈഡറിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. പുലർച്ചെയായിരുന്നു അപകടം. സംഭവത്തിൽ ഡ്രൈവറും കണ്ടക്ടറും മരണപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സാരമായി പരിക്കേറ്റ മൂന്നുപേർ ഇപ്പോഴും കർണാടകയിലെ ആശുപത്രികളിൽ ചികിത്സയിലാണ്.

ഈ അപകടം നടന്ന ആവരഗെരെ റെയിൽവേ മേൽപ്പാലത്തിന് രണ്ട് കിലോമീറ്റർ മാത്രം അകലെ ബുധനാഴ്ച രാത്രി 9.10 ഓടെ മുട്ടയേറുണ്ടായി. ബംഗളൂരുവിൽ നിന്ന് കാസർകോട്ടേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർ ഡീലക്‌സ് ബസിന് നേരെ രണ്ടു ബൈക്കുകളിൽ എത്തിയ അഞ്ചംഗ സംഘമാണ് മുട്ടയെറിഞ്ഞത്.

വാഹനത്തിലെ വൈപ്പർ ഉപയോഗിച്ചാൽ മുട്ടയിലെ പ്രോട്ടീൻ ഗ്ലാസിലാകെ പടർന്ന് കാഴ്ച പൂർണമായും മറയുന്ന തന്ത്രമാണ് കൊള്ളസംഘങ്ങൾ ഉപയോഗിക്കുന്നത്. ബംഗളൂരു -മൈസൂരു പാതയിലും മാനന്തവാടി, സുൽത്താൻ ബത്തേരി പാതകളിലും വാഹനങ്ങൾക്ക് നേരെ വ്യാജ അപകടങ്ങളുണ്ടാക്കിയും മുട്ടയെറിഞ്ഞും കൊള്ളയടിക്കുന്ന സംഘങ്ങൾ കർണാടകയിൽ സജീവമാണെന്ന പരാതി നേരത്തെ തന്നെ പല മലയാളി യാത്രക്കാരും ഉയർത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ksrtc accidentCP Johnegg thrownBengaluruKerala
Next Story