പോങ്ങുംമൂട് ജല അതോറിറ്റി ഓഫീസിലെ മർദനം: ഉദ്യോഗസ്ഥർക്കെതിരെയുള്ള തുടർനടപടി ജില്ലാ പൊലീസ് മേധാവിക്ക് തീരുമാനിക്കാം- മനുഷ്യാവകാശ കമീഷൻ
text_fieldsതിരുവനന്തപുരം: കുടിവെള്ള കണക്ഷൻ വിച്ഛേദിച്ചതിനെക്കുറിച്ച് അന്വേഷിക്കാൻ ജല അതോറിറ്റിയുടെ പോങ്ങുംമൂട് ഓഫീസിലെത്തിയ ഉപഭോക്താവിനെ ഉദ്യോഗസ്ഥർ മർദിച്ചെന്ന പരാതിയിൽ ഉദ്യോഗസ്ഥർക്കെതിരെയുള്ള തുടർനടപടി ജില്ലാ പൊലീസ് മേധാവിക്ക് (തിരുവനന്തപുരം സിറ്റി) ക്ക് തീരുമാനിക്കാമെന്ന് മനുഷ്യാവകാശ കമീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
തനിക്ക് പരാതിയില്ലെന്നും ആർക്കും പരാതി നൽകിയിട്ടില്ലെന്നും മർദനമേറ്റ ഉപഭോക്താവ് സജി പൊലീസിന് മൊഴി നൽകിയതായി സിറ്റി പൊലീസ് കമീഷണർക്ക് വേണ്ടി കഴക്കൂട്ടം സൈബർ സിറ്റി അസിസ്റ്റന്റ് കമീഷണർ (എ.സി.പി.) കമീഷൻ സിറ്റിംഗിൽ നേരിട്ട് ഹാജരായി മൊഴി നൽകിയ സാഹചര്യത്തിലാണ് ഉത്തരവ്. സജി മെഡിക്കൽ കോളജ് എസ്.എച്ച്.ഒ.ക്ക് നൽകിയ മൊഴിയുടെ പകർപ്പും എ.സി.പി. ഹാജരാക്കി.
അതേ സമയം ജല അതോറിറ്റി പോങ്ങുംമൂട് സെക്ഷനിലെ ആരോപണവിധേയരായ ഉദ്യോഗസ്ഥർക്കെതിരെ സർവീസ് ചട്ടങ്ങൾ പ്രകാരം ജല അതോറിറ്റി സ്വീകരിച്ച സസ്പെൻഷൻ ഉൾപ്പെടെയുള്ള അച്ചടക്കനടപടികൾ നിയമവും ചട്ടവും അനുസരിച്ച് എത്രയും വേഗം പൂർത്തിയാക്കി നിയമപരമായ നടപടി സ്വീകരിക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ജല അതോറിറ്റി ദക്ഷിണമേഖലാ ചീഫ് എഞ്ചിനീയർക്ക് നിർദേശം നൽകി.
ജൂനിയർ സൂപ്രണ്ട്, ഹെഡ് ക്ലാർക്ക് എന്നിവരെ സസ്പെന്റ് ചെയ്തതായും യൂ.ഡി, എൽ.ഡി ക്ലാർക്കുമാരെ സ്ഥലംമാറ്റിയെന്നും ജല അതോറിറ്റി ദക്ഷിണ മേഖലാ ചീഫ് എഞ്ചിനീയറുടെ റിപ്പോർട്ടിൽ പറയുന്നു. സർക്കാർ ഓഫീസിലെത്തിയ വ്യക്തിക്ക് മർദനമേറ്റെന്നതായുള്ള പരാതി ക്രമസമാധാന വിഷയമായതിനാലാണ് ജില്ലാ പൊലീസ് മേധാവിയിൽ നിന്നും കമീഷൻ അന്വേഷണ റിപ്പോർട്ട് വാങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

