ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസിൽ സുരേന്ദ്രെൻറയും പ്രസീതയുടെയും ശബ്ദപരിശോധന നടത്തി
text_fieldsശബ്ദസാമ്പിൾ നൽകാൻ കെ. സുരേന്ദ്രനും പ്രസീതയും കാക്കനാട്ടെ ചിത്രാഞ്ജലി സ്റ്റുഡിയോയിൽ എത്തിയപ്പോൾ
കാക്കനാട്: ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രനെതിരായ ആരോപണങ്ങളിൽ ഉറച്ച് ജെ.ആർ.പി സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോട്. മൂന്നരക്കോടിയോളം രൂപയുടെ തിരിമറിയാണ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്നതെന്ന് പ്രസീത പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് നേരേത്ത പുറത്തുവന്ന പ്രസീതയും സുരേന്ദ്രനും തമ്മിെല ശബ്ദരേഖയുടെ ശാസ്ത്രീയ പരിശോധനക്ക് കാക്കനാട്ടെ ചിത്രാഞ്ജലി സ്റ്റുഡിയോയിൽ എത്തിയതായിരുന്നു പ്രസീത. കെ. സുരേന്ദ്രനെയും ശബ്ദസാമ്പിൾ ശേഖരിക്കുന്നതിന് വിളിപ്പിച്ചിരുന്നു. അതേസമയം, സത്യത്തിൽ വിശ്വാസം ഉള്ളതിനാലാണ് അന്വേഷണത്തോട് സഹകരിക്കുന്നതെന്ന് സുരേന്ദ്രൻ പ്രതികരിച്ചു.
35 ലക്ഷം രൂപയുടെ തിരിമറി ഉണ്ടായി എന്നായിരുന്നു നേരേത്ത കരുതിയതെന്നും എന്നാൽ 3.5 കോടിയിൽ അധികം രൂപയാണ് ബി.ജെ.പി നേതാക്കൾ വ്യക്തിപരമായ ആവശ്യങ്ങൾക്കായി ഉപയോഗിച്ചതെന്നും ശബ്ദസാമ്പിൾ നൽകിയശേഷം പ്രസീത മാധ്യമങ്ങളോട് പറഞ്ഞു. പ്രചാരണത്തിന് എത്തിച്ച പണം ഉപയോഗിച്ചിട്ടില്ല. ബി.ജെ.പി പ്രാദേശിക നേതാക്കൾ ജില്ല നേതാക്കളുമായി നടത്തിയ ഇ-മെയിൽ ഇടപാടുകളിൽനിന്നാണ് തിരിമറി വ്യക്തമായത്. ഈ തുക ഉപയോഗിച്ച് ബി.ജെ.പി നേതാവായ പ്രശാന്ത് മലവയലിൽ സ്വത്ത് സമ്പാദനം നടത്തിയെന്നും കേസിെൻറ പരിധിയിൽ ഉൾപ്പെടുത്തി അന്വേഷിക്കണമെന്നും അവർ ആവർത്തിച്ചു. പ്രശാന്തിെൻറയും ബി.ജെ.പി സംഘടന സെക്രട്ടറി ഗണേഷിെൻറയും ഉൾെപ്പടെ നേതാക്കളുടെ മുഴുവൻ ഫോണുകളും ഒരുമിച്ച് നഷ്ടപ്പെട്ടു എന്നത് തെളിവ് നശിപ്പിക്കുന്നതിെൻറ ഭാഗമായാണെന്നും പ്രസീത പറഞ്ഞു. അധികം വൈകാതെ തന്നെ സത്യം വ്യക്തമാകുമെന്നും അവർ പറഞ്ഞു.
അതേസമയം, ബി.ജെ.പിക്കും തനിക്കും ഇതുമായി ഒരു ബന്ധവുമില്ലെന്ന് കെ. സുരേന്ദ്രൻ ആവർത്തിച്ചു. കേരള പൊലീസ് ആസൂത്രിതമായി എടുത്ത കള്ളക്കേസ് ആണ്. നീതിന്യായ കോടതിയിൽ പൂർണമായും തങ്ങളുടെ നിരപരാധിത്വം തെളിയിക്കാൻ കഴിയുമെന്നും സുരേന്ദ്രൻ പറഞ്ഞു. ഒരു അടിസ്ഥാനവുമില്ലാത്ത കേസിൽ കൈക്കൂലി കൊടുത്തു എന്നും വാങ്ങി എന്നും പറയുന്ന ആളുകളുടെ വാദം കേൾക്കാൻപോലും തയാറാകുന്നില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
കോഴക്കേസുമായി ബന്ധപ്പെട്ട് ബത്തേരി കോടതിയുടെ ഉത്തരവുപ്രകാരമാണ് തിങ്കളാഴ്ച ഇരുവരുടെയും ശബ്ദ സാമ്പിൾ എടുത്തത്. ബത്തേരിയിലെ എൻ.ഡി.എ സ്ഥാനാർഥിയായ സി.കെ. ജാനുവിെൻറ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് 25 ലക്ഷം രൂപ നൽകാൻ എം. ഗണേഷിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് കെ. സുരേന്ദ്രൻ പറയുന്നതിെൻറ ശബ്ദരേഖയാണ് നേരേത്ത പ്രസീത പുറത്തുവിട്ടത്. തുടർന്ന്, വയനാട് ക്രൈംബ്രാഞ്ച് നൽകിയ അപേക്ഷ പരിഗണിച്ചായിരുന്നു ശബ്ദപരിശോധന നടത്താൻ കോടതി ഉത്തരവിട്ടത്. കെ.സുരേന്ദ്രൻ കേസിലെ ഒന്നാം പ്രതിയും പ്രസീത സാക്ഷിയുമാണ്.