ബംഗാളിലെ കശാപ്പ് നിയന്ത്രണത്തിൽ ഹിന്ദു കർഷകർ ബി.ജെ.പിക്കെതിരെ
text_fieldsന്യൂഡൽഹി: പശ്ചിമ ബംഗാളിലെ സുവേന്ദു അധികാരി സർക്കാർ 1950 ലെ കശാപ്പ് നിയന്ത്രണ നിയമം കർശനമായി നടപ്പാക്കാൻ തീരുമാനിച്ചതോടെ ഗ്രാമീണ സമ്പദ്വ്യവസ്ഥക്ക് 30,000 കോടിയുടെ നഷ്ടം. കന്നുകാലി വളർത്തലിലും കച്ചവടത്തിലും ഏർപ്പെട്ടിരിക്കുന്ന ലക്ഷക്കണക്കിനാളുകളുടെ ഉപജീവന മാർഗത്തിന് പ്രഹരമേറ്റതോടെ ഹിന്ദു കർഷകർ പ്രതിഷേധവുമായി രംഗത്ത്.
ബലിപെരുന്നാളിന് മുന്നോടിയായി വ്യാപാരം തകൃതിയായി നടക്കേണ്ട സമയത്താണ് പുതിയ സർക്കാർ പഴയ നിയമം കർക്കശമായി നടപ്പാക്കാൻ തീരുമാനമെടുത്തത്. കന്നുകാലികളെ വളർത്തുന്ന കർഷകർ, കച്ചവടത്തിൽ ഏർപ്പെട്ടിരിക്കുന്നവർ, തുകൽ വ്യാപാരികൾ എന്നിവരാണ് കടുത്ത പ്രതിസന്ധിയിലും കടക്കെണിയിലും പെട്ടിരിക്കുന്നത്. വളർത്തി വലുതാക്കിയ കന്നുകാലികളെ വിൽക്കാനാകാതെ കർഷകർ വിഷമിക്കുമ്പോൾ, മാംസ വ്യാപാരത്തിനും തുകൽ വ്യവസായത്തിനുമായി വാങ്ങാനാകാതെ വ്യാപാരികളും ബുദ്ധിമുട്ടുകയാണ്.
തുകൽ വ്യാപാരികളുടെ ഫാക്ടറികൾ അടച്ചുപൂട്ടൽ ഭീഷണിയാണ് നേരിടുന്നത്. ആയിരക്കണക്കിന് തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടുന്ന സ്ഥിതിയാണ് സംജാതമാകുക.
ഭരണകൂടത്തിന്റെ ഉത്തരവനുസരിച്ച് കാള, പശു, എരുമ, കിടാക്കൾ എന്നിവ ഉൾപ്പെടെ എല്ലാ കന്നുകാലികളുടെയും കശാപ്പിനാണ് നിയന്ത്രണമുള്ളത്. കശാപ്പ് ചെയ്യാനുള്ള കന്നുകാലിക്ക് 14 വയസ്സിൽ കൂടുതൽ പ്രായമായിരിക്കണം, പ്രത്യുൽപാദനശേഷി കഴിഞ്ഞതായിരിക്കണം, ഭേദപ്പെടാത്ത രോഗമുള്ളതായിരിക്കണം എന്നതൊക്കെയാണ് വ്യവസ്ഥകൾ. ബന്ധപ്പെട്ട പഞ്ചായത്ത് അധികാരിയുടെയും മൃഗഡോക്ടറുടെയും രേഖാമൂലമുള്ള സർട്ടിഫിക്കറ്റ് നേടുകയും വേണമെന്നാണ് നിബന്ധന. നിയമലംഘനം നടത്തുന്നവർക്ക് ആറ് മാസം വരെ തടവും പിഴയുമാണ് ശിക്ഷ.
സർക്കാറിന്റെ ഉത്തരവ് ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചവർക്കും നിരാശയായിരുന്നു ഫലം. ഉത്തരവ് സ്റ്റേ ചെയ്യാൻ കോടതി വിസമ്മതിക്കുകയാണ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

