തൃശൂർ: ബാങ്ക് ജീവനക്കാരുടെ വേതന പരിഷ്കരണ കരാറിൽ മാനേജ്മെൻറുകളുടെ സംയുക്ത വേദിയായ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും (ഐ.ബി.എ) ഓഫിസർമാരുടെയും ജീവനക്കാരുടെയും ഐക്യവേദിയായ യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയൻസും (യു.എഫ്.ബി.യു) ഒപ്പുവെച്ചു. എന്നാൽ, യു.എഫ്.ബി.യുവിൽ അംഗമായ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബെഫി) ഒപ്പിട്ടിട്ടില്ല.
15 ശതമാനം വേതനവർധനവിനാണ് കരാറിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഇതിന് 2017 നവംബർ ഒന്ന് മുതൽ പ്രാബല്യമുണ്ട്. ഇതാദ്യമായി ബാങ്കിെൻറ പ്രകടന (പെർഫോമൻസ്) അധിഷ്ഠിത വേതനം എന്ന ഘടകം കരാറിൽ ഉൾപ്പെടുത്തി. എന്നാൽ, യു.എഫ്.ബി.യു ഉന്നയിച്ചിരുന്ന സ്പെഷൽ പേ അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിക്കൽ, അഞ്ച് ദിന പ്രവൃത്തി, പെൻഷൻ വിഷയങ്ങൾ എന്നിവ കരാറിൽ ഇടം പിടിച്ചില്ല.
യു.എഫ്.ബി.യുവിൽ ഉറച്ച് നിൽക്കുമെന്ന് പ്രഖ്യാപിച്ചാണ് ബെഫി കരാറിൽ ഒപ്പിടാതെ മാറിനിന്നത്. പെർഫോമൻസ് അടിസ്ഥാനമാക്കി ഇൻസൻറീവ് നൽകുന്നത് കരാറിൽ ഉൾപ്പെടുത്തിയത് ഇനിയുള്ള വേതന പരിഷ്കരണമടക്കം എല്ലാം പെർഫോർമൻസുമായി കൂട്ടിയിണക്കുന്നതിെൻറ തുടക്കമാണെന്ന് ബെഫി ചൂണ്ടിക്കാട്ടുന്നു.