ബ്യൂട്ടിപാർലർ വെടിവെപ്പ് കേസ്: രണ്ടുപേർ കസ്റ്റഡിയിൽ
text_fieldsകൊച്ചി: ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിൽ അറസ്റ്റിലായ രണ്ട് പ്രതികളെ ക്രൈംബ്രാഞ്ചിെൻറ കസ്റ്റഡിയിൽ വിട്ടു. ഒന്നും രണ്ടും പ്രതികളായ ആലുവ എൻ.എ.ഡി കോമ്പാറ വെളുക്കോടൻവീട്ടിൽ ബിലാൽ (25), തേവര വാട്ടർ ടാങ്ക് റോഡ് വലിയതറ വീട്ടിൽ വിപിൻ വഗീസ് (30) എന്നിവരെയാണ് എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (സാമ്പത്തികം) കോടതി ഏപ്രിൽ 16വരെ ക്രൈംബ്രാഞ്ചിെൻറ കസ്റ്റഡിയിൽ വിട്ടത്.
ആക്രമണത്തിന് രണ്ടാംപ്രതി ഉപയോഗിച്ച ആയുധവും വാഹനവും ഗൂഢാലോചനയിലേർപ്പെട്ടവരെയും കണ്ടെത്താൻ പ്രതികളെ കസ്റ്റഡിയിൽ അനിവാര്യമാണെന്ന ക്രൈംബ്രാഞ്ച് വാദം കോടതി അംഗീകരിച്ചു. പ്രതികളുടെ അഭിഭാഷകനായ ബി.എ. ആളൂർ എതിർത്തെങ്കിലും കോടതി പരിഗണിച്ചില്ല. 2018 ഡിസംബർ 15നാണ് ബൈക്കിലെത്തിയ രണ്ടുപേർ എയർപിസ്റ്റൽ ഉപയോഗിച്ച് നടി ലീന മരിയ പോളിെൻറ കടവന്ത്രയിലെ ‘ദ െനയിൽ ആർട്ടിസ്ട്രി’ എന്ന ബ്യൂട്ടി പാർലറിനുനേരെ വെടിയുതിർത്തത്.
വെടിവെപ്പിന് ഒരുമാസം മുമ്പ് നടി ലീനയെ ഫോണിൽവിളിച്ച് കേസിലെ മൂന്നാംപ്രതി രവി പൂജാരി 25 കോടി ആവശ്യപ്പെട്ടിരുന്നു. ഒന്നാംപ്രതിക്കെതിരെ ആലുവ ഈസ്റ്റ്, തൊടുപുഴ, തൃക്കാക്കര സ്റ്റേഷനുകളിലായി ഏഴ് കേസുകളും രണ്ടാംപ്രതിക്കെതിരെ കടവന്ത്ര, എറണാകുളം സൗത്ത് സ്റ്റേഷനുകളിലായി രണ്ട് കേസുകളുള്ളതായും കൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. ഒന്നും രണ്ടും പ്രതികൾക്ക് ആക്രമണത്തിന് സൗകര്യം ചെയ്തുകൊടുത്തവരെ കണ്ടെത്തേണ്ടതുണ്ടെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. ഒരുമാസം മുമ്പ് മൂന്നാംപ്രതി കുപ്രസിദ്ധ കുറ്റവാളി രവി പൂജാരിയെ മാത്രം പ്രതിയാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിരുന്നു.
ഓഫർ 50 ലക്ഷം രൂപ, നൽകിയത് 45,000 രൂപ ക്വട്ടേഷൻ നൽകിയത് കാസർകോട്ടെ സംഘം മുഖേന
കൊച്ചി: നടി ലീന മരിയ പോളിെൻറ ബ്യൂട്ടി പാർലറിൽ വെടിവെപ്പ് നടത്തിയ സംഭവത്തിൽ വ്യാഴാഴ്ച രാത്രി അറസ്റ്റിലായത് മുംബൈ അധോലോക തലവൻ രവി പൂജാരിയുടെ കൂട്ടാളികൾ തന്നെ. ഇരുവരുമായി കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ബ്യൂട്ടി പാർലറിൽ തെളിവെടുപ്പ് നടത്തി. സംഭവവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച ഒരാളെക്കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. ആലുവ എൻ.എ.ഡി ഭാഗത്ത് കോമ്പാറ വെളുംക്കോടൻ വീട്ടിൽ ബിലാൽ (25), കടവന്ത്ര കൊച്ചു കടവന്ത്ര കസ്തൂർബ നഗർ പുത്തൻചിറ വീട്ടിൽ വിപിൻ വർഗീസ് (30) എന്നിവരെയാണ് കഴിഞ്ഞദിവസം ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്തിെൻറ നേതൃത്വത്തില്‍ ഡിവൈ.എസ്.പി ജോസി ചെറിയാൻ, ഇന്‍സ്പെക്ടര്‍ പി.എസ്. ഷിജി എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ഇവരെ സഹായിച്ച അൽത്താഫ് എന്നയാളാണ് കസ്റ്റഡിയിലുള്ളത്. ബിലാലിനെയും വിപിനെയും ചോദ്യംചെയ്തതിെൻറ അടിസ്ഥാനത്തിൽ വെടിവെക്കാനുപയോഗിച്ച റിവോൾവർ, പിസ്റ്റൾ, ജാക്കറ്റുകൾ, ഹെൽമറ്റ് എന്നിവ കണ്ടെടുത്തു. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിനായിരുന്നു തെളിവെടുപ്പ്.
