Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബീമാപള്ളി വെടിവെപ്പ്:...

ബീമാപള്ളി വെടിവെപ്പ്: 17 വർഷം പിന്നിട്ടിട്ടും നീതി അകലെ...

text_fields
bookmark_border
ബീമാപള്ളി വെടിവെപ്പ്: 17 വർഷം പിന്നിട്ടിട്ടും നീതി അകലെ...
cancel

തിരുവനന്തപുരം: ഭരണകൂട ഭീകരതയുടെ കറുത്ത അധ്യായമായ ബീമാപള്ളി പൊലീസ് വെടിവെപ്പിന് 17 വർഷം തികയുമ്പോഴും ഇരകൾക്ക് നീതി അകലെത്തന്നെ. 2009 മേയ് 17-ന് തലസ്ഥാന നഗരിയിലെ ബീമാപള്ളിയിൽ പൊലീസ് നടത്തിയ വെടിവെപ്പിൽ ഒരു 16 വയസ്സുകാരൻ ഉൾപ്പെടെ ആറുപേരാണ് കൊല്ലപ്പെട്ടത്. അമ്പതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കേരള ചരിത്രത്തിലെ രണ്ടാമത്തെ വലിയ പൊലീസ് വെടിവെപ്പായ ഈ സംഭവം, മുസ്‍ലിം സമൂഹത്തെ ലക്ഷ്യമിട്ട് സംസ്ഥാന ഭരണകൂടം നടത്തിയ ആസൂത്രിത അക്രമമാണെന്ന ആക്ഷേപം ശക്തമാണ്.

സംഭവത്തിന് പിന്നിൽ

ഒരു ചായക്കടയിലെ ബില്ല് നൽകാൻ വിസമ്മതിച്ച ഗുണ്ടയുമായി ബന്ധപ്പെട്ട് ബീമാപള്ളിയിലെയും സമീപപ്രദേശമായ ചെറിയതുറയിലെയും ജനങ്ങൾ തമ്മിലുണ്ടായ തർക്കമാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് സബ് കലക്ടറുടെ സാന്നിധ്യത്തിൽ ഇരുവിഭാഗങ്ങളും തമ്മിൽ ചർച്ച നടത്തുകയും പ്രസ്തുത ഗുണ്ടയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിടുകയും ചെയ്തെങ്കിലും പൊലീസ് അത് നടപ്പിലാക്കിയില്ല. അടുത്ത മാസം പള്ളിയിൽ നടക്കാനിരിക്കുന്ന 'ഉറൂസ്' നടത്താൻ അനുവദിക്കില്ലെന്ന് ഈ ഗുണ്ട പരസ്യമായി വെല്ലുവിളിച്ചിരുന്നു. തുടർന്ന് ഇയാൾ വീണ്ടും പ്രശ്നങ്ങൾ സൃഷ്ടിച്ചതോടെ, അടുത്ത ദിവസം പുലർച്ചെ ചെറിയതുറ, വലിയതുറ മേഖലകളിൽ വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചു. ജനങ്ങൾ തെരുവിൽ സംഘടിക്കുകയും തീരദേശത്ത് നിന്ന് പിരിഞ്ഞുപോകാൻ വിസമ്മതിക്കുകയും ചെയ്തതോടെ സ്ഥിതിഗതികൾ സങ്കീർണ്ണമായി.

ഈ സംഘർഷാവസ്ഥയ്ക്കിടയിലാണ് ഉച്ചയ്ക്ക് 2.30 ഓടെ പൊലീസ് ജനങ്ങൾക്ക് നേരെ വെടിയുതിർത്തത്. അഞ്ച് പേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിലുമാണ് മരണപ്പെട്ടത്. എൻ.സി.എച്ച്.ആർ.ഒ തയ്യാറാക്കിയ വസ്തുതാന്വേഷണ റിപ്പോർട്ട് പ്രകാരം പരിക്കേറ്റ 52 പേരിൽ 27 പേർക്ക് വെടിയേറ്റായിരുന്നു പരിക്ക്. സെയ്താലി (24), അഹമ്മദലി (45), അബ്ദുൽ ഹമീദ് (27), ബാദുഷ (34), അബ്ദുൽ ഗനി (55), ഫിറോസ് (16) എന്നിവരാണ് അന്ന് പൊലീസിന്റെ ക്രൂരതയ്ക്ക് ഇരയായി ജീവൻ വെടിഞ്ഞത്. 16 വയസ്സുകാരനായ ഫിറോസിനെ ബയണറ്റ് ഉപയോഗിച്ച് കുത്തിയാണ് പൊലീസ് കൊലപ്പെടുത്തിയതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

കമ്മീഷൻ റിപ്പോർട്ടും രാഷ്ട്രീയ ഒത്തുകളികളും

എൽ.ഡി.എഫ് ഭരണകാലത്ത് വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തരമന്ത്രിയുമായിരിക്കുമ്പോഴാണ് ബീമാപള്ളി വെടിവെപ്പ് നടക്കുന്നത്. സംഭവത്തെ തുടർന്ന് നാല് പൊലീസുകാരെ സസ്പെൻഡ് ചെയ്യുകയും സിറ്റി പൊലീസ് കമ്മീഷണറെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. തുടർന്ന് വെടിവെപ്പിനെക്കുറിച്ച് അന്വേഷിക്കാൻ ജില്ല ജഡ്ജി കെ. രാമകൃഷ്ണന്റെ നേതൃത്വത്തിൽ ജുഡീഷ്യൽ കമീഷനെ നിയോഗിച്ചു. കമീഷൻ 2012 ജനുവരിയിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് റിപ്പോർട്ട് സമർപ്പിച്ചെങ്കിലും, ഇതുവരെ പരസ്യപ്പെടുത്താൻ സർക്കാർ തയ്യാറായിട്ടില്ല.

