സർക്കാർ അറിയാതെ ബാർ ലൈസൻസ്: രണ്ടു ഡെപ്യൂട്ടി കമീഷണർമാർക്ക് സസ്പെൻഷൻ
text_fieldsതിരുവനന്തപുരം: യു.ഡി.എഫ് സർക്കാറിന്‍റെ പുതിയ മദ്യനയം അണിയറയിൽ തയാറാകുന്നതിനിടെ സർക്കാറോ മന്ത്രിയോ അറിയാതെ ബാർ ലൈസൻസ് അനുവദിച്ച സംഭവത്തിൽ രണ്ടു ഡെപ്യൂട്ടി എക്സൈസ് കമീഷണർമാർക്ക് സസ്പെൻഷൻ. ചട്ടപ്രകാരമാണ് ബാറുകൾക്ക് ലൈസൻസ് അനുവദിച്ചതെന്ന എക്സൈസ് കമീഷണറുടെ റിപ്പോർട്ട് തള്ളിയ മന്ത്രി എം. ലിജുവിന്‍റെ കർശന നിർദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത ഉത്തരവ് ശനിയാഴ്ച പുറത്തിറങ്ങിയത്.
എക്സൈസ് മന്ത്രി അറിയാതെ മൂവാറ്റുപുഴയിലും കൊച്ചിയിലും പാലായിലുമാണ് എക്സൈസ് ഡെപ്യൂട്ടി കമീഷണർമാർ ബിയർ-വൈൻ പാർലറുകൾക്ക് ബാർ ലൈസൻസ് അനുവദിച്ചത്. എറണാകുളം ഡെപ്യൂട്ടി കമീഷണർ പി.കെ. സതീഷ്, കോട്ടയം ജില്ലയുടെ ചുമതലയുള്ള പത്തനംതിട്ട ഡെപ്യൂട്ടി കമീഷണർ പി.എൽ. ഷിബു എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
ബാറുകൾക്ക് ലൈസൻസുകൾ അനുവദിച്ചത് തന്‍റെ അറിവോടെയല്ലെന്ന് എക്സൈസ് കമീഷണർ സീറാം സാംബശിവറാവു മന്ത്രിക്ക് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ, നടപടി ചട്ടപ്രകാരമാണെന്നും നിലവിലെ സർക്കാർ ഉത്തരവ് പ്രകാരമാണ് ലൈസൻസ് പുതുക്കിയതെന്നും എക്സൈസ് കമീഷണർ റിപ്പോർട്ടിൽ വ്യക്തമാക്കി. ബിയർ പാർലർ ലൈസൻസുള്ളവർ മദ്യവിൽപനക്ക് അപേക്ഷിച്ചൽ പരിശോധിച്ച് അത് നൽകണമെന്നാണ് വ്യവസ്ഥ. സസ്പെൻഡ് ചെയ്യപ്പെട്ട എറണാകുളം ഡെപ്യൂട്ടി കമീഷണർ കഴിഞ്ഞ ദിവസം 20,000 ലിറ്റർ സ്പിരിറ്റ് പിടിച്ച ഉദ്യോഗസ്ഥൻ കൂടിയാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. എന്നാൽ, ഈ വാദങ്ങളൊന്നും അംഗീകരിക്കാൻ മന്ത്രി എം. ലിജു തയാറായില്ല.

