ബിഷപ്സ് ഹൗസിന് മുന്നിൽ പ്രതിഷേധവുമായി ഇരുവിഭാഗം വിശ്വാസികൾ; ഫാ. തരിയൻ ഞാളിയത്തിനെ പുറത്താക്കണമെന്ന് അൽമായ മുന്നേറ്റം
text_fieldsകൊച്ചി: ഒരിടവേളക്കുശേഷം എറണാകുളം ബിഷപ്സ് ഹൗസിന് മുന്നിൽ പ്രതിഷേധവുമായി ഇരുവിഭാഗം വിശ്വാസികളെത്തി. എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ നിരന്തരം കലാപത്തിന് ശ്രമിക്കുന്ന ഫാ. തരിയൻ ഞാളിയത്തിനെ ഉടൻ ബസിലിക്കയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് അൽമായ മുന്നേറ്റം അതിരൂപത സമിതിയാണ് ആദ്യം പ്രതിഷേധം സംഘടിപ്പിച്ചത്.
നടപടി ഉടൻ എടുത്തില്ലെങ്കിൽ വരും ദിവസങ്ങളിൽ ശക്തമായ സമരത്തിന് തുടക്കം കുറിക്കുമെന്ന് ബിഷപ് ഹൗസിന് മുന്നിൽ നടത്തിയ പ്രതിഷേധയോഗത്തിൽ ഇവർ വ്യക്തമാക്കി. റാലിക്കും പ്രതിഷേധത്തിനും അൽമായ മുന്നേറ്റം പ്രസിഡന്റ് ഷൈജു ആന്റണി, വക്താവ് റിജു കാഞ്ഞൂക്കാരൻ, തങ്കച്ചൻ പേരയിൽ, പ്രകാശ് പി. ജോൺ, ബോബി ജോൺ തുടങ്ങിയവർ നേതൃത്വം നൽകി.
ഇവർ പ്രതിഷേധം അവസാനിപ്പിച്ച് മടങ്ങുന്നതിനിടെ മറ്റൊരുവിഭാഗം വിശ്വാസികൾ ഫാ. വർഗീസ് മണവാളനെതിരെ പ്രതിഷേധവുമായി എത്തി. അദ്ദേഹത്തോട് തിങ്കളാഴ്ച വൈകുന്നേരത്തിനുള്ളിൽ ബസിലിക്കയിൽനിന്ന് ഒഴിയാൻ സിറോ മലബാർ സഭ മേജർ ആർച് ബിഷപ് മാർ റാഫേൽ തട്ടിൽ അന്ത്യശാസനം നൽകിയത് ചൂണ്ടിക്കാട്ടിയാണ് ഇവരെത്തിയത്.
സ്ഥലം മാറ്റം നൽകിയിട്ടും അനധികൃതമായി വിമത വിഭാഗത്തിന്റെ പിന്തുണയോടെ തുടരുകയാണ് മുൻ വികാരി ഫാ. വർഗീസ് മണവാളനെന്ന് പ്രതിഷേധക്കാർ പറഞ്ഞു. സംഘർഷസാധ്യത മുന്നിൽക്കണ്ട് പൊലീസും സ്ഥലത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

