ബംഗളൂരു– കോഴിക്കോട് ബസ് സർവിസ് പുനരാരംഭിച്ചു
text_fieldsബംഗളൂരു: കേരള ആർ.ടി.സിയുടെ ബംഗളൂരുവിൽനിന്ന് കോഴിക്കോേട്ടക്കുള്ള ബസ് സർവിസ് പുനരാരംഭിച്ചു. പ്രളയത്തെത്തുടർന്ന് കഴിഞ്ഞദിവസം കേരളത്തിലേക്കുള്ള ബസ് സർവിസുകൾ കേരള, കർണാടക ആർ.ടി.സികൾ നിർത്തിവെച്ചിരുന്നു. നിലവിൽ േകരള ആർ.ടി.സിയുടെ ബസുകളാണ് കോഴിക്കോട്ടുനിന്ന് ബംഗളൂരുവിലേക്കും തിരിച്ചും സർവിസ് ആരംഭിച്ചത്. കേരളത്തിലെ മറ്റു ജില്ലകളിൽനിന്ന് ബസുകൾ ബംഗളൂരുവിൽ എത്തുന്നമുറക്ക് ശനിയാഴ്ച മുതൽ മറ്റു സർവിസുകളും ആരംഭിക്കാനാകുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
വെള്ളിയാഴ്ച ബംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്ക് ആറു സർവിസുകളാണ് ഒാപറേറ്റ് ചെയ്തത്. കോഴിക്കോടുനിന്ന് വെള്ളിയാഴ്ച ഉച്ചക്കുശേഷം ബംഗളൂരുവിലേക്ക് സർവിസ് ആരംഭിച്ചിട്ടുണ്ട്. ആറോളം സർവിസുകളാണ് ബംഗളൂരുവിലേക്ക് വെള്ളിയാഴ്ച ഒാപറേറ്റ് ചെയ്തത്. എക്സ്പ്രസ്, ഡീലക്സ് സർവിസുകളാണ് നിലവിൽ ആരംഭിച്ചിട്ടുള്ളത്. അതേസമയം, കർണാടക ആർ.ടി.സിയുടെ കോഴിക്കോേട്ടക്ക് ഉൾപ്പെടെയുള്ള ബസ് സർവിസുകൾ പുനരാരംഭിച്ചിട്ടില്ല. പാലക്കോടുനിന്നു മാത്രമാണ് ബംഗളൂരുവിലേക്കും തിരിച്ചും കർണാടക ആർ.ടി.സി സർവിസ് നടത്തുന്നത്. ശനിയാഴ്ച മുതൽ സ്ഥിതിഗതികൾ വിലയിരുത്തിയശേഷം സർവിസുകൾ പുനരാരംഭിക്കുമെന്ന് കർണാടക ആർ.ടി.സി അധികൃതർ അറിയിച്ചു.