നടി ലീന മരിയ പോളും രവി പൂജാരിയും തമ്മിൽ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. സംഭവത്തിന് ഒരുമാസം മുമ്പ് രവി പൂജാരി നടിയെ വിളിച്ച് 25 കോടി ആവശ്യപ്പെട്ട് ഭീഷണി മുഴക്കിയിരുന്നു. പണം നൽകിയില്ലെങ്കിൽ സ്ഥാപനവും താമസിക്കുന്ന സ്ഥലവും വെടിവെച്ചു തകർക്കുെമന്നായിരുന്നു ഭീഷണി. പലതവണ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസ് പറഞ്ഞു. പണം നൽകാതായപ്പോഴാണ് പൂജാരിയുടെ സംഘാംഗമായ കാസർകോട് സ്വദേശി വഴി പെരുമ്പാവൂരിലെ കുപ്രസിദ്ധ ഗുണ്ടാസംഘത്തിൽപെട്ട ബിലാലിന് 50 ലക്ഷം രൂപക്ക് ക്വട്ടേഷൻ നൽകിയത്. വെടിവെക്കാനുള്ള തോക്കും സഞ്ചരിക്കാനുള്ള ബൈക്കും കൊച്ചിയിൽ എത്തിച്ചുകൊടുത്തു. കഴിഞ്ഞ ഡിസംബർ 15ന് ബൈക്കിലെത്തിയ ബിലാലും വിപിനും പനമ്പിള്ളിനഗറിലെ ദ നെയിൽ ആർട്ടിസ്ട്രി എന്ന ബ്യൂട്ടിപാർലറിനുനേരെ രണ്ട് റൗണ്ട് വെടിയുതിർക്കുകയായിരുന്നു. രവി പൂജാരിയുടെ നിർദേശ പ്രകാരമാണ് ചെയ്തതെന്ന് വ്യക്തമാക്കുന്ന കുറിപ്പും സംഭവസ്ഥലത്ത് ഇവർ ഉപേക്ഷിച്ചു. ക്വട്ടേഷൻ തുകയായി ഇവർക്ക് കിട്ടിയത് 45,000 രൂപ മാത്രമാണ്.
സംഭവശേഷം ഇരുവരും ആലുവ എൻ.എ.ഡി ഭാഗത്ത് കാടിനകത്തെ ‘അമേരിക്ക’ എന്ന പേരിലറിയപ്പെടുന്ന ഒളിസങ്കേതത്തിലാണ് താമസിച്ചിരുന്നത്. പിന്നീട് കാസർകോട്ട് ഒളിവിൽ താമസിക്കുകയായിരുന്നു. പിടിയിലാവില്ലെന്ന വിശ്വാസത്തിൽ തിരിച്ചെത്തി കൊച്ചി നഗരത്തിൽ തന്നെ താമസിക്കുകയായിരുന്നു പ്രതികളെന്ന് ഐ.ജി ശ്രീജിത് പറഞ്ഞു. മുംബൈ, ബംഗളൂരു, മംഗലാപുരം എന്നിവിടങ്ങളിൽ കൊലപാതകം, വെടിവെപ്പ്, തട്ടിെക്കാണ്ടുപോവൽ തുടങ്ങിയ കേസുകളിൽ പ്രതിയായി രാജ്യംവിട്ട രവി പൂജാരിയെ ആഫ്രിക്കൻ രാജ്യമായ സെനഗലിൽ വെച്ച് ഇൻറർപോൾ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ ശ്രമം നടക്കുന്നതായി പൊലീസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
