ബാര് കോഴ: ചെന്നിത്തലയെ പ്രതിക്കൂട്ടിലാക്കി കേരള കോൺ. റിപ്പോർട്ട്
text_fieldsകോട്ടയം: കെ.എം. മാണിക്കെതിരായ ബാർ കോഴ ഗൂഢാലോചനയിൽ രമേശ് ചെന്നിത്തലയടക്കമുള്ള നേതാക്കെള പ്രതിക്കൂട്ടിൽ നിർത്തി കേരള കോൺഗ്രസ് അന്വേഷണ റിപ്പോർട്ട്. സമ്മർദത്തിലൂടെ കെ.എം. മാണിയുടെ പിന്തുണ നേടി മുഖ്യമന്ത്രിയാകാൻ ചെന്നിത്തല നടത്തിയ ഗൂഢാലോചനയാണ് കേസ്.
പി.സി. ജോർജ്, അടൂർ പ്രകാശ്, ജോസഫ് വാഴക്കൻ, ആർ. ബാലകൃഷ്ണപിള്ള, പി.സി. ജോസഫ്, ഫ്രാൻസിസ് ജോർജ്, ബിജു രമേശ്, വിജിലൻസ് ഉദ്യോഗസ്ഥരായിരുന്ന ജേക്കബ് തോമസ്, ആർ. സുകേശൻ എന്നിവർ ഗൂഢാലോചനയിൽ പങ്കാളികളായി. കെ.എം. മാണി മന്ത്രിസഭ മറിച്ചിടുമെന്ന് തെറ്റായ വിവരം നൽകിയതോടെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി ഇതിന് മൗനാനുവാദം നൽകിയെന്നും 71 പേജുള്ള റിപ്പോർട്ടിൽ പറയുന്നു.
ജോസ് വിഭാഗത്തിെൻറ ഇടത് പ്രവേശനത്തിനുപിന്നാലെ, സ്വകാര്യ ഏജൻസിയുടെ അന്വേഷണറിപ്പോർട്ടെന്ന പേരിൽ ജോസ് പക്ഷത്തെ ചില നേതാക്കൾതന്നെയാണ് ഇത് പുറത്തുവിട്ടത്. എന്നാൽ, പുറത്തുവന്ന റിപ്പോർട്ടിൽ സി.എഫ്. തോമസ് അധ്യക്ഷനായ അന്വേഷണ കമ്മിറ്റിയെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.
രമേശ് ചെന്നിത്തലയും ജോസഫ് വാഴക്കനും പി.സി. ജോർജും ജേക്കബ് തോമസും എറണാകുളത്തെ അഭിഭാഷകെൻറ വീട്ടിൽ ഒത്തുചേർന്നാണ് ഗൂഢാലോചന നടത്തിയത്. ചെന്നിത്തലയും അടൂർ പ്രകാശും പി.സി. േജാർജും മുണ്ടക്കയം സർക്കാർ അഥിതി മന്ദിരത്തിലും ഒത്തുചേർന്നിരുെന്നന്ന് റിപ്പോർട്ടിൽ പറയുന്നു.
മാണിക്കെതിരെ ബിജു രമേശ് ആരോപണം ഉന്നയിക്കുമെന്ന് ടി.എൻ. പ്രതാപനും ചെന്നിത്തലക്കും മറ്റ് ഉന്നത കോൺഗ്രസ് നേതാക്കൾക്കും അറിവുണ്ടായിരുന്നു. ക്വിക്ക് വെരിഫിക്കേഷൻ പ്രഖ്യാപിച്ച ചെന്നിത്തലയുടെ നടപടിയും ഗൂഢാലോചനയുടെ ഭാഗമായിരുന്നു. രണ്ടുദിവസത്തിനുശേഷം ഐ.എൻ.ടി.യു.സി പ്രസിഡൻറ് ആർ. ചന്ദ്രശേഖരൻ പാലായിലെ വസതിയിലെത്തി രമേശിെൻറ മുഖ്യമന്ത്രി മോഹം അറിയിച്ചെങ്കിലും മാണി തള്ളിയെന്നും റിപ്പോർട്ടിൽ പറയുന്നു.
ഔദ്യോഗിക റിപ്പോർട്ട് അല്ല –ജോസ് കെ. മാണി
കോട്ടയം: ബാർ കോഴയുമായി ബന്ധപ്പെട്ട് പുറത്തുവന്ന അന്വേഷണ റിപ്പോർട്ട് തള്ളി ജോസ് കെ. മാണി. അന്വേഷണ റിപ്പോർട്ട് പാർട്ടിയുടെ കൈവശമുണ്ട്. ഇത് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
മുമ്പും ഈ റിപ്പോർട്ട് എന്നുപറഞ്ഞ് മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. ഔദ്യോഗിക റിപ്പോർട്ട് പുറത്തുവിടാൻ തീരുമാനിച്ചിട്ടില്ല. യഥാർഥ റിപ്പോർട്ടല്ല പുറത്തുവന്നതെന്ന് സമിതി അംഗങ്ങളായിരുന്ന ആൻറണി രാജു, ഫ്രാൻസിസ് ജോർജ് എന്നിവരും പറഞ്ഞു.