ബാങ്ക് അക്കൗണ്ട് നിയമ വിരുദ്ധമായി മരവിപ്പിച്ചു; എസ്.ബി.ഐ മാനേജർ 30,000 രൂപ നഷ്ടപരിഹാരം നൽകണം
text_fieldsറാന്നി: ബാങ്ക് അക്കൗണ്ട് നിയമ വിരുദ്ധമായി മരവിപ്പിച്ച എസ്.ബി.ഐ ബാങ്ക് മാനേജർ 30,000 രൂപ നഷ്ടപരിഹാരം നൽകാന്‍ വിധി. അയിരൂർ വില്ലേജിൽ തടിയൂർ തുഷാരം വീട്ടിൽ ആർ. അനിൽ കുമാർ എസ്.ബി.ഐ കോഴഞ്ചേരി ബ്രാഞ്ച് മാനേജർക്കെതിരെയും എസ്.ബി.ഐ കോന്നി ബ്രാഞ്ച് മാനേജർക്കെതിരെയും പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമീഷനിൽ ഫയൽ ചെയ്ത പരാതിയിലാണ് ഉത്തരവ്.
എസ്.ബി.ഐ കോഴഞ്ചേരി ശാഖയിലെ ഒരു അക്കൗണ്ട് ഹോൾഡർ ആയ അനില്‍