കുറച്ച് മദ്യം, അൽപം ഫുഡ്, പിന്നെ പണം... ബാറിലെ പരിശോധന ഒഴിവാക്കാൻ ചില എക്സൈസ് ഉദ്യോഗസ്ഥർക്ക് ഇത്ര മതി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ബാറുടമകളും എക്സൈസ് ഉദ്യോഗസ്ഥരും തമ്മിൽ ‘കോംപ്ലിമെന്റ് സിസ്റ്റം’ എന്ന അനൗദ്യോഗിക രീതി നിലവിലുണ്ടെന്ന് ഉദ്യോഗസ്ഥരുടെ മൊഴി. കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമീഷണർ എസ്. അശോക കുമാർ സസ്‌പെൻഷനിലായ സംഭവവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ എക്സൈസ് കമീഷണർ ശ്രീറാം സാംബശിവ റാവുവുമായി പങ്കുവെച്ച വിവരമാണിത്.
കോട്ടയം ജില്ലയിലാണ് കോംപ്ലിമെന്റ് സിസ്റ്റത്തിന് വീര്യം കൂടുതൽ. ലൈസൻസുള്ള സ്ഥാപനങ്ങളിൽനിന്ന് ഇടനിലക്കാർ വഴി പണം, മദ്യം, ഭക്ഷണം അല്ലെങ്കിൽ മറ്റാനുകൂല്യങ്ങൾ എന്നിവ എക്സൈസ് ഉദ്യോഗസ്ഥർ സ്ഥിരമായി കൈപ്പറ്റിയിരുന്നു. ഓണം പോലുള്ള വിശേഷദിവസങ്ങളിൽ വിവിധ തലങ്ങളിലുള്ള ഉദ്യോഗസ്ഥരുടെ പേരിൽ പ്രത്യേക പിരിവുകൾ തന്നെയുണ്ട്. പകരം ഓണം, ക്രിസ്മസ് തുടങ്ങിയ ഉത്സവകാലയളവിൽ പരിശോധനകൾ ഒഴിവാക്കി എക്സൈസ് ഉദ്യോഗസ്ഥർ ബാറുകളുടെ സുഗമ നടത്തിപ്പ് ഉറപ്പാക്കും.
അനധികൃതമായി ബാറുകൾ നേരത്തെ തുറക്കാനും സമയം കഴിഞ്ഞു പ്രവർത്തിക്കാനും അനുമതി നൽകും. സാധ്യതകളനുസരിച്ച് ജില്ലകൾതോറും സംവിധാനത്തിന്‍റെ തീവ്രതയിൽ വ്യത്യാസമുണ്ടാവും.
ഡെപ്യൂട്ടി എക്സൈസ് കമീഷണർ എസ്. അശോക കുമാർ, കരിങ്കട ജോസിയെ ഇടനിലക്കാരനാക്കി പണവും മദ്യവും ഭക്ഷണസാധനങ്ങളും അടക്കം വാങ്ങി. മറ്റു ഉദ്യോഗസ്ഥരും പണം, മദ്യം, ബിയർ, ഭക്ഷണസാധനങ്ങൾ എന്നിവ കൈപ്പറ്റി. ന്യൂയോർക്ക് സ്ക്വയർ ബാറുടമയിൽനിന്ന് ഓണത്തോടനുബന്ധിച്ച് നാല് കവറുകളിലാക്കി 26,000 രൂപയാണ് സസ്പെൻഷനിലായ സിവിൽ എക്സൈസ് ഓഫിസർ എ.എസ്. വിശാഖും ലാലു തങ്കച്ചനും ചേർന്ന് കൈപ്പറ്റിയത്. ഈ പണം പങ്കുവെച്ചു. സന്ദർശനവേളകളിൽ ബക്കാർഡി മദ്യം, ബിയർ, ഭക്ഷണസാധനങ്ങൾ എന്നിവ ഹോട്ടലിൽനിന്ന് വാങ്ങി.
ഔദ്യോഗിക രീതിയിൽ പരിശോധന നടത്തിയാൽ പ്രതികൾ രക്ഷപ്പെടുമെന്ന് ഉറപ്പുള്ളതിനാലാണ് എക്സൈസ് കമീഷണർ ‘ഓപറേഷൻ ബിജാപൂർ’ എന്ന രഹസ്യ ഓപറേഷൻ നടത്തിയത്. കമീഷണർ സിവിൽ വേഷത്തിൽ ബാറിലെത്തിയിട്ടും ആരും തിരിച്ചറിഞ്ഞില്ല. ഫോൺ റെക്കോഡുകൾ, സി.സി ടി.വി ദൃശ്യങ്ങളടക്കം വിശദ വിവരങ്ങൾ ശേഖരിച്ചശേഷമാണ് ഔദ്യോഗിക നടപടികളിലേക്ക് കടന്നത്.
അശോക കുമാർ ആദ്യം ആരോപണങ്ങൾ നിഷേധിച്ചെങ്കിലും ബാറിലെത്തിയതിന്‍റെ സി.സി ടി.വി ദൃശ്യങ്ങൾ സഹിതം ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നു. മറ്റു ഉദ്യോഗസ്ഥരും തങ്ങളുടെ പങ്ക് വെളിപ്പെടുത്തി. ന്യൂയോർക്ക് സ്ക്വയർ ബാറിലെ പാർട്ണർ, മാനേജർ, ഇടനിലക്കാരൻ എന്നിവരും കമീഷണർക്ക് സുപ്രധാന മൊഴികൾ നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

