കണ്ണനും സതീഷ് കുമാറും ചേർന്ന് പണം തട്ടിയെന്ന് പൊലീസിൽ പരാതി
text_fieldsതൃശൂർ: സി.പി.എം നേതാവ് എം.കെ. കണ്ണനും സതീഷ് കുമാറും ചേർന്ന് പണം തട്ടിയെന്ന് പൊലീസിൽ പരാതി. തൃശൂർ സർവിസ് സഹകരണ ബാങ്കിൽ നിക്ഷേപിച്ച 13 ലക്ഷം രൂപയിൽ നിന്ന് അരലക്ഷം രൂപ മാത്രം സഹോദരന് നൽകി 12.5 ലക്ഷം രൂപ ബാങ്ക് പ്രസിഡന്റായ എം.കെ. കണ്ണനും അയ്യന്തോൾ ബാങ്ക് മുൻ പ്രസിഡന്റ് സുധാകരനും സതീഷ് കുമാറും സഹായി പുല്ലഴി രാജേഷും ചേർന്ന് പങ്കിട്ടെടുത്തെന്ന് കാണിച്ച് തട്ടിപ്പിനിരയായ ഉണ്ണികൃഷ്ണന്റെ സഹോദരൻ എടക്കളിയൂർ അരുവള്ളി വീട്ടിൽ അനിൽകുമാർ ആണ് തൃശൂർ വെസ്റ്റ് പൊലീസിൽ പരാതി നൽകിയത്.
ഗുരുവായൂർ ഗ്രാമീൺ ബാങ്കിൽ ഉണ്ണികൃഷ്ണന് ഉണ്ടായിരുന്ന നാലര ലക്ഷം രൂപയുടെ വായ്പ ടേക്ക് ഓവർ ചെയ്യാൻ സതീഷ് കുമാർ പലിശ സഹിതം 7.5 ലക്ഷം രൂപ അടക്കുകയും ആധാരം കൈപ്പറ്റുകയും ചെയ്തു. പിന്നീട് ആധാരം കരുവന്നൂർ ബാങ്കിലേക്കും അയ്യന്തോൾ ബാങ്കിലേക്കും കൊണ്ടുപോയി. സുധാകരന്റെ സാന്നിധ്യത്തിൽ പുല്ലഴിയിലെ വിലാസം കാണിച്ച് ബാങ്കിൽ അംഗത്വം നൽകുകയും 13 ലക്ഷം പാസാക്കുകയും തൃശൂർ സർവിസ് സഹകരണ ബാങ്കിൽ അക്കൗണ്ട് എടുപ്പിച്ച് ആ പണം ജില്ല ബാങ്ക് വഴി ഇവിടേക്ക് മാറ്റുകയും ചെയ്തു. തൃശൂർ ബാങ്കിലെ പാസ് ബുക്കും ഒപ്പിട്ട ചെക്ക് ലീഫുകളും ഉണ്ണികൃഷ്ണനിൽ നിന്ന് വാങ്ങിയ സതീഷ് കുമാർ 50,000 രൂപ മാത്രമാണ് നൽകിയത്. ബാക്കി തുകയുടെ വിവരം ഇതുവരെ അറിയിച്ചില്ല.
എന്നാൽ, നാലര ലക്ഷം രൂപ വായ്പ എടുത്ത സഹോദരന് അയ്യന്തോൾ ബാങ്കിൽ പിന്നീട് ഇത് അവസാനിപ്പിക്കുമ്പോൾ 18 ലക്ഷം രൂപയും അടക്കേണ്ടി വന്നു. സതീഷ് കുമാറും കൂട്ടുപ്രതികളും ചേർന്ന് തന്നെയും കുടുംബത്തെയും ചതിച്ചെന്നും അടിയന്തരമായി അന്വേഷിച്ച് നിയമപരമായ നടപടി ഉറപ്പാക്കണമെന്നും അനിൽകുമാർ പരാതിയിൽ ആവശ്യപ്പെട്ടു.
നിക്ഷേപങ്ങള്‍ സുരക്ഷിതം -മന്ത്രി വാസവന്‍
തിരുവനന്തപുരം: സഹകരണ മേഖലയിലെ നിക്ഷേപങ്ങള്‍ സുരക്ഷിതമല്ലെന്ന വാദം വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്നും ഗൂഢശ്രമത്തിന്റെ ഭാഗമാണന്നും മന്ത്രി വി.എന്‍. വാസവന്‍. സഹകരണ നിക്ഷേപ ഗാരന്‍റി ബോര്‍ഡ് സഹകരണ സംഘങ്ങളിലെ നിക്ഷേപത്തിന് സുരക്ഷ ഉറപ്പുനല്‍കുന്നുണ്ട്. അഞ്ച് ലക്ഷം രൂപയുടെ ഗാരന്‍റിയാണ് ഉറപ്പുനല്‍കുന്നത്. വാണിജ്യ ബാങ്കുകളിലെ നിക്ഷേപത്തിന് അഞ്ച് ലക്ഷം രൂപയുടെ പരിരക്ഷയേയുള്ളൂ.
പ്രതിന്ധി നേരിടുന്ന സംഘങ്ങളെ സംരക്ഷിക്കാന്‍ പുതുതായി പുനരുദ്ധാരണ നിധി രൂപവത്കരിച്ച് 1200 കോടി രൂപ സജ്ജമാക്കിയിരുന്നു. സഹകരണ വികസന ക്ഷേമനിധി ബോര്‍ഡില്‍നിന്ന് ധനസഹായം നല്‍കുന്ന പദ്ധതിയും നിലവിലുണ്ട്. ഇതൊക്കെ മറച്ചുവെച്ചാണ് വസ്തുതവിരുദ്ധമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.