'ബീഡി ബിഹാർ' വിവാദം: കോൺഗ്രസ് ഡിജിറ്റൽ മീഡിയ ചെയർമാനായി വി.ടി ബൽറാമിന് പകരം ഹൈബി ഈഡൻ
text_fieldsതിരുവനന്തപുരം: മുന്‍ എം.എല്‍.എ വി.ടി. ബല്‍റാം ഒഴിഞ്ഞ കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പുതിയ ചെയര്‍മാനായി ഹൈബി ഈഡന്‍ എം.പിയെ തെരഞ്ഞെടുത്തു. ഡിജിറ്റല്‍ മീഡിയ സെല്‍ ഇനിമുതല്‍ സോഷ്യല്‍ മീഡിയ സെൽ എന്നാണ് അറിയപ്പെടുകയെന്നാണ് വിവരം.
സെപ്തംബർ മാസത്തിൽ കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ ബീഡി-ബീഹാര്‍ പോസ്റ്റ് വിവാദമായിരുന്നു. അതിന് പിന്നാലെ വി.ടി. ബല്‍റാം രാജിവെച്ചുവെന്ന വിവരം പുറത്തുവന്നത്. എന്നാല്‍ വി.ടി. ബല്‍റാമിന്റെ രാജി കെ.പി.സി.സി അംഗീകരിച്ചിരുന്നില്ല. ചെയര്‍മാന്‍ സ്ഥാനത്ത് തുടരണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ജി.എസ്.ടി പരിഷ്കരണത്തെ പരിഹസിച്ച് കോൺഗ്രസിന്റെ കേരള ഘടകം എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പാണ് വിവാദമായത്. ‘ബീഡിയും ബിഹാറും തുടങ്ങുന്നത് ബിയിൽ നിന്നാണ്’ എന്ന പോസ്റ്റാണ് വിവാദത്തിന് തിരിക്കൊളുത്തിയത്. ബിഹാറിൽ രാഹുൽ ഗാന്ധിയുടെ വോട്ട് അധികാർ യാത്ര സമാപിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു വിവാദ പോസ്റ്റ്. പുകയില ഉൽപന്നങ്ങളുടെ ജി.എസ്.ടി വെട്ടിക്കുറച്ചതിനെ ഉദ്ദേശിച്ചായിരുന്നു കോൺഗ്രസിന്റെ പോസ്റ്റ്. ബിഹാറിനെ ഇകഴ്ത്തി കാണിച്ചെ പറഞ്ഞായിരുന്നു വിവാദം ഉണ്ടായത്. ബി.ജെ.പിയും തേജസ്വി യാദവും ഇടതുപക്ഷവും അടക്കമുള്ളവർ പ്രതിഷേധം ഉയർത്തിയതോടെ പോസ്റ്റ് നീക്കം ചെയ്തു.
പുകയില ഉൽപ്പന്നങ്ങളുടെ ജി.എസ്.ടി വെട്ടിക്കുറച്ചതിനാൽ ഇനി അത് പാപമായി കണക്കാക്കാൻ കഴിയില്ലെന്നും പോസ്റ്റിൽ പറഞ്ഞിരുന്നു. ബി.ജെ.പി ദേശീയതലത്തിൽ തന്നെ ഈ പോസ്റ്റ് ചർച്ചാവിഷയമാക്കി. വിഷയത്തിൽ ജാഗ്രതക്കുറവ് ഉണ്ടായെന്നും തെറ്റുപറ്റിയെന്നും കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞിരുന്നു. സോഷ്യൽ മീഡിയ വിങ് പുനഃസംഘടിപ്പിക്കുമെന്നും സണ്ണി ജോസഫ് അറിയിച്ചിരുന്നു.
പോസ്റ്റിനെക്കുറിച്ച് പാര്‍ട്ടിക്കുള്ളിലും ഇന്ത്യാ സഖ്യത്തിലും വൻ എതിർപ്പാണ് ഉണ്ടായത്. ബിഹാറിനെ കോണ്‍ഗ്രസ് അവഹേളിച്ചെന്ന് ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി വിമര്‍ശിച്ചു. എ.ഐ.സി.സിയും സംസ്ഥാന നേതൃത്വത്തെ കടുത്ത എതിര്‍പ്പ് അറിയിച്ചു. പ്രാദേശിക വികാരം വ്രണപ്പെടുത്തിയെന്ന് തേജസ്വി യാദവും പരസ്യമായി കുറ്റപ്പെടുത്തിയിരുന്നു.
"കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ ഭാഗമായി എക്‌സ് പ്ലാറ്റ്‌ഫോമില്‍ പോസ്റ്റുകള്‍ തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നത് പാര്‍ട്ടി അനുഭാവികളായ ഒരു കൂട്ടം പ്രൊഫഷണലുകളാണ്. കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രതികരണങ്ങള്‍ തയ്യാറാക്കുക എന്നതാണ് അവര്‍ക്ക് നല്‍കിയ ചുമതല. ദേശീയ വിഷയങ്ങളില്‍ പോസ്റ്റുകള്‍ തയ്യാറാക്കുമ്പോള്‍ എ.ഐ.സി.സിയുടെ നിലപാടുകള്‍ക്കും നിര്‍ദേശങ്ങള്‍ക്കുമനുസരിച്ചാണ് അവര്‍ പ്രവര്‍ത്തിക്കേണ്ടത്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി ബീഹാറുമായി ബന്ധപ്പെട്ട ഒരു വിവാദ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ഡി.എം.സിയുടെ ചുമതല വഹിക്കുന്ന കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി ബല്‍റാമും പാര്‍ട്ടി നേതൃത്വവും എക്‌സ് പ്ലാറ്റ്‌ഫോം ടീമിനോട് അതിലെ അനൗചിത്യം ചൂണ്ടിക്കാണിക്കുകയും ആ പോസ്റ്റ് പാര്‍ട്ടി നിലപാടിന് വിരുദ്ധമായതിനാല്‍ ഉടന്‍ തന്നെ നീക്കം ചെയ്യാന്‍ ആവശ്യപ്പെടുകയും അവര്‍ അതനുസരിച്ച് പോസ്റ്റ് നീക്കം ചെയ്യുകയുമാണ് ഉണ്ടായിട്ടുള്ളത്.
എന്നാല്‍ ഇതിനെ ചില മാധ്യമങ്ങള്‍ വി.ടി ബല്‍റാമാണ് ഇത്തരത്തിലൊരു ട്വീറ്റ് ചെയ്തതെന്ന രീതിയില്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്നത് ദൗര്‍ഭാഗ്യകരമാണ്. വി.ടി ബല്‍റാമിനെ പോലൊരാളെ വിവാദത്തിലാക്കാനും തേജോവധം ചെയ്യാനുമുള്ള ഒരവസരമാക്കി മന്ത്രിമാരടക്കമുള്ള സി.പി.എം നേതാക്കളും ചില മാധ്യമങ്ങളും ഈ സാഹചര്യത്തെ ദുരുപയോഗം ചെയ്യുകയാണ്.
വിവാദമായ എക്സ് പോസ്റ്റിന്റെ പശ്ചാത്തലത്തില്‍ വി.ടി ബല്‍റാം രാജിവെക്കുകയോ പാര്‍ട്ടി അദ്ദേഹത്തിനെതിരെ നടപടി എടുക്കുകയോ ചെയ്തിട്ടില്ല. കെ.പി.സി.സി വൈസ് പ്രസിഡന്റായ ബല്‍റാം അധികചുമതലയായി വഹിക്കുന്ന ഡി.എം.സി ചെയര്‍മാന്‍ പദവിയില്‍ അദ്ദേഹം ഇപ്പോഴും തുടരുകയാണ്. എന്നാല്‍ അദ്ദേഹത്തിന്റെ കൂടി അഭിപ്രായം അനുസരിച്ച് വരുന്ന പഞ്ചായത്ത്, നിയമസഭ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയുടെ സാമൂഹ്യ മാധ്യമ വിഭാഗം പുനഃസംഘടിപ്പിക്കാനുള്ള നടപടികള്‍ പാര്‍ട്ടിയുടെ അജണ്ടയിലുണ്ട്." എന്ന് സണ്ണി ജോസഫ് പ്രതികരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

