പാർട്ടി വിടുന്നില്ല; പദവികൾ ഏറ്റെടുക്കാനില്ലെന്ന് അനിൽ ആന്റണി, സംസ്കാര ശ്യൂന്യമായ അന്തരീക്ഷത്തിൽ തുടരാൻ കഴിയില്ല
text_fieldsപാർട്ടി വിടുന്നില്ലെന്നും എന്നാൽ പദവികൾ ഏറ്റെടുക്കാനില്ലെന്നും കെ.പി.സി.സി ഡിജിറ്റൽ മീഡിയ സെൽ കൺവീനർ അനിൽ ആന്റണി, കോൺഗ്രസ് പാർട്ടിയുടെ സംസ്കാരം മാറിയെന്നും അനിൽ കുറ്റപ്പെടുത്തി. ബി.ബി.സി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദത്തിൽ പാര്ട്ടി നിലപാട് തള്ളിയ മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മകൻ കൂടിയായ കെ.പി.സി.സി ഡിജിറ്റൽ മീഡിയ സെൽ കൺവീനർ അനിൽ ആന്റണിയുടെ നടപടി കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഈ സാഹചര്യത്തിൽ വലിയ വിമർശനമാണ് നേരിട്ടത്. തുടർന്നാണ് പദവികൾ രാജിവെക്കുന്നതിലേക്ക് നയിച്ചത്.
പുതിയ സാഹചര്യത്തിൽ അനിൽ ആൻറണി പറയുന്നതിങ്ങനെ: 2017 മുതലാണ് കോൺഗ്രസിൽ പ്രവർത്തിച്ച് തുടങ്ങിയത്. മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടതിനെതുടർന്നാണ് പാർട്ടിയുടെ ഭാഗമായത്. ആദ്യം പ്രവർത്തിച്ചത് ഗുജറാത്തിലായിരുന്നു. അന്നത്തെ അന്തരീക്ഷമല്ല ഇന്നുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംഭവിച്ചത് അംഗീകരിക്കാനാവില്ല. ഇന്നലെ രാത്രി എട്ട് മണിമുതൽ എല്ലാ ഭാഗത്തുനിന്നും മോശം പ്രതികരണമായിരുന്നു. അസഭ്യവർഷമാണ് അനുഭവിച്ചത്. പാർട്ടി നയത്തിനെതിരായി ഒന്നും പറഞ്ഞിട്ടില്ല. പാർട്ടി വിടുന്നില്ല, ഇന്നത്തെ സാഹചര്യത്തിൽ ഒരു പദവിയും ഏറ്റെടുക്കുന്നില്ല. വ്യക്തിപരമായി ആരെയും പരാമർശിക്കാനില്ല. രാജി തീരുമാനം വ്യക്തിപരമാണ്. ന്യൂട്രൽ ആയാണ് ഡോക്യൂമെന്ററി വിഷയത്തിൽ പ്രതികരിച്ചത്. രാജ്യത്തിന്റെ പരമാധികാരത്തിനു മുകളിൽ ഒന്നും വരാൻ പാടില്ലെന്നാണ് നിലപാട്. എെൻറ നിലപാട് തിരുത്തണമെന്നാണ് പറയുന്നത്. സംസ്കാര ശ്യൂന്യമായ അന്തരീക്ഷത്തിൽ തുടരാൻ കഴിയില്ല. എഐസിസിക്ക് രാജി നൽകി കഴിഞ്ഞു.
ബി.ബി.സി ഡോക്യുമെന്ററിക്കെതിരെ അനിൽ ആന്റണി വ്യാപക വിമർശനം; ന്യായീകരിച്ച് അനിൽ
ന്യൂഡൽഹി: ഗുജറാത്ത് വംശഹത്യയിൽ നരേന്ദ്ര മോദിയെ പ്രതിക്കൂട്ടിലാക്കിയ ബി.ബി.സി ഡോക്യുമെന്ററിക്കെതിരെ കെ.പി.സി.സി ഡിജിറ്റൽ മീഡിയ സെൽ കൺവീനറും മുതിർന്ന നേതാവ് എ.കെ. ആന്റണിയുടെ മകനുമായ അനിൽ കെ. ആന്റണി. ‘‘ബി.ജെ.പിയോട് വലിയ വിയോജിപ്പുണ്ട്. എന്നാൽ, ഇന്ത്യയിലെ സ്ഥാപനങ്ങൾക്കും മുകളിലായി ബി.ബി.സിയുടെ കാഴ്ചപ്പാടിനെ ഇന്ത്യക്കാർ കാണുന്നത് അപകടകരമാണ്, അത് നമ്മുടെ പരമാധികാരത്തിന്റെ വിലയിടിക്കുമെന്നാണ് എന്റെ പക്ഷം. ബ്രിട്ടീഷ് സർക്കാറിനുകീഴിലെ ബി.ബി.സി ചാനലിനും ഇറാഖ് യുദ്ധത്തിന്റെ തലച്ചോറായി പ്രവർത്തിച്ച ജാക്ക് സ്ട്രോവിനും ഇന്ത്യയെക്കുറിച്ച തെറ്റായ മുൻവിധിയുടെ ദീർഘകാല ചരിത്രമുണ്ട്’’ -അനിൽ ആന്റണി ട്വിറ്ററിൽ പറഞ്ഞു.
