മാവേലിക്കരയിലും ചാലക്കുടിയിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബി.ഡി.ജെ.എസ്
text_fieldsകോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പിൽ രണ്ട് മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബി.ഡി.ജെ.എസ്. മാവേലിക്കരയിൽ ബൈജു കലാശാലയും ചാലക്കുടിയിൽ കെ.എ. ഉണ്ണികൃഷ്ണനുമാണ് മത്സരിക്കുന്നത്. കോട്ടയം, ഇടുക്കി സീറ്റുകളിലെ സ്ഥാനാർഥികളെ രണ്ടുദിവസത്തിനകം പ്രഖ്യാപിക്കുമെന്നും ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി വാർത്തസമ്മേളനത്തിൽ അറിയിച്ചു.
പാർട്ടി സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് രണ്ടുഘട്ടമായി സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നത്. ഇടുക്കി, കോട്ടയം മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ കാര്യത്തിൽ ചർച്ചകൾ നടന്നുവരുകയാണ്. മതമേലധ്യക്ഷർ ഉൾപ്പെടെയുള്ളവരെ സന്ദർശിച്ച് അവരുടെ അഭിപ്രായംകൂടി കണക്കിലെടുത്താകും ഇവിടങ്ങളിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കുക. കോട്ടയത്ത് തന്റെ പേരിനാണ് മുൻതൂക്കമെന്നും ചോദ്യത്തിന് മറുപടിയായി തുഷാർ പറഞ്ഞു.
അതേസമയം, ബി.ജെ.പിയിൽനിന്ന് ചില ഉറപ്പുകൾ നേടിയെടുക്കാൻ ലക്ഷ്യമിട്ടാണ് കോട്ടയത്തെ സ്ഥാനാർഥി പ്രഖ്യാപനം നീട്ടിയതെന്നാണ് സൂചന.