ജസ്റ്റിസ് രാമകൃഷ്ണൻ കമ്മീഷൻ റിപ്പോർട്ട് 2011 വരെ എൽ.ഡി.എഫ് സർക്കാർ പൂഴ്ത്തിവെച്ചു. തുടർന്ന് വന്ന യു.ഡി.എഫ് സർക്കാരും ഈ റിപ്പോർട്ട് നിയമസഭയിൽ ചർച്ച ചെയ്യാൻ താല്പര്യം കാണിച്ചില്ല. മാത്രമല്ല, പ്രതികളായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയുള്ള കേസുകൾ പിൻവലിക്കാൻ ക്രൈംബ്രാഞ്ച് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കുകയുമുണ്ടായി. രാഷ്ട്രീയ ഭേദമന്യേ ഇരുമുന്നണികളും ഈ വിഷയത്തിൽ ഒരേ നിലപാടാണ് സ്വീകരിച്ചത്.

പൊലീസ് വെടിവെപ്പ് ന്യായീകരിക്കത്തക്കതാണെന്നും വൻതോതിലുള്ള വർഗീയ കലാപം തടഞ്ഞത് പൊലീസിന്റെ ഇടപെടലാണെന്നുമാണ് ജുഡീഷ്യൽ കമീഷൻ റിപ്പോർട്ട് ഉപസംഹരിച്ചത്. എന്നാൽ ബീമാപള്ളി മുസ്‍ലിം ജമാഅത്ത് ആക്ഷൻ കമ്മിറ്റി ഈ റിപ്പോർട്ട് പൂർണ്ണമായി തള്ളിക്കളഞ്ഞു. ഈ റിപ്പോർട്ട് ഇരകൾക്ക് ഒരു തരത്തിലുള്ള നീതിയും നൽകുന്നില്ലെന്നും, മുസ്‍ലിം സമൂഹത്തെ മോശം വെളിച്ചത്തിൽ ചിത്രീകരിക്കാനാണ് കമീഷൻ ശ്രമിച്ചതെന്നും ആരോപിച്ച സമിതി, കുറ്റക്കാരായ പൊലീസുകാർക്കെതിരെ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ടു.

സംഭവസ്ഥലത്ത് നിന്ന് സ്ഫോടകവസ്തുക്കൾ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്റെ ആവശ്യപ്രകാരം സി.ബി.ഐ അന്വേഷണം നടത്തിയിരുന്നു. എന്നാൽ കലാപവും സ്ഫോടകവസ്തുക്കളും തമ്മിൽ യാതൊരു ബന്ധവും കണ്ടെത്താനായില്ലെന്ന് വ്യക്തമാക്കി 2013-ൽ സി.ബി.ഐ കേസ് അവസാനിപ്പിച്ചുകൊണ്ട് ക്ലോഷർ റിപ്പോർട്ട് സമർപ്പിച്ചു.

മറച്ചുവെക്കപ്പെടുന്ന വസ്തുതകൾ

ബീമാപള്ളി വെടിവെപ്പിനെക്കുറിച്ച് പഠനം നടത്തിയ മലയാളി ഗവേഷകൻ അഷ്റഫ് കുന്നുമ്മൽ പറയുന്നത് ഇങ്ങനെയാണ് "സമീപത്തെ ലത്തീൻ കത്തോലിക്കാ സമൂഹത്തെയും പള്ളിയെയും ആക്രമിക്കാൻ ശ്രമിച്ച ബീമാപള്ളിയിലെ 'വർഗീയമായി പ്രകോപിതരായ ജനക്കൂട്ടത്തെ' നിയന്ത്രിക്കാനാണ് വെടിവെപ്പ് നടത്തിയതെന്നാണ് പൊലീസ് അവകാശപ്പെട്ടത്. എന്നാൽ പി.യു.സി.എൽ, എൻ.സി.എച്ച്.ആർ.ഒ തുടങ്ങിയ മനുഷ്യാവകാശ സംഘടനകളുടെ വസ്തുതാന്വേഷണ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത് മറ്റൊന്നാണ്. ബീമാപള്ളിയിൽ അക്കാലത്ത് യാതൊരുവിധ വർഗീയ സംഘർഷങ്ങളും നിലനിന്നിരുന്നില്ലെന്നാണ് അവരുടെ കണ്ടെത്തൽ''.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:minorityinjusticebeemapally police shooting
News Summary - Beemapally police firing: Justice remains elusive even after 17 years
Next Story