You are here
ഡി.വൈ.എഫ്.െഎ നേതാക്കൾ ഉൾപ്പെട്ട ബാർ ആക്രമണം; നാലുപേർക്കെതിരെ കേസ്
നേതാക്കളെ പുറത്താക്കി നേതൃത്വം
തൊടുപുഴ: പുലർച്ച മദ്യം ചോദിച്ചെത്തുകയും നൽകാതിരുന്നതിന് ബാറിൽ അക്രമം നടത്തുകയും ചെയ്ത സംഘത്തിന് നേതൃത്വം നൽകിയ ഡി.വൈ.എഫ്.ഐ നേതാക്കളെ പുറത്താക്കി. ഡി.വൈ.എഫ്.ഐ മുതലക്കോടം മേഖല കമ്മിറ്റി സെക്രട്ടറി മാത്യൂസ് കൊല്ലപ്പിള്ളി, പ്രസിഡൻറ് ജിത്തു എന്നിവർ ഉൾപ്പെട്ട നാലംഗസംഘം റിസപ്ഷനിസ്റ്റിനെ മർദിച്ച് പണം കവർന്നതായാണ് കേസ്.
ഇവരെയാണ് പ്രാഥമിക അംഗത്വത്തിൽനിന്ന് നീക്കിയത്. ബാർ ഹോട്ടലിൽ പുലർച്ച ഒന്നേമുക്കാലോടെ മദ്യം ചോദിച്ചെത്തിയ മാത്യൂസ് കൊല്ലപ്പിള്ളി, ജിത്തു എന്നിവരുൾപ്പെട്ട നാലംഗ സംഘം റിസപ്ഷനിസ്റ്റിനെ മർദിച്ച് പോക്കറ്റിലുണ്ടായിരുന്ന 22,000 രൂപ അപഹരിച്ചെന്നാണ് കേസ്.
ലിജു, ഗോപീകൃഷ്ണൻ എന്നിവരാണ് ഒപ്പമുണ്ടായിരുന്ന രണ്ടുപേർ. തൊടുപുഴ ഇടുക്കി റോഡിലെ സിസിലിയ ഹോട്ടലിൽ വെള്ളിയാഴ്ച പുലർച്ച എത്തിയ സംഘമാണ് അക്രമം നടത്തിയതും പണം പിടിച്ചുപറിച്ചതും. പ്രവര്‍ത്തനസമയം കഴിഞ്ഞതിനാലും ചതയദിനമായതിനാലും മദ്യം ലഭ്യമല്ലെന്ന് ജീവനക്കാര്‍ അറിയിച്ചതില്‍ ക്ഷുഭിതരായ സംഘം മർദിക്കുകയായിരുന്നെന്ന് ബാർ ജീവനക്കാരൻ മൊഴിനൽകി.
എന്നാൽ, സംഭവം ഒതുക്കിത്തീർക്കാൻ തൊടുപുഴയിലെ സി.പി.എം ഏരിയ നേതാവ് ഇടപെട്ടതായി ആരോപണമുണ്ട്. നേരത്തേ കെ.എസ്.യുവിൽ പ്രവർത്തിച്ചിരുന്ന മാത്യൂസ് കൊല്ലപ്പിള്ളി രണ്ടുവർഷം മുമ്പാണ് എസ്.എഫ്.ഐയിൽ ചേർന്ന് പിന്നീട് ഡി.വൈ.എഫ്.ഐ നേതാവായി. ഒളിവിൽപോയ പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്ന് തൊടുപുഴ എസ്.ഐ എം.പി. സാഗർ പറഞ്ഞു.