Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവെടിക്കെട്ടിനെതിരെ...

വെടിക്കെട്ടിനെതിരെ ഓർത്തഡോക്സ് സഭ അധ്യക്ഷൻ: ‘എല്ലാ മതങ്ങളും വിവേകപൂർണമായ തീരുമാനമെടുക്കണം, വെടിക്കെട്ടിലല്ല, ഹൃദയവിശുദ്ധിയിലാണ് പരിശുദ്ധർ പ്രസാദിക്കുക’

text_fields
bookmark_border
വെടിക്കെട്ടിനെതിരെ ഓർത്തഡോക്സ് സഭ അധ്യക്ഷൻ: ‘എല്ലാ മതങ്ങളും വിവേകപൂർണമായ തീരുമാനമെടുക്കണം, വെടിക്കെട്ടിലല്ല, ഹൃദയവിശുദ്ധിയിലാണ് പരിശുദ്ധർ പ്രസാദിക്കുക’
cancel

കോട്ടയം: തൃശൂർ പൂരത്തിനുള്ള വെടിക്കെട്ട് സാമഗ്രികൾ നിർമിക്കുന്നതിനിടെയുണ്ടായ ദാരുണ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വെടിക്കെട്ടുകൾക്കെതിരെ ഓർത്തഡോക്സ് സഭ അധ്യക്ഷൻ. ഇക്കാര്യത്തിൽ എല്ലാ മതങ്ങളും വിവേകപൂർണമായി തീരുമാനമെടുക്കണമെന്ന് ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതിയൻ കാത്തലിക്ക ബാവ അഭ്യർഥിച്ചു.

പരിശുദ്ധന്മാർ പ്രസാദിക്കുന്നത് വെടിക്കെട്ടിലല്ല വിശ്വാസിയുടെ ഹൃദയവിശുദ്ധിയിലാണ്. ആ പണം ഉപയോഗിച്ച് ഭവനങ്ങൾ നിർമിച്ചു നൽകി മാതൃക തീർക്കണമെന്നും കാത്തോലിക്ക ബാവ പറഞ്ഞു.

‘ഉത്സവങ്ങളിലും പെരുന്നാളുകളിലും മറ്റു ചടങ്ങുകളിലും ഒക്കെ ഇനിയും ഇത്തരം സങ്കടകാഴ്ചകൾ ഉണ്ടാകാതിരിക്കാൻ വിവേകപൂർവ്വം നാം പരിശ്രമിക്കണം. നൈമിഷിക സന്തോഷത്തിനു വേണ്ടി നിർദോഷികളായ മനുഷ്യരുടെ ജീവൻ കുരുതി കൊടുക്കണമോ എന്ന് മനസ്സുതുറന്ന് ചിന്തിക്കണം. എല്ലാ മതങ്ങളും ഇക്കാര്യത്തിൽ വിവേകപൂർണമായ തീരുമാനം കൈക്കൊള്ളണം. സഹതായും പരിശുദ്ധന്മാരും പ്രസാദിക്കുന്നത് വെടിക്കെട്ടിൽ അല്ല, വിശ്വാസിയുടെ ഹൃദയവിശുദ്ധിയിലാണ് എന്നത് നാം അറിഞ്ഞിരിക്കണം’ -അദ്ദേഹം പറഞ്ഞു.

ചൊവ്വാഴ്ച തൃശൂർ മുണ്ടത്തിക്കോടുണ്ടായ വെടിമരുന്ന് ദുരന്തത്തിൽ 15 പേരാണ് മരിച്ചത്. മൃതദേഹങ്ങളും മൃതദേഹ അവശിഷ്ടങ്ങളും മണത്തു കണ്ടുപിടിക്കാൻ പ്രത്യേക പരിശീലനം നേടിയ കെഡാവർ നായ്ക്കളെ ഉപയോഗിച്ചു നടത്തിയ തെരച്ചിലിൽ നിരവധി ശരീരഭാഗങ്ങൾ കൂടി കണ്ടെത്തി. പെട്ടിമുടി അടക്കമുള്ള നിരവധി ദുരന്തമേഖലകളിൽ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായ മായ, മർഫി എന്നീ നായ്ക്കളാണ് പരിശോധന നടത്തിയത്.

ദുരന്തത്തിൽ 10 പേർ മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണമുണ്ടായത്. ഒമ്പത് പേരുടെ മൃതദേഹങ്ങൾ ലഭിച്ചതിൽ എട്ടുപേരെ തിരിച്ചറിഞ്ഞതായും അവ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയതായും അധികൃതർ അറിയിച്ചു.

