ഫാൻ കത്തിവീണ് പൊള്ളലേറ്റ് വീട്ടമ്മ മരിച്ചു; പക്ഷാഘാതം ബാധിച്ചതിനാൽ രക്ഷപ്പെടാൻ കഴിഞ്ഞില്ല
text_fieldsകുറ്റ്യാടി (കോഴിക്കോട്): വീട്ടിലെ വാൾഫാൻ കത്തിവീണ് പൊള്ളലേറ്റ കിടപ്പുരോഗിയായ വീട്ടമ്മ മരിച്ചു. വടയം ചുണ്ടേമ്മൽ പാത്തുവാണ് (75) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. ഷോർട്ട്സർക്യൂട്ട് കാരണം തീപിടിച്ച ഫാൻ ഉരുകി ചുമരിൽനിന്ന് വേർപെട്ട് കിടപ്പുമുറിയിലെ സോഫയിൽ പതിക്കുകയായിരുന്നു. സോഫക്ക് പിടിച്ച തീ കിടക്കയിലേക്കും പടരുകയായിരുന്നത്രെ.
ചൊവ്വാഴ്ച ഉച്ചക്കാണ് അപകടം. പക്ഷാഘാതം വന്ന് അനങ്ങാനും സംസാരിക്കാനും കഴിയാതെ കിടക്കുകയായിരുന്ന പാത്തുവിന് മുറിയിൽനിന്ന് രക്ഷപ്പെടാൻ കഴിഞ്ഞില്ല. മക്കൾ വീട്ടിന് പുറത്തായിരുന്നു. തീയുടെ ചൂടുകാരണം ജനൽ ഗ്ലാസ് പൊട്ടി പുറത്തേക്ക് പുകയുയരുന്നത് കണ്ട് അയൽക്കാരും മക്കളും ഓടിയെത്തി തീയണച്ച് പാത്തുവിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ബുധനാഴ്ച ഉച്ചക്ക് പന്ത്രണ്ടിനാണ് മരണം. കുറ്റ്യാടി പൊലീസ് ഇൻക്വസ്റ്റ് നടത്തി. വ്യാഴാഴ്ച ഉച്ചക്ക് ഒന്നരക്ക് നിട്ടൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
ഭർത്താവ്: പരേതനായ തെറ്റത്ത് അന്ത്രു. മക്കൾ: സാറ, ശരീഫ, മാമി, സഹീറ, മൊയ്തു (ദുബൈ), കുഞ്ഞമ്മദ്, ലതീഫ് ചുണ്ട (മുസ്ലിം യൂത്ത് ലീഗ് കുറ്റ്യാടി മണ്ഡലം കമ്മിറ്റി സെക്രട്ടറി). മരുമക്കൾ: ആലി (വെള്ളമുണ്ട), ഫാസിൽ (തളീക്കര കാഞ്ഞിരോളി), അമ്മദ് (കടിയങ്ങാട് പുറവൂർ), ജസീൽ (പേരാമ്പ്ര), ജസീല, ഹസീന, ഹസീന (മൂവരും വടയം).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

