ബംഗളൂരു മയക്കുമരുന്ന് കേസ്: അന്വേഷണം സ്വർണ, മനുഷ്യക്കടത്തിലേക്കും
text_fieldsതിരുവനന്തപുരം: ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട എൻേഫാഴ്സ്മെൻറ് ഡയറക്ടറേറ്റ് അന്വേഷണം തിരുവനന്തപുരം വിമാനത്താവളം വഴി നടന്ന സ്വർണക്കടത്തിലേക്കും മനുഷ്യക്കടത്തിലേക്കും നീളുന്നു. സ്വർണക്കടത്തിൽ സംശയ നിഴലിലുള്ള അബ്ദുൽ ലത്തീഫ് ബിനീഷ് കോടിയേരിയുടെ ബിനാമിയാണെന്ന വിലയിരുത്തലിെൻറ അടിസ്ഥാനത്തിലാണിത്. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട മറ്റുചിലരെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. ബംഗളൂരു മയക്കുമരുന്ന് കേസും സ്വർണക്കടത്തും തമ്മിൽ ബന്ധമുണ്ടെന്നാണ് അന്വേഷണ ഏജൻസികൾ പറയുന്നത്.
ലത്തീഫ് നടത്തുന്ന പല സ്ഥാപനങ്ങളിലും ബിനീഷിന് നിക്ഷേപമുണ്ടെന്ന വിലയിരുത്തലിലാണ് ഇ.ഡി. സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്നയെ ചൊവ്വാഴ്ച ചോദ്യം ചെയ്തപ്പോൾ ബിനീഷ്, ലത്തീഫ് എന്നിവരുമായുള്ള ബന്ധത്തിൽ വ്യക്തത വന്നെന്നാണ് വിവരം. അതിെൻറ കൂടി അടിസ്ഥാനത്തിലാണ് ലത്തീഫിെൻറ സ്ഥാപനങ്ങളിലുൾപ്പെടെ പരിശോധന നടത്താൻ തീരുമാനിച്ചത്. യു.എ.ഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട ഇടപാടുകളിലും ലത്തീഫിന് ബന്ധമുള്ള സ്ഥാപനങ്ങൾക്ക് പങ്കുണ്ടെന്ന് കണ്ടെത്തി.
2018ൽ പ്രളയത്തിൽ തകർന്ന വീടുകളുടെ അറ്റകുറ്റപ്പണിക്ക് യു.എ.ഇ കോൺസുലേറ്റ് അനുവദിച്ച തുക കാർ പാലസ് എന്ന സ്ഥാപനം നടത്തുന്ന അബ്ദുൽ ലത്തീഫ് വഴിയാണ് ചെലവഴിച്ചതെന്നും അതിന് കമീഷൻ ലഭിച്ചെന്നും സ്വപ്ന മൊഴി നൽകിയിരുന്നു. കോൺസുലേറ്റുമായി ബന്ധപ്പെട്ട ഇടപാടുകളിൽ ഡോളർ കൈമാറിയ സ്ഥാപനവുമായി ലത്തീഫിനുള്ള ബന്ധവും അന്വേഷിക്കുന്നുണ്ട്. ഇൗ സ്ഥാപനങ്ങളിൽ ബിനീഷിന് ബിനാമി ബന്ധമുണ്ടെന്ന സംശയം ഇ.ഡിക്കുണ്ട്. മനുഷ്യകടത്ത് സംഘാംഗങ്ങളുമായി മുഹമ്മദ് അനൂപിന് ബന്ധമുണ്ടെന്നതിനും തെളിവുണ്ട്.