ബ്യൂട്ടി പാർലർ വെടിവെപ്പ്: രവി പൂജാരിയെ കസ്റ്റഡിയിൽ വിട്ടു
text_fieldsകൊച്ചി: പനമ്പിള്ളിനഗറിലെ ബ്യൂട്ടിപാർലർ വെടിവെപ്പ് കേസിലെ പ്രധാന പ്രതിയും അധോലോക കുറ്റവാളിയുമായ രവി പൂജാരിയെ എട്ടുദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. ക്രൈംബ്രാഞ്ച് നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (സാമ്പത്തികം) കോടതിയാണ് പ്രതിയെ കസ്റ്റഡിയിൽ വിട്ടുനൽകിയത്. ബംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന ഇയാളെ രണ്ടുദിവസത്തിനകം കൊച്ചിയിലെത്തിക്കും.
കഴിഞ്ഞ മാർച്ച് മുതൽ കസ്റ്റഡിയിൽ വാങ്ങാൻ ക്രൈംബ്രാഞ്ച് ശ്രമം നടത്തുന്നുണ്ടെങ്കിലും വിജയിച്ചിരുന്നില്ല. അതിനുമുമ്പ് തന്നെ മുംബൈ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയതാണ് കേരളത്തിലേക്ക് കൊണ്ടുവരുന്നതിന് തടസ്സമായത്. കഴിഞ്ഞ ദിവസമാണ് മുംബൈ പൊലീസ് പൂജാരിയെ തിരികെ ബംഗളൂരു ജയിലിലെത്തിച്ചത്. മഹാരാഷ്ട്രയിൽ 49 കേസിൽ പ്രതിയാണ് രവി പൂജാരി.
2018 ഡിസംബർ 15നാണ് നടി ലീന മരിയ പോളിെൻറ പനമ്പിള്ളി നഗറിലെ ബ്യൂട്ടിപാർലറിൽ ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ രണ്ടുപേരാണ് ആക്രമണം നടത്തിയത്. ലീനയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ക്വട്ടേഷൻ നൽകിയതായാണ് രവി പൂജാരിക്കെതിരായ ആരോപണം. മൂന്നാം പ്രതിയാണിയാൾ. മറ്റ് പ്രതികൾ നേരത്തേ പിടിയിലായിരുന്നു.

