ബാങ്ക് ജപ്തി: താമസക്കാരെ വീടുകളിൽനിന്ന് ഇറക്കിവിടരുത് -മുഖ്യമന്ത്രി
text_fieldsപിണറായി വിജയൻ
കൊച്ചി: വായ്പ തിരിച്ചുപിടിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുമ്പോൾ ജപ്തിയുടെ ഭാഗമായി വീടുകളിൽനിന്ന് താമസക്കാരെ ഇറക്കിവിടുന്ന സാഹചര്യം ഒഴിവാക്കാൻ ബാങ്കുകൾ ശ്രമിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രത്യേകിച്ച് ഏക ഭവനം മാത്രമുള്ളവരെ. വെറും പണമിടപാട് സ്ഥാപനങ്ങൾ മാത്രമായി ബാങ്കുകൾ മാറരുത്. കുട്ടികൾക്ക് പരീക്ഷകളുള്ള മാസങ്ങളിൽ ജപ്തി നടപടികളിൽനിന്ന് വിട്ടുനിൽക്കണം. ബാങ്കുകൾ പ്രത്യേകിച്ച് സഹകരണ ബാങ്കുകൾ സാമൂഹിക പ്രതിബദ്ധതയോടെ പെരുമാറണം. കേരള ബാങ്ക് സംഘടിപ്പിച്ച ഐ.ടി കോൺക്ലേവ് ഇടപ്പള്ളി മാരിയറ്റ് ഹോട്ടലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ബാങ്കിങ് മേഖലയിൽ കേരളം നടത്തിയ മാതൃകാപരമായ മുന്നേറ്റമാണ് കേരള ബാങ്ക് രൂപവത്കരണം. 2019ൽ കേരള ബാങ്ക് രൂപവത്കരിച്ചപ്പോൾ സഞ്ചിത നഷ്ടം 1,151 കോടി രൂപയായിരുന്നു. ഈ അവസ്ഥയിൽനിന്ന് 2023-24 വർഷത്തിൽ 250 കോടി അറ്റലാഭത്തിലേക്ക് ബാങ്കിന് എത്താനായി. ജനങ്ങൾക്ക് ബാങ്കിലുള്ള വിശ്വാസമാണ് ഇത് കാണിക്കുന്നത്. ബാങ്കിന്റെ ആകെ ബിസിനസ് ഏകദേശം 1,22,500 കോടിയാണ്. കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാങ്കുകളുടെ മൊത്തം ബിസിനസ് കണക്കാക്കുമ്പോൾ കേരള ബാങ്കിന് മൂന്നാം സ്ഥാനമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
സഹകരണ മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിച്ചു. കേരള ബാങ്കിന്റെ കൊച്ചി ആസ്ഥാനത്ത് രൂപവത്കരിക്കുന്ന സ്റ്റാർട്ടപ്പ് ഇന്നൊവേഷൻ ഹബ്ബിന്റെ ധാരണപത്രം വ്യവസായ മന്ത്രി പി. രാജീവ് പ്രകാശനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

