കന്യാസ്ത്രീകളുടെ അറസ്റ്റ്: ആദ്യം നീതി, പിന്നെ മതി ചായകുടി -മാർ ബസേലിയോസ് ക്ലീമിസ്
text_fieldsതിരുവനന്തപുരം: ഛത്തിസ്ഗഢിലെ ക്രൈസ്തവ വേട്ടയിൽ ബി.ജെ.പിക്കെതിരെ സ്വരം കടുപ്പിച്ചും തുറന്നടിച്ചും മലങ്കര കത്തോലിക്ക സഭ മേജര്‍ ആര്‍ച് ബിഷപ്പും കെ.സി.ബി.സി സംസ്ഥാന പ്രസിഡന്‍റുമായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ. ആദ്യം നീതി കിട്ടട്ടെ, അതിനുശേഷം ചായകുടിക്കാം. കന്യാസ്ത്രീമാർ ഇപ്പോഴും ജയിലിലാണ്. അവർക്ക് ജാമ്യം കിട്ടിയിട്ടില്ല. അവർക്ക് ലഭിക്കേണ്ട നീതി നിഷേധിക്കുമ്പോൾ പിന്നെ എന്ത് ചങ്ങാത്തം. എങ്ങനെയാണ് സാഹോദര്യത്തിന്റെ പൂർണത പറയാൻ കഴിയുക. ക്രിസ്മസ്-ഈസ്റ്റർ അവസരങ്ങളിലെ സൗഹൃദ സന്ദർശനങ്ങളെ പരോക്ഷമായി സൂചിപ്പിച്ചാണ്ണ് ക്ലീമിസ് ബാവയുടെ പരാമർശം.
ഭാവിയിലെ കേക്കുമായുള്ള സൗഹൃദ നയതന്ത്രത്തിൽ എന്ത് നിലപാടായിരിക്കുമെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് കന്യാസ്ത്രീമാരുടെ അറസ്റ്റും ജാമ്യനിഷേധവും മാനദണ്ഡമാകുമെന്നും ഇതിനെ അടിസ്ഥാനപ്പെടുത്തിയാവും മുന്നോട്ടുപോവുകയെന്നും അദ്ദേഹം വ്യക്തമാക്കി. ‘കേരളത്തിൽ കേക്കും ഉത്തരേന്ത്യയിൽ കൈവിലങ്ങു’മെന്ന സമീപനം ശരിയല്ലെന്ന് നേരത്തെ സീറോ മലബാർ സഭയും പ്രതികരിച്ചിരുന്നു.
‘ഭാരതത്തിലെ രണ്ട് സന്യാസിനിമാർ സ്വന്തം ദേശത്ത് അപമാനിക്കപ്പെടുന്ന സാഹചര്യമാണുണ്ടായത്. അതാകട്ടെ കൃത്രിമമായുണ്ടാക്കിയ ആരോപണത്തിന്റെ അടിസ്ഥാനത്തിലും. പറയുന്നത് പ്രവർത്തിക്കണം. പ്രവർത്തിക്കുന്നതിൽ ആത്മാർത്ഥത വേണം. തങ്ങളുടെ ഏറ്റവും വലിയ പരിഗണന കന്യാസ്ത്രീമാർക്ക് നീതി ലഭിക്കുക എന്നതാണ്. നീതി ലഭിക്കുമെന്ന് ഉറപ്പാകുമ്പോഴാണ് മറ്റുള്ള സംസാരം. മതപരിവർത്തനമെന്നത് ആരോപണമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വരെ പറഞ്ഞു. ഏതു മതത്തിൽ വിശ്വസിക്കാനും അത് പ്രചരിപ്പിക്കാനും ഇവിടെ ജീവിക്കാനും ഭരണഘടന ഉറപ്പുതരുന്ന സ്വാതന്ത്ര്യം നിലനിർത്താൻ എല്ലാവരും ഒരുമിച്ചു പ്രവർത്തിക്കണ’മെന്നും ആർച്ച് ബിഷപ്പ് കൂട്ടിച്ചേർക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

