ബിഷപ്സ് ഹൗസിന് മുന്നിൽ വിശ്വാസികളുടെ സൂചന സമരം
text_fieldsകൊച്ചി: എറണാകുളം അതിരൂപതയിൽ ജനാഭിമുഖ കുർബാന മാത്രമേ അനുവദിക്കൂവെന്ന് പ്രതിജ്ഞയെടുത്ത് ബിഷപ്സ് ഹൗസിന് മുന്നിൽ സൂചന ഉപരോധവുമായി വിശ്വാസികൾ.
അതിരൂപതയിലെ വിശ്വാസികളുടെയും വൈദികരുടെയും നിലപാട് മനസ്സിലാക്കാനോ അത് മാർപാപ്പയെ ധരിപ്പിക്കാനോ കഴിയാത്ത അഡ്മിനിസ്ട്രേറ്റർ മാർ ആൻഡ്രൂസ് താഴത്തിനെ ബഹിഷ്കരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഉപരോധം.
മാർ ആൻഡ്രൂസ് താഴത്ത് രാജിവെക്കുക, എറണാകുളം അതിരൂപതയെ ലിറ്റർജിക്കൽ വേരിയന്റായി പ്രഖ്യാപിക്കുക, പുറമെ നിന്നുള്ളവരുടെ അതിരൂപത ഭരണം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുമായി അടുത്ത ദിവസങ്ങളിൽ പ്രതിരോധം ശക്തമാക്കുമെന്ന് അൽമായ മുന്നേറ്റം ഭാരവാഹികൾ പറഞ്ഞു.
ഭൂമി കുംഭകോണത്തിലും കുർബാന പ്രശ്നത്തിലും ഇനി മാർപാപ്പ ഇടപെടില്ലെന്ന് തന്നെയാണ് ലഭ്യമാകുന്ന വിവരങ്ങളെന്നും അതിരൂപതയിലെ വിശ്വാസികളുടെയും വൈദികരുടെയും നിലപാട് വത്തിക്കാനെ അറിയിക്കുമെന്ന് വാക്ക് പറഞ്ഞിട്ട് അവിടെ പോയി നുണ പറഞ്ഞ് സിനഡ് കുർബാന അടിച്ചേൽപിക്കാനാണ് മാർ ആൻഡ്രൂസ് താഴത്ത് ശ്രമിച്ചതെന്നും ഉപരോധസമരം ഉദ്ഘാടനം ചെയ്ത ഷൈജു ആന്റണി പറഞ്ഞു. വരും ദിവസങ്ങളിൽ വിശ്വാസികൾ രാപ്പകൽ പ്രതിഷേധവുമായി ബിഷപ്സ് ഹൗസിൽ ഒന്നിക്കുമെന്നും അൽമായ മുന്നേറ്റം അറിയിച്ചു. ഓരോ ദിവസവും ഓരോ ഫൊറോന തിരിച്ച് വിശ്വാസികൾ ഉപരോധം തുടരും.
ഞായറാഴ്ച നടന്ന സൂചന സമരത്തിൽ അൽമായ മുന്നേറ്റം കൺവീനർ ജെമി അഗസ്റ്റിൻ, വക്താവ് റിജു കാഞ്ഞൂക്കാരൻ, സെക്രട്ടറി ജോൺ കല്ലൂക്കാരൻ എന്നിവർ സംസാരിച്ചു.
ബസിലിക്ക കൂട്ടായ്മ, പീപ്പിൾ ഓഫ് ഗോഡ്, അൽമായ മുന്നേറ്റം എന്നിവ സംയുക്തമായിട്ടായിരുന്നു സമരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

