വാരിക്കോരി ബാർ ലൈസൻസ്; കെ.ടി.ഡി.സി ബിയർ പാർലറുകൾ മദ്യശാലകളാകും
text_fieldsതിരുവനന്തപുരം: മദ്യാസക്തി കുറച്ചുകൊണ്ടുവരുമെന്ന വാഗ്ദാനത്തിലൂടെ അധികാരത്തിൽ വന്ന എൽ.ഡി.എഫ് സർക്കാർ ബാർ ലൈസൻസ് വാരിക്കോരി നൽകുന്നതിന് പുറമെ, കെ.ടി.ഡി.സി ബിയർ പാർലറുകളിലൂടെയും മദ്യവിൽപനക്ക് ഒരുങ്ങുന്നു. കേരള ടൂറിസം ഡെവലപ്മെന്റ് കോർപറേഷന് (കെ.ടി.ഡി.സി) കീഴിലെ 62 ബിയർപാർലറുകൾ ഘട്ടംഘട്ടമായി മദ്യാശാലകളാക്കി മാറ്റാനാണ് തീരുമാനം. തലസ്ഥാനത്തെ മാസ്കറ്റ് ഹോട്ടലിൽ നേരത്തേ ബാർ പ്രവർത്തിക്കുന്നുണ്ട്. പുറമെ, തമ്പാനൂരിലെ കെ.ടി.ഡി.സിയുടെ ചൈത്രം ഹോട്ടലിലും ബാർ തുറന്നു. കെ.ടി.ഡി.സിയുടെ മറ്റ് സ്ഥാപനങ്ങളുടെ നവീകരണം പൂർത്തിയാകുന്ന മുറക്ക് ബാർ തുടങ്ങുമെന്ന് ചെയർമാൻ പി.കെ. ശശി ‘മാധ്യമ’ത്തോട് പറഞ്ഞു. ബിയർ, വൈൻ പാർലർ ഉൾപ്പെടെ ത്രീ സ്റ്റാർ മുതൽ ക്ലാസിഫിക്കേഷനുള്ള ഹോട്ടലുകൾക്ക് ബാർ ലൈസൻസ് അനുവദിക്കാമെന്നാണ് നിയമം.
ഐ.ടി പാർക്കുകൾക്ക് സമാനമായി വ്യവസായ പാർക്കുകളിലും മദ്യം വിളമ്പാൻ ചർച്ച നടക്കുന്നുണ്ട്. വിദേശ സഞ്ചാരികൾ എത്തുന്ന കേന്ദ്രങ്ങളിലെ റസ്റ്റോറന്റുകൾക്ക് ടൂറിസം സീസണുകളിൽ ബിയർ, വൈൻ വിൽപനക്ക് പ്രത്യേക ലൈസൻസ് അനുവദിക്കാനും അനുമതി നൽകിയിരുന്നു.
ബാർ ലൈസൻസ് വാരിക്കോരി കൊടുക്കുന്ന സർക്കാർ നയത്തിന്റെ തുടർച്ചയായി എട്ടര വർഷത്തിനിടെ, സംസ്ഥാനത്തെ ബാറുകളുടെ എണ്ണം 802 എന്ന റെക്കോഡിലെത്തി. 2023-24ലെ മദ്യനയത്തിൽ എഫ്.എൽ- മൂന്ന് ലൈസൻസുള്ള 721 ബാറുള്ളതായി പറയുന്നു. 2016 ൽ ഒന്നാം പിണറായി സർക്കാർ അധികാരത്തിലെത്തുമ്പോൾ സംസ്ഥാനത്ത് ആകെയുണ്ടായിരുന്നത് 29 പഞ്ചനക്ഷത്ര ബാറാണ്. മൂന്ന് സ്റ്റാർ ക്ലാസിഫിക്കേഷൻ വരെയുള്ള ഹോട്ടലുകൾക്കെല്ലാം ബാർ ലൈസൻസ് നൽകുന്ന നയത്തിന്റെ ഭാഗമായി ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് 200 ബാർ ലൈസൻസ് അനുവദിച്ചു. പുറമെ, യു.ഡി.എഫ് സർക്കാർ പൂട്ടിയ 442 ബാർ ലൈസൻസും പുതുക്കി നൽകി. 2021ൽ ഒന്നാം പിണറായി സർക്കാറിന്റെ കാലാവധി പൂർത്തിയായപ്പോൾ ആകെ 671 ബാറാണ് ഉണ്ടായിരുന്നത്. ഇതിനുപുറമെ, വിനോദ സഞ്ചാരമേഖലയുടെ പേരിൽ കെ.ടി.ഡി.സിയുടെ 60ലേറെ ബിയർ പാർലറുകളിലൂടെയും മദ്യം വിളമ്പി വരുമാനമുണ്ടാക്കാനാണ് നീക്കം. പാലക്കാട് എലപ്പുള്ളിയിൽ സ്വകാര്യ കമ്പനിക്ക് ബ്രൂവറി അനുമതി നൽകിയതിൽ സർക്കാറിനെതിരെ വ്യാപക പ്രതിഷേധമുയരുന്നതിനിടെയാണ് ഈ നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

