വ്യാജ വെളിച്ചെണ്ണ: 29 ബ്രാന്‍ഡുകൾ നിരോധിച്ചു
text_fieldsതിരുവനന്തപുരം: മായം കലർത്തിയതായി കണ്ടെത്തിയ 29 വെളിച്ചെണ്ണ ബ്രാന്‍ഡുകൾ സംസ്ഥാനത്ത് നിരോധിച്ചു. കേരളത്തിലേക്ക് വ്യാജ വെളിച്ചെണ്ണയുടെ കുത്തൊഴുക്കുണ്ടായപ്പോഴാണ് സാമ്പിളുകള്‍ ശേഖരിച്ച് ഭക്ഷ്യസുരക്ഷാ ലാബുകളില്‍ പരിശോധനക്ക് അയച്ചത്. വിലകുറഞ്ഞ മറ്റ് ഭക്ഷ്യ എണ്ണ കലര്‍ത്തി വെളിച്ചെണ്ണ എന്ന ലേബലില്‍ വില്‍ക്കുന്നതായി പരിശോധയിൽ കണ്ടെത്തിയിരുന്നു.
ഇത്തരത്തില്‍ വില്പന നടത്തിയവര്‍ക്കെതിരെ 105 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തുടര്‍ച്ചയായി കേസുകള്‍ വന്ന 29 ബ്രാന്‍ഡുകളെയാണ് നിരോധിച്ചത്. കേര പ്ലസ്, ഗ്രീൻ കേരള, കേര എ വൺ, കേര സൂപ്പർ, കേര ഡ്രോപ്സ്, കേര നന്മ, ബ്ലേസ്, പുലരി, കോക്കോ ശുദ്ധം, കൊപ്ര നാട്, കോക്കനട്ട് നാട്, കേരശ്രീ, കേരതീരം, പവൻ, കൽപ്പ ഡ്രോപ്സ് കോക്കനട്ട് ഓയിൽ, ഓണം കോക്കനട്ട് ഓയിൽ, അമൃത പുവർ കോക്കനട്ട് ഓയിൽ, കേരള കോക്കോപ്രഷ് പ്യുവർ കോക്കനട്ട് ഓയിൽ, എ-വൺ സുപ്രീം അഗ്മാർക്ക് കോക്കനട്ട് ഓയിൽ, കേര ടേസ്റ്റി ഡബിൾ ഫിൽറ്റേർഡ് കോക്കനട്ട് ഓയിൽ, ടി.സി നാദാപുരം കോക്കനട്ട് ഓയിൽ, നട്ട് ടേസ്റ്റി കോക്കനട്ട് ഓയിൽ, കൊക്കോപാർക്ക് കോക്കനട്ട് ഓയിൽ, കൽപക (രാഖ്) ഫിൽറ്റേർഡ് പ്യുവർ കോക്കനട്ട് ഓയിൽ, പരിശുദ്ധി പ്യുവർ കോക്കനട്ട് ഓയിൽ റോസ്റ്റഡ് ആൻഡ് മൈക്രോ ഫിൽറ്റേർഡ്, നാരിയൽ ഗോൾഡ് കോക്കനട്ട് ഓയിൽ, കോക്കോ ഫിന നാച്യുറൽ കോക്കനട്ട് ഓയിൽ, പ്രീമിയം ക്വാളിറ്റി എ.ആർ പ്യുവർ കോക്കനട്ട് ഓയിൽ 100 ശതമാനം നാച്യുറൽ, കോക്കനട്ട് ടെസ്റ്റാ ഓയിൽ എന്നീ ബ്രാൻഡുകളാണ് നിരോധിച്ചത്.
വിലകുറഞ്ഞ മിനറൽ ഓയിലുകളാണ് വെളിച്ചെണ്ണയിൽ കലർത്തുന്നത്. തമിഴ്നാട്ടില്‍ പായ്ക്ക് ചെയ്ത് ലോറിയില്‍ കേരളത്തില്‍ എത്തിച്ചാണ് ഇവ വിതരണം ചെയ്യുന്നതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിലകുറച്ചാണ് തമിഴ്നാട്ടിൽനിന്ന് വെളിച്ചെണ്ണ വിപണിയിൽ എത്തിക്കുന്നത്. ഗ്രാമീണമേഖലകളിലാണ് ഇവ ഏറിയകൂറും വിറ്റഴിക്കുന്നതെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് കണ്ടെത്തിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.