ബാങ്ക് അക്കൗണ്ടുകൾ വാടകക്ക് നൽകുന്നവരുടെ ശ്രദ്ധക്ക്; നിരവധി പേർ നിരീക്ഷണത്തിൽ
text_fieldsകണ്ണൂർ: ഡിജിറ്റൽ അറസ്റ്റടക്കമുള്ള ഓൺലൈൻ തട്ടിപ്പുകൾക്ക് പുറമെ മയക്കുമരുന്ന് ഇടപാടുകാർക്ക് വേണ്ടിയും ജില്ലയിലടക്കം ബാങ്ക് അക്കൗണ്ടുകളും സിം കാർഡുകളും വിൽപനക്ക്. അന്യ സംസ്ഥാന ലോബികളുടെ തട്ടിപ്പിന് ഇരയായവരും കൂട്ടുനിൽക്കുന്നവരും ഏറെയും മലയാളികൾ. ചെറിയ തുക മുതൽ കോടികൾ വരെ വാടക അക്കൗണ്ടുകൾ വഴി കൈമാറുന്നതായാണ് വിവരം. നേരത്തെ ഓൺലൈൻ തടിപ്പുകൾക്ക് മാത്രമാണ് അക്കൗണ്ട് വിറ്റ് കമ്മീഷൻ വാങ്ങിയതെങ്കിൽ അടുത്തിടെയാണ് മയക്കുമരുന്ന് മാഫിയകൾക്ക് വേണ്ടിയും അക്കൗണ്ടുകൾ വിൽക്കാൻ തുടങ്ങിയത്. അക്കൗണ്ട് വിറ്റ് കമ്മീഷൻ വാങ്ങുന്ന പലരും പൊലീസിന്റെ നിരീക്ഷണത്തിലാണുള്ളത്. ചിലർ പിടിയിലാവുകയും ചെയ്തിട്ടുണ്ട്.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിരവധി പേർ അക്കൗണ്ടും സിം കാർഡും വിൽപന നടത്തി വലിയ തുക നേടിയതായി പൊലീസിന് വീണ്ടും വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരം തട്ടിപ്പിന് കൂട്ടു നിൽക്കുക വഴി നിശ്ചിത ശതമാനം തുക തുടക്കത്തിൽ നൽകും. പിന്നാലെ പണം അക്കൗണ്ടിൽ എത്തുന്ന മുറക്ക് കമ്മീഷൻ തുകയും ലഭിക്കും. സംസ്ഥാനത്തിന് പുറത്തുള്ള ലോബികളാണ് മയക്കുമരുന്ന് കടത്തിന്റെയും ഓൺ ലൈൻ തട്ടിപ്പിന്റെയും പിന്നിൽ ഏറെയും പ്രവർത്തിക്കുന്നത്. എന്നാൽ ഇവർ മലയാളികളെ വലയിൽ വീഴ്ത്തുവാൻ മലയാളികളായ ആളുകളെത്തന്നെ കുട്ടുപിടിക്കുന്നുവെന്നതാണ് കണ്ടെത്തൽ. വാടക അക്കൗണ്ടുകൾ വഴി പണം കൈമാറിയാൽ സംഘത്തലവൻമാർ പിടിക്കപ്പെടില്ലെന്നതാണ് അവരെ ഇതിന് പ്രേരിപ്പിച്ചത്. അക്കൗണ്ടും സിം കാർഡും എടുപ്പിച്ച ശേഷം ആ അക്കൗണ്ടിലേക്കാണ് മയക്കുമരുന്നിൻന്റെയും മറ്റ് സൈബർ തട്ടിപ്പുകളുടെയും പണം നിക്ഷേപിക്കുന്നത്.
മാസങ്ങൾക്ക് മുൻപ് ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകാർക്ക് അക്കൗണ്ട് വിൽപന നടത്തിയ പാപ്പിനിശ്ശേരി സ്വദേശി ഗോവ പൊലീസിന്റെ പിടിയിലായിരുന്നു. പൊലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്ത് കൊണ്ടുപോയപ്പോൾ മാത്രമാണ് യുവാവും വീട്ടുകാരും കെണിയുടെ കാര്യം അറിഞ്ഞത്. കഴിഞ്ഞ മാസം ഇരിട്ടിയിൽ വൻ തോതിൽ എം.ഡി.എം.എയുമായി യുവതിയടക്കം പിടിയിലായ കേസിൽ നടുവിൽ കൊക്കായി സ്വദേശിയായ യുവാവിന്റെ അക്കൗണ്ട് വഴിയാണ് പണമിടപാട് നടന്നതെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരിക്കയാണ്. ഇരിട്ടിയിൽ വണ്ടിയിൽ കാന്തപ്പെട്ടിയിൽ മയക്കുമരുന്ന് കടത്തിയ കേസിൽ പിടിയിലായ ഏഴാമൻ അക്കൗണ്ട് വാടകക്ക് നൽകിയയാളാണ്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ മയക്കുമരുന്ന് സംഘത്തിന്റെ രണ്ട് കോടിയിലധികം രൂപ കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതിയുടെ 15 അക്കൗണ്ടുകൾ വഴിയാണ് കൈമാറിയതെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.

