ബാങ്കേഴ്സ് സമിതി യോഗം ഇന്ന്; ഇളവ് പ്രതീക്ഷിച്ച് വയനാട്
text_fieldsതിരുവനന്തപുരം: തിങ്കളാഴ്ച തലസ്ഥാനത്ത് ചേരുന്ന സംസ്ഥാന തല ബാങ്കേഴ്സ് സമിതി യോഗത്തെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് വയനാട്ടിലെ ദുരന്ത ബാധിതർ. ഉരുൾഭീകരതക്ക് മുന്നിൽ സകലതും നഷ്ടപ്പെട്ട ഇവരിൽ പലരുടെയും ചുമലിലുള്ളത് ഭാരിച്ച വായ്പ ബാധ്യതകളാണ്. മൊറട്ടോറിയത്തെക്കുറിച്ചാണ് ചർച്ചകളെങ്കിലും ദുരിതബാധിതരുടെ വായ്പകൾ എഴുതിത്തള്ളണമെന്നതാണ് പൊതുവിലെ ആവശ്യം.
ബാങ്കിങ് മേഖലയിലെ പ്രമുഖരടക്കം ഈ വാദം മുന്നോട്ടുവെച്ചിട്ടുണ്ട്. ദുരന്തം സകലതും നഷ്ടപ്പെടുത്തിയവർക്ക് വായ്പകളുടെ തിരിച്ചടവ് കാലാവധി നീട്ടി നൽകുന്നത് പര്യാപ്തമാകില്ലെന്നതാണ് വിലയിരുത്തലുകൾ. ഇരകളായവരുടെ സാമ്പത്തിക ബാധ്യതയിൽ മാനുഷിക പരിഗണന നൽകണമെന്ന് വിവിധ കോണുകളിൽനിന്നും ആവശ്യവും ഉയർന്നിരുന്നു.
ഈ പൊതുവികാരം ബാങ്കേഴ്സ് സമിതിയിൽ പ്രതിഫലിക്കുമോ എന്നതാണ് കണ്ടറിയേണ്ടത്. വായ്പകൾ എഴുതിത്തള്ളി കേരള ബാങ്ക് മാതൃകാപരമായ നീക്കം നടത്തിയിരുന്നു. ചൂരൽമല ശാഖയിലെ വായ്പക്കാരിൽ മരണപ്പെട്ടവരുടെയും ഈടു നൽകിയ വീടും വസ്തുവകകളും നഷ്ടപ്പെട്ടവരുടെയും മുഴുവൻ വായ്പകളുമാണ് എഴുതിത്തള്ളിയത്. ജില്ല തല ബാങ്കേഴ്സ് സമിതിയുടെ പ്രാഥമിക കണക്കെടുപ്പു പ്രകാരം 22 കോടി രൂപയുടെ വായ്പയാണു തിരിച്ചടയ്ക്കാനുള്ളതെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇവരിൽ ആരെയും വായ്പ തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ടു നേരിട്ടോ ഫോണിലൂടെയോ തപാലിലൂടെയോ ശല്യപ്പെടുത്തരുതെന്നു ബാങ്കേഴ്സ് സമിതി നിർദേശം നൽകിയിരുന്നു.
വായ്പ എഴുതിത്തള്ളുന്നതിന് സാമ്പത്തിക ബാധ്യത എത്രയാണെന്ന കണക്കെടുപ്പ് പൂർത്തിയാക്കണം. എഴുതിത്തള്ളൽ പ്രഖ്യാപിക്കുന്ന കാര്യം സർക്കാറാണ് പരിഗണിക്കേണ്ടത്. ബാധ്യത സർക്കാർ വഹിക്കേണ്ടി വരും. തോട്ടം തൊഴിലാളികളുടെ ക്ഷേമം മുൻനിര്‍ത്തിയ പ്രത്യേക വായ്പാപദ്ധതിയിൽ ഉൾപ്പെട്ടവര്‍ മുതൽ വിനോദ സഞ്ചാര മേഖലയിൽ മുതൽമുടക്കിയവര്‍ വരെ കേരള ബാങ്ക് ചൂരൽമല ശാഖയിൽ ഗുണഭോക്താക്കളായുണ്ട്.
മൊറട്ടേറിയങ്ങളിൽ ആദ്യം പരിഗണിക്കുന്നത് കാർഷിക വായ്പകളാണ്. 50 ശതമാനം വരെ കൃഷി നശിച്ചിട്ടുണ്ടെങ്കിൽ ഒരു വർഷത്തെ മൊറട്ടോറിയവും ഒരു വർഷത്തെ അധിക തിരിച്ചടവു കാലാവധിയും അനുവദിക്കാറുണ്ട്. 50 ശതമാനത്തിനുമേൽ കൃഷിനാശമുണ്ടെങ്കിൽ അഞ്ചു വർഷം വരെ തിരിച്ചടവു കാലാവധി നീട്ടി നൽകാം. അതേസമയം, വയനാട്ടിൽ പൂർണ കൃഷിനാശമാണ് കൃഷി വകുപ്പ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

