മലബാർ സമര നായകരെ രക്തസാക്ഷികളുടെ പട്ടികയിൽ നിന്ന് വെട്ടിമാറ്റിയതിൽ ലോക്സഭയിൽ പ്രതിഷേധവുമായി ബഷീർ
text_fieldsന്യൂഡൽഹി: ഇന്ത്യൻ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ പട്ടികയിൽ നിന്ന് മലബാർ സമരത്തിന് നേതൃത്വം കൊടുത്തവരുടെ പേര് വെട്ടിക്കളയാനുള്ള തീരുമാനം അത്യധികം പ്രതിഷേധാർഹവും അപലപനീയവുമാണെന്നും നാടിനു വേണ്ടി പടപൊരുതിയവരോടുള്ള നന്ദികേടാണെന്നും മുസ്‌ലിം ലീഗ് പാർലിമെന്‍ററി പാർട്ടി നേതാവ് ഇ. ടി മുഹമ്മദ് ബഷീർ എം.പി. ലോക്‌സഭയിൽ പറഞ്ഞു.
ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ പോരാട്ടമായ മലബാർ സമരത്തെ വർഗീയമായി ചിത്രീകരിക്കാൻ ആസൂത്രിതമായ നീക്കം നടക്കുന്നുണ്ടെന്നും ശൂന്യവേളയിൽ വിഷയം അവതരിപ്പിച്ച ബഷീർ പറഞ്ഞു.
മലബാർ സമരം ഒരിക്കലും വർഗീയം ആയിരുന്നില്ല. ദേശ സ്നേഹത്തിലും ആത്മാഭിമാനത്തിലുമധിഷ്ഠിതമായ സ്വാതന്ത്ര്യ ദാഹികളുടെ മുന്നേറ്റത്തിന്‍റെ ചരിത്രമാണത്. അവർ രാജ്യത്തിനു വേണ്ടിയാണ് ജീവൻ സമർപ്പിച്ചത്. അത് നീക്കം ചെയ്യുന്നത് ക്രൂരമാണ്. ഇവിടെ മലബാർ സമരം ഒരു വർഗീയ കലാപമാണെന്ന് വരുത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. അത് ചരിത്രത്തെ വക്രീകരിക്കുന്നവരുടെ കുബുദ്ധിയാണ്. അവരുടെ പേരുകൾ വെട്ടി കളയുന്നതിന് ഇന്ത്യ ഗവണ്മെന്‍റ് കൂട്ടുനിൽക്കുന്നത് ചരിത്രത്തെ തന്നെ കളങ്കപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ്. കേരളത്തലെന്നതു പോലെ കർണാടകയിലും ആന്ധ്രപ്രദേശിലും തമിഴ്നാട്ടിലുമൊക്കെയുള്ള ഏതാണ്ട് ഇരുന്നൂറോളം സ്വാതന്ത്ര്യ സമര സേനാനികളുടെ പേരുകൾ അടുത്ത ഐ.സി.എച്ച്.ആറിന്‍റെ അഞ്ചാമത്തെ എഡിഷനിൽ വെട്ടിക്കളയാൻ തീരുമാനിച്ചിരിക്കുന്നുവെന്നും പുതിയ പതിപ്പ് ഇവരുടെ പേരുകൾ ഇല്ലാതെയാണ് വരാൻ പോകുന്നതെന്നും മനസ്സിലാക്കാൻ സാധിച്ചു. ഇന്ത്യ ഗവൺമെന്റ് ഈ കൊടുംക്രൂരതയ്ക്ക് കൂട്ടുനിൽക്കരുത്. അതുകൊണ്ട് ഗൗരവകരമായ ഈ വിഷയത്തിൽ സർക്കാർ ചരിത്രത്തോട് നീതി പുലർത്തുന്ന സമീപനമെടുക്കണമെന്നും രാജ്യത്തിനുവേണ്ടി ജീവൻ ബലികൊടുത്ത ആ മഹാന്മാരോടും ചരിത്രത്തോട് തന്നെയും ചെയ്യുന്ന ക്രൂരതയിൽ നിന്നും പിന്തിരിയണമെന്നും ഇ.ടി ആവശ്യപ്പെട്ടു.
മലബാർ രക്തസാക്ഷികളുടെ പേരുകൾ സ്വാതന്ത്ര്യ സമര സേനാനികളുടെ നിഘണ്ടുവിൽ നിന്നും നീക്കം ചെയ്യുന്നതിനുള്ള തീരുമാനം സഭ നിർത്തിവെച്ചു ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എം.പി മാരായ ഇ.ടി മുഹമ്മദ് ബഷീർ, ഡോ എം പി അബ്ദുസ്സമദ് സമദാനി എന്നിവർ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

