Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നഗര രക്ഷകരെ ‘നാടുകടത്തി’ ബീച്ച് ഫയർ സ്റ്റേഷനെ കൈയൊഴിഞ്ഞ് സർക്കാറും നഗരസഭയും

text_fields
bookmark_border
നഗര രക്ഷകരെ ‘നാടുകടത്തി’ ബീച്ച് ഫയർ സ്റ്റേഷനെ കൈയൊഴിഞ്ഞ് സർക്കാറും നഗരസഭയും
cancel
camera_alt

കോഴിക്കോട് ബീച്ച് ഫയർ സ്റ്റേഷൻ മീഞ്ചന്തയിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി സാധനങ്ങൾ വാഹനത്തിലേക്ക് കയറ്റുന്നു

കോഴിക്കോട്: നഗരത്തിന് സദാ സമയവും രക്ഷയുമായി കാത്തിരിക്കുന്ന ബീച്ച് ഫയർ സ്റ്റേഷനെ ഇവിടെ നിലനിർത്താൻ ആർക്കുമായില്ല. തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെ അവശേഷിച്ച ഫയർ യൂനിറ്റും ബീച്ചിൽനിന്ന് മീഞ്ചന്തയിലേക്ക് മാറ്റി. ഇനി നഗരത്തിൽ അത്യാഹിതമുണ്ടായാൽ ഏഴ് കിലോമീറ്റർ അകലെ നിന്ന് ഓടിയെത്തണം. സർക്കാർ-നഗരസഭ കെട്ടിടങ്ങളും ഭൂമിയും എറെയുണ്ടായിരുന്നെങ്കിലും ഫയർ സ്റ്റേഷന് വേണ്ടി താൽകാലികമായി വിട്ടുനൽകാൻ ആരും തയാറായില്ല.

കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയം വളപ്പിൽ സൗകര്യം ഏർപ്പെടുത്താൻ കൗൺസിൽ യോഗം തീരുമാനിച്ചിരുന്നെങ്കിലും ജില്ല ഫുട്ബാൾ അസോസിയേഷൻ തടസ്സം പറഞ്ഞു. ഏറ്റവുമൊടുവിൽ തിങ്കളാഴ്ച മേയറുടെ ചേംബറിൽ യോഗം ചേർന്നെങ്കിലും തീരുമാനമായില്ല. അഞ്ചര മണിയോടെ 26 ജീവനക്കാരുള്ള അവസാന യൂനിറ്റും നഗരത്തിൽ നിന്ന് കെട്ടുകെട്ടേണ്ടിവന്നു.

ഫയർ ആൻഡ് റസ്ക്യു ജീവനക്കാർ ഏറെ വേദനയോടെയാണ് നഗരം വിട്ടത്. കാലപ്പഴക്കം ചെന്ന ബീച്ച് ഫയർ സ്റ്റേഷൻ കെട്ടിടം 2023 സെപറ്റംബർ ഏഴിനാണ് പൊളിച്ചത്. ഇവിടെ 17 കോടിയുടെ എസ്റ്റിമേറ്റിൽ പുതിയ ഫയർസ്റ്റേഷൻ നിർമിക്കാൻ ഭരണാനുമതി ലഭിക്കാത്തതിനാൽ പദ്ധതി നീണ്ടുപോയി. എങ്കിലും ഇവിടെ പന്തൽ വലിച്ചുകെട്ടി അതിനടിയിൽ സ്റ്റേഷൻ ഭാഗികമായി പ്രവർത്തിക്കുകയായിരുന്നു. ജീർണിച്ച കെട്ടിടത്തിലാണ് ഓഫിസ് പ്രവർത്തിച്ചത്. അപകടാവസ്ഥയിലുള്ള കെട്ടിടം പൊളിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് റിപ്പോർട്ട് നൽകി. കോർപറേഷൻ ഓഫിസിനടുത്തുള്ള കെട്ടിടത്തിലേക്കോ റെയിൽവേ സ്റ്റേഷൻ വളപ്പിലേക്കോ പഴയ പോർട്ട് ബംഗ്ലാവ് വളപ്പിലേക്കോ കല്ലുത്താൻ കടവിൽ നിർമിച്ച പച്ചക്കറി മാർക്കറ്റ് കെട്ടിടത്തിലേക്കോ ഫയർ സ്റ്റേഷൻ മാറ്റാവുന്നതായിരുന്നു. ഇതുസംബന്ധിച്ച ആലോചനകൾ നടന്നതല്ലാതെ ഒന്നും നടപ്പായില്ല.

നഗരത്തിൽ ഇതിനുപറ്റിയ ധാരാളം സ്ഥലങ്ങൾ ഉണ്ടായിട്ടും ജനപ്രതിനിധികൾക്ക് ഈ വിഷയത്തിൽ ഇടപെട്ട് ഒന്നും ചെയ്യാനുമായില്ല. സരോവരത്ത് സ്വകാര്യ കമ്പനി സ്ഥലം അനുവദിക്കാമെന്ന് പറഞ്ഞ് മുന്നോട്ടുവന്നെങ്കിലും സർക്കാറിന് ഈ വിഷയത്തിൽ തീരുമാനമെടുക്കാനായില്ല. നഗരത്തിന് ഏറ്റവും അത്യാവശ്യമായ സേനയെ ഇവിടെ നിന്ന് മാറ്റരുതെന്ന് നിരവധി സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. നിരന്തരമായി അഗ്നിബാധയുണ്ടാകുന്ന നഗരമാണിത്. വൻതീപിടിത്തങ്ങൾ ഉണ്ടാവുമ്പോൾ എത്രയും പെട്ടെന്ന് ഫയർ സർവിസിന് എത്തിച്ചേരാൻ സാധിക്കണം. അല്ലെങ്കിൽ അത്യാഹിതത്തിന്റെ ആഘാതം കൂടും. വെള്ളിമാട് കുന്നിൽ നിന്നോ മീഞ്ചന്തയിൽ നിന്നോ നഗരത്തിലേക്ക് ഫയർ യൂനിറ്റ് എത്താൻ 20-30 മിനിറ്റോളമെടുക്കും.

സിഗ്നലുകളിലെ ഗതാഗതക്കുരുക്ക് ഉൾപ്പെടെ കടന്നുവേണം നഗരത്തിലെത്താൻ. ഇതൊന്നും പക്ഷേ സർക്കാർ ഗൗരവത്തിലെടുത്തില്ല. അതുകൊണ്ടാണ് നാടിന് രക്ഷയൊരുക്കാൻ കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കുന്ന സേനയെ എല്ലാവരും കൈയൊഴിഞ്ഞത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The government and the municipality abandoned the beach fire station by 'deporting' the city rescuers.
Next Story