കെ.എസ്.ആർ.ടി.സിയിൽ എം-പാനലിന് പകരം ഇനി ബെദലി വർക്കർ
text_fieldsപാലക്കാട്: വി.ആർ.എസ് വഴി സ്ഥിരം ജീവനക്കാരെ പിരിച്ചയക്കാൻ നടപടി ആരംഭിച്ച കെ.എസ്.ആർ.ടി.സിയിൽ തുടർന്നുള്ള നിയമനം ദിവസവേതന വ്യവസ്ഥയിൽ. ബെദലി വർക്കർ എന്ന പേരിലാണ് കണ്ടക്ടർമാരേയും ഡ്രൈവർമാരേയും ഇനി മുതൽ നിയമിക്കുക. ഇതിനായി, ജോലി ചെയ്യാൻ താൽപര്യമുള്ളവരുടെ പട്ടിക ജില്ലാതലങ്ങളിൽ തയാറാക്കുകയും ഹെഡ് ഓഫിസിലേക്ക് അംഗീകാരത്തിന് സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്.
എം-പാനൽ നിയമനത്തിന് ബദലായിട്ടാണ് ബെദലി വർക്കറെ നിയമിക്കുന്നത്. സ്വകാര്യവത്കരണം ലക്ഷ്യമിട്ട് രൂപവത്കരിച്ച സ്വിഫ്റ്റ് കമ്പനിയുടെ മാതൃക കോർപറേഷനിലും പിന്തുടരാനാണ് തീരുമാനം. ബെദലി വർക്കറായി നിയമിക്കപ്പെടുന്നവർക്ക് എട്ട് മണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപയായിരിക്കും പ്രതിഫലം. മറ്റു സർവിസ് ആനുകൂല്യങ്ങളൊന്നും ഇവർക്ക് ഉണ്ടായിരിക്കില്ല. കെ.എസ്.ആർ.ടി.സിയിൽ എം-പാനലായും മറ്റും അഞ്ച് വർഷം പ്രവൃത്തി പരിചയമുള്ളവർക്കും സ്വകാര്യ മേഖലയിൽ അഞ്ച് വർഷം ക്ഷേമനിധി അംഗത്വത്തോടെ പ്രവൃത്തി പരിചയമുള്ളവർക്കും നിയമനത്തിൽ മുൻഗണന ലഭിക്കും. മുൻ വർഷങ്ങളിൽ പി.എസ്.സി ലിസ്റ്റിൽ ഉണ്ടായിരുന്ന, അഡ്വൈസ് ചെയ്യപ്പെടാതെ പോയവർക്കും മുൻഗണനയുണ്ടാകും.
കോവിഡ് പ്രതിസന്ധിയെതുടർന്ന് ബസോട്ടം നിലച്ചപ്പോൾ പിരിച്ചുവിടപ്പെട്ട എം-പാനൽ ജീവനക്കാർക്ക് കെ.എസ്.ആർ.ടി.സി പുനർനിയമനം നൽകിയിട്ടില്ല. സംസ്ഥാനത്ത് ഏഴായിരത്തോളം എം-പാനൽ ജീവനക്കാരാണ് പിരിച്ചുവിടപ്പെട്ടത്. പത്തു വർഷത്തോളം സർവിസുള്ളവരും ഇക്കൂട്ടത്തിലുണ്ട്. താൽക്കാലിക നിയമനങ്ങൾക്കെതിരെ പഴയ പി.എസ്.സി റാങ്ക് ഹോൾഡർമാർ നിയമപോരാട്ടം ശക്തമാക്കുന്നതിനിടെയാണ് ദിവസവേതന വ്യവസ്ഥയിൽ വ്യാപക നിയമനത്തിന് കെ.എസ്.ആർ.ടി.സി മാനേജ്മെന്റ് നീക്കമാരംഭിച്ചത്. വൈകാതെതന്നെ ഇതുസംബന്ധിച്ചുള്ള ഉത്തരവിറങ്ങുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

