ഉദ്ഘാടനദിവസം ബാറിലെത്തിയവരെ ഗ്ലാസ് കൊണ്ട് ഏറോട് ഏറ്; ജീവനക്കാരൻ അറസ്റ്റിൽ
text_fieldsബാറിലുണ്ടായ വാക്കേറ്റം. അറസ്റ്റിലായ ബിജു സി.രാജു
കുറവിലങ്ങാട് (കോട്ടയം): മദ്യത്തിന്റെ അളവ് കുറഞ്ഞത് ചോദ്യം ചെയ്തവരെ ഗ്ലാസ് ഉപയോഗിച്ച് തുടരെ തുടരെ എറിഞ്ഞ് സാരമായി പരിക്കേൽപിച്ച ബാർ ജീവനക്കാരനെ കുറവിലങ്ങാട് പൊലീസ് പൊലീസ് അറസ്റ്റ് ചെയ്തു. കുമരകം പടിഞ്ഞാറേക്കര ഭാഗത്ത് ചേലക്കാപ്പള്ളിൽ വീട്ടിൽ ബിജു സി.രാജു (42) ആണ് അറസ്റ്റിലായത്.
വെമ്പള്ളിയിൽ പുതുതായി തുടങ്ങിയ ബാറിന്റെ ഉദ്ഘാടന ദിവസമാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. കഴിഞ്ഞദിവസം വൈകീട്ട് 8 മണിയോടുകൂടി ബാറിൽ എത്തിയ മധ്യവയസ്കനും സുഹൃത്തും മദ്യത്തിന്റെ അളവിനെ ചൊല്ലി ബിജുവുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടതാണ് പ്രശ്നത്തിന് തുടക്കം. കൗണ്ടറിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പ്രതി ഇവരെ ചീത്ത വിളിക്കുകയും അവിടെയിരുന്ന ചില്ലു ഗ്ലാസുകൾ ഒന്നിനുപിറകെ ഒന്നായി എടുത്ത് മധ്യവയസ്കന്റെയും സുഹൃത്തിന്റെയും നേരെ എറിയുകയുമായിരുന്നു. ആക്രമണത്തിൽ മധ്യവയസ്കന് സാരമായ പരിക്കേറ്റു.
പരാതിയെ തുടർന്ന് കുറവിലങ്ങാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പിന്നാലെ, ബിജു സി.രാജുവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. സ്റ്റേഷൻ എസ്.എച്ച്.ഒ ഇ. അജീബ്, എസ്.ഐമാരായ ശരണ്യ എസ്. ദേവൻ, മഹേഷ് കൃഷ്ണൻ, ജെയ്സൺ അഗസ്ത്യൻ, എ.എസ്.ഐ പി.കെ. ജോണി എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