പഴയന്നൂർ വെണ്ണൂർപാറക്കുണ്ടിൽ വീട്ടിൽ ആറുമുഖന്റെ മകൻ സുദർശനൻ (54), പാലക്കാട് കല്ലൂർ കുമരനെല്ലൂർ മടിപ്പുറത്തു വീട്ടിൽ കോർമന്റെ മകൻ വാസുദേവൻ (54), കുണ്ടന്നൂർ പുതുക്കാട്ടിൽ വീട്ടിൽ വിജയന്റെ മകൻ സുവിൻ (39), മലപ്പുറം ആലങ്കോട് പള്ളിയാലിൽ പറമ്പിൽ മുണ്ടന്റെ മകൻ മണികണ്ഠൻ (60), മലപ്പുറം പെരിന്തൽമണ്ണ കോട്ടുമ്മൽ വീട്ടിൽ സുബ്രമണ്യൻ (50), തൃശൂർ കോട്ടപ്പുറം നാരായണ നിവാസിൽ വെങ്കടാചലത്തിന്റെ മകൻ മണികണ്ഠൻ, എടപ്പാൾ ചോങ്ങലത്തേൽ വീട്ടിൽ സി. വിജയൻ (60), ചേർപ്പ് ചിറക്കൽ ബിജീഷ് (40) എന്നിവരെയാണ് തിരിച്ചറിഞ്ഞത്.

ഒരു ഭാഗിക മൃതദേഹവും ശരീരാവശിഷ്ടങ്ങളും ഇതുവരെ തരിച്ചറിഞ്ഞിട്ടില്ല. തിരിച്ചറിയാനാവാത്ത വിധത്തിൽ ലഭിച്ച ശരീര ഭാഗങ്ങൾ തിരിച്ചറിയാൻ ശാസ്ത്രീയ പരിശോധനകൾ നടത്തിവരുന്നുണ്ട്. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നുള്ള വിദഗ്ധർ മെഡിക്കൽ കോളജ് മോർച്ചറിയിലെത്തി കാണാതായവരുടെ ബന്ധുക്കളുടെ ശരീര സാമ്പിളുകൾ ശേഖരിച്ച് ഡി.എൻ.എ പരിശോധനക്കയച്ചു.

വെടിക്കെട്ട് കരാർ ഉടമ മുണ്ടത്തിക്കോട് സതീശൻ 85 ശതമാനത്തിലധികം പൊള്ളലുമായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ തുടരുകയാണ്. മറ്റു മൂന്നുപേരും ഗുരുതരാവസ്ഥയിൽ തുടരുന്നു. സതീഷ് (46), ബാബു (56), രാജേഷ് (40), വിഷ്ണു (30) എന്നിവർ ഐ.സി.യുവിലും ഹരി (40), അനിത (50), അഖിൽ (30), ഉദയകുമാർ (48), ബാബു (57), ഭവാനി (65) എന്നിവർ വാർഡുകളിലുമാണ് ചികിത്സയിലുള്ളത്. വിൽ‌സൺ (60) എലൈറ്റ് ആശുപത്രിയിലാണ്. മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് സുഭദ്ര(68), സുന്ദരൻ(46) എന്നിവരെയും എലൈറ്റ് ആശുപത്രിയിൽനിന്ന് സാജനെ (38)യും ഡിസ്ചാർജ് ചെയ്തു.

അതിനിടെ, ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ തൃശൂർ പൂരം വെടിക്കെട്ടില്ലാതെ നടത്താൻ അധികൃതർ തീരുമാനിച്ചു. വെടിക്കെട്ടും കുടമാറ്റത്തിന്റെ വർണപ്പൊലിമയും ഇത്തവണ ഉണ്ടാവില്ല. ജില്ല കലക്ടറുടെ അധ്യക്ഷതയിൽ തിരുവമ്പാടി-പാറമേക്കാവ് ദേവസ്വം പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് ആഘോഷങ്ങൾ പരിമിതപ്പെടുത്താൻ ധാരണയായത്. വെടിക്കെട്ടിന് പകരം പ്രതീകാത്മകമായി കതിനകൾ മാത്രമാകും പൊട്ടിക്കുക. ഉപചാരം ചൊല്ലിപ്പിരിയുന്നതിന് മുന്നോടിയായുള്ള പകൽ വെടിക്കെട്ടും ഒഴിവാക്കി.

പൂരത്തിന്റെ വിശ്വപ്രസിദ്ധമായ കുടമാറ്റം 15 മിനിറ്റായി ചുരുക്കും. പത്തിൽ താഴെ കുടകൾ മാത്രമേ ഉപയോഗിക്കൂ. വർണക്കുടകളുടെ മത്സരം ഒഴിവാക്കി ആചാരപരമായ ചടങ്ങ് മാത്രമായി ഇത് നടത്തും. അതേസമയം, പൂരത്തിന്റെ പ്രൗഢി നിലനിർത്തുന്നതിനായി ഇരുവിഭാഗത്തുമായി 15 വീതം ആനകളെ അണിനിരത്തും. മേളത്തിന് മാറ്റമുണ്ടാകില്ലെങ്കിലും ആഘോഷങ്ങളിലെ ആർഭാടം കുറക്കും. ഘടകക്ഷേത്രങ്ങളിൽ നിന്നുള്ള എഴുന്നള്ളിപ്പുകളും ചടങ്ങുകളും പതിവുപോലെ നടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fireworksMalankara Orthodox Syrian ChurchBaselios Marthoma Mathews IIIMundathikkode Fire Accident
News Summary - Baselios Marthoma Mathews III supreme head of the Malankara Orthodox Syrian Church against fireworks
Next Story