അനിലിന്റെ കാഴ്ചപ്പാട് കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ തള്ളി. പാർട്ടിയുടെ അഭിപ്രായമല്ല, വ്യക്തിപരമായ കാഴ്ചപ്പാടാണെന്ന് പാർട്ടി നേതാക്കൾ വിശദീകരിച്ചു. എന്നാൽ, നിലപാടിൽ ഉറച്ചുനിൽക്കുന്നതായി അനിൽ ആന്റണി പ്രതികരിച്ചു. തീർച്ചയായും തന്റെ വ്യക്തിപരമായ കാഴ്ചപ്പാട് കോൺഗ്രസിന്റെ അഭിപ്രായമല്ല. കുടുംബത്തിൽ ആരുടേതുമല്ല. മോദിയും ബി.ജെ.പിയും ശരിയെന്നോ, ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നത് വിലക്കിയത് ശരിയായെന്നോ, ഡോക്യുമെന്ററി കാണരുതെന്നോ അല്ല തന്റെ അഭിപ്രായം.
ഗുജറാത്ത് വംശഹത്യ ഇന്ത്യയുടെ കറുത്ത അധ്യായമാണ്. ഇക്കാര്യത്തിൽ സുപ്രീംകോടതിയും പരമോന്നത കോടതി നിയോഗിച്ച പ്രത്യേകാന്വേഷണ സംഘവും ചിലതു പറഞ്ഞിട്ടുണ്ട്. അതിനു മുകളിൽ ബി.ബി.സിയെ പ്രതിഷ്ഠിക്കാനാവില്ല. അത് ഇന്ത്യയെന്ന രാജ്യത്തിന്റെ പരമാധികാരത്തെ ദുർബലപ്പെടുത്തും. ബി.ജെ.പിയോടും സി.പി.എമ്മിനോടുമെല്ലാം കോൺഗ്രസിനോ മറ്റേതെങ്കിലും പാർട്ടികൾക്കോ വിയോജിപ്പുകളുണ്ടാവും. അത് ഇന്ത്യയുടെ ആഭ്യന്തര രാഷ്ട്രീയമാണ്. എന്നാൽ, രാജ്യതാൽപര്യം അതിനു മുകളിലാണ്. ആഭ്യന്തര രാഷ്ട്രീയം ദേശതാൽപര്യത്തിന് വിരുദ്ധമാകരുത്.
സ്വതന്ത്ര ഇന്ത്യ ഇന്ന് ബ്രിട്ടനെ മറികടന്നിരിക്കുന്നു. അത് നരേന്ദ്ര മോദി കാരണമല്ല. പതിറ്റാണ്ടുകളുടെ തുടർച്ചയായ പ്രവർത്തനം വഴിയാണ്. നാട്ടുരാജ്യങ്ങൾ തമ്മിലുള്ള തർക്കം പ്രയോജനപ്പെടുത്തിയാണ് ബ്രിട്ടീഷുകാർ ഇവിടെ ആധിപത്യം സ്ഥാപിച്ചത്. അവർക്ക് ഇപ്പോഴും ഇന്ത്യക്കുമേൽ എന്തോ മേധാവിത്വമുണ്ടെന്ന മട്ടിലാണ് പെരുമാറ്റം. നമ്മുടെ ജനാധിപത്യ, ഭരണഘടന സ്ഥാപനങ്ങൾക്കുമേൽ പ്രത്യേകാവകാശം തങ്ങൾക്കുണ്ടെന്ന അവരുടെ മട്ടും ഭാവവും അനുവദിച്ചു കൊടുക്കാനാവില്ല. അത് അപകടകരവുമാണ് -അനിൽ ആന്റണി പറഞ്ഞു.