ചെന്നിത്തലയല്ല, ഇത് രമേശ് തൂഫാനെന്ന് ഓർത്തഡോക്സ് സഭാധ്യക്ഷൻ; ‘കേരളത്തിന് ഒരു പൂക്കി മുഖ്യമന്ത്രിയും തൂക്കി ആഭ്യന്തര മന്ത്രിയും ഉണ്ട്’
text_fieldsമലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തൂഫാൻ വാരിയർ ബാഡ്ജ് അണിയിക്കുന്നു. ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് മെത്രാപ്പോലീത്ത സമീപം
കോട്ടയം: ആഭ്യന്തര മന്ത്രിയെ രമേശ് ചെന്നിത്തല എന്നല്ല രമേശ് തൂഫാനെന്നാണ് ഇപ്പോൾ അറിയപ്പെടുന്നതെന്ന് മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ. ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കോട്ടയത്ത് സംഘടിപ്പിച്ച കാതോലിക്കേറ്റ് സ്ഥാപന വാർഷികവും മലങ്കര നസ്രാണി യുവജന സംഗമവും ഉദ്ഘാടനം ചെയ്യാൻ ചെന്നിത്തല എത്തിയപ്പോഴായിരുന്നു കാതോലിക്ക ബാവയുടെ വിശേഷണം.
പുതുതലമുറ നടത്തിയ ഒരു സംഭാഷണം സഭാധ്യക്ഷൻ പങ്കുവെച്ചതും സദസ്സിൽ ചിരിപടർത്തി. കേരളത്തിന് ഇപ്പോൾ ഒരു പൂക്കി മുഖ്യമന്ത്രിയും തൂക്കി ആഭ്യന്തര മന്ത്രിയും ഉണ്ടെന്നായിരുന്നു അവരുടെ വാക്കുകൾ. ലഹരി മാഫിയയെ ഒന്നടങ്കം തൂക്കിയ ആഭ്യന്തര മന്ത്രി എന്നായിരുന്നു വിശേഷണം. തൂക്കി എന്നത് ന്യൂജനറേഷൻ വാക്കാണെന്ന് മനസ്സിലായപ്പോഴാണ് തനിക്ക് അർഥം പിടികിട്ടിയത്. ലഹരിമാഫിയയെ പൂട്ടാൻ രണ്ടും കൽപിച്ചിറങ്ങിയ തൂഫാൻ ലീഡറാണ് ചെന്നിത്തലയെന്നും കാതോലിക്ക ബാവ പറഞ്ഞു.
കാതോലിക്കാ ബാവയെ സംസ്ഥാന സർക്കാറിന്‍റെ തൂഫാൻ വാരിയറായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു. തൂഫാൻ വാരിയർ ബാഡ്ജ് ആഭ്യന്തര മന്ത്രി സഭാധ്യക്ഷനെ അണിയിച്ചു. യുവജനപ്രസ്ഥാനം പ്രസിഡന്‍റ് ഡോ. ഗീവർഗീസ് മാർ യൂലിയോസ്, കോട്ടയം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് എന്നിവർക്കും തൂഫാൻ വാരിയർ ബാഡ്ജ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

