തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ ഒന്നാംപ്രതി ബിജു കരീമിനൊപ്പം മുൻ മന്ത്രി എ.സി. മൊയ്തീൻ നിൽക്കുന്ന ചിത്രം പുറത്തുവിട്ട് ബി.ജെ.പി. പ്രതികളുടെ ഭാര്യമാർക്ക് പങ്കാളിത്തമുള്ള സൂപ്പർമാർക്കറ്റ് ഉദ്ഘാടനം ചെയ്തത് അന്ന് മന്ത്രിയായിരുന്ന എ.സി. മൊയ്തീനാണെന്നും ഉദ്ഘാടന ചടങ്ങിൽ മന്ത്രിക്കൊപ്പം ബിജു കരീമും ഉണ്ടായിരുന്നെന്നും ബി.ജെ.പി ആരോപിച്ചു.
2019 ജനുവരി 20നാണ് സൂപ്പർമാർക്കറ്റ് ഉദ്ഘാടനം ചെയ്തത്. നടവരമ്പിലെ സൂപ്പർ മാർക്കറ്റിൽ ബിജു കരീമിെൻറയും സി.കെ. ജിൽസിെൻറയും ഭാര്യമാർക്കും പങ്കാളിത്തമുണ്ടെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി.
പങ്കെടുത്തത് ജനപ്രതിനിധിയെന്ന നിലയിൽ; ബാങ്കിൽ ബന്ധുക്കളില്ല –എ.സി. മൊയ്തീൻ
തൃശൂർ: നടവരമ്പിലെ സൂപ്പർ മാർക്കറ്റ് ഉദ്ഘാടനത്തിൽ പങ്കെടുത്തിരുന്നെന്നും ജനപ്രതിനിധി എന്ന നിലയിലായിരുന്നു അതെന്നും മുൻ മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു.
സ്ഥലം എം.എൽ.എയും മറ്റ് രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളും പങ്കെടുത്തിരുന്നു. തെൻറ ഒരു ബന്ധുവും കരുവന്നൂർ സഹകരണ ബാങ്കിൽ ഇല്ലെന്നും മുൻ മാനേജർ ബിജു കരീമിനെ അറിയില്ലെന്നും മൊയ്തീൻ പറഞ്ഞു. കൊടകര കുഴൽപണക്കേസിൽ മുഖം നഷ്ടപ്പെട്ട ബി.ജെ.പി സി.പി.എമ്മിനെതിരെ കാടടച്ച് വെടിവെക്കുകയാണ്. തട്ടിപ്പ് വിഷയത്തിൽ പാർട്ടി പ്രതിരോധത്തിലല്ലെന്നും കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതാണെന്നും മൊയ്തീൻ വ്യക്തമാക്കി.