ബാങ്ക് ഓഫിസർ നിയമനം: അഭിമുഖ കേന്ദ്രങ്ങളിൽ കേരളമില്ല
text_fieldsതൃശൂർ: രാജ്യത്തെ പൊതുമേഖല ബാങ്കുകളിലെ ഓഫിസർ തസ്തികയിൽ നിയമനത്തിന് ഐ.ബി.പി.എസ് (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സനൽ സെലക്ഷൻ) നടത്തുന്ന അഭിമുഖത്തിനുള്ള കേന്ദ്രങ്ങളിൽനിന്ന് കേരളം പുറത്ത്. കേരളത്തിൽനിന്ന് പരീക്ഷ പാസാകുന്നവർക്ക് കേരളത്തിൽ തന്നെയായിരുന്നു മുമ്പ് അഭിമുഖം. സംസ്ഥാനത്തെ ലീഡ് ബാങ്കായ കനറാ ബാങ്കിനായിരുന്നു ഇതിന്റെ ചുമതല. ഇത്തവണ പരീക്ഷ ഫലം കഴിഞ്ഞ ദിവസമാണ് പ്രസിദ്ധീകരിച്ചത്.
എന്നാൽ, അഭിമുഖത്തിന് കത്ത് ലഭിച്ചവരോട് ബംഗളൂരുവിൽ ഹാജരാകാനാണ് ഐ.ബി.പി.എസ് നിർദേശം നൽകിയത്. ഔദ്യോഗിക ഉത്തരവൊന്നും പുറപ്പെടുവിക്കാതെ രഹസ്യമായാണ് നീക്കം. രാജ്യത്ത് സർക്കാർ നിയന്ത്രണത്തിലുള്ള ബാങ്കിങ് സർവിസ് റിക്രൂട്ട്മെൻറ് ബോർഡ് (ബി.എസ്.ആർ.ബി) ആയിരുന്നു പൊതുമേഖല ബാങ്കുകളിൽ ജീവനക്കാരെ നിയമിച്ചിരുന്നത്. 2001ൽ അന്നത്തെ സർക്കാർ ബജറ്റ് അവതരണ വേളയിലാണ് യു.പി.എസ്.സിക്ക് സമാനമായ ബി.എസ്.ആർ.ബി പിരിച്ചുവിട്ടത്. പിന്നീട് ജീവനക്കാരുടെ സംഘടനകളുടെയും യുവജന പ്രസ്ഥാനങ്ങളുടെയും നിരന്തര ഇടപെടലുകളുടെയും പ്രക്ഷോഭങ്ങളുടെയും ഫലമായാണ് ഐ.ബി.പി.എസ് എന്ന സംരംഭം തുടങ്ങാൻ കേന്ദ്ര സർക്കാർ നിർബന്ധിതമായത്.
ബി.എസ്.ആർ.ബി ഉണ്ടായിരുന്ന കാലത്ത് കേരളത്തിൽ പരീക്ഷക്കും അഭിമുഖത്തിനും കേന്ദ്രം അനുവദിച്ചിരുന്നു. ഇതാണ് ഇപ്പോൾ നിർത്തലാക്കിയത്. സംസ്ഥാനത്ത് ബാങ്ക് ഓഫിസർ നിയമനത്തിന് ശ്രമിക്കുന്ന സാധാരണക്കാരായ ഉദ്യോഗാർഥികളെ പ്രയാസപ്പെടുത്തുന്നതാണ് ഈ നടപടി. കേരളത്തിലെ അഭിമുഖ കേന്ദ്രം പുനഃസ്ഥാപിക്കണമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു. ഐ.ബി.പി.എസ് നടപടിക്കെതിരെ എല്ലാ ജില്ല കേന്ദ്രങ്ങളിലും വ്യാഴാഴ്ച പ്രകടനം നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് ടി. നരേന്ദ്രനും ജനറൽ സെക്രട്ടറി എസ്.എസ്. അനിലും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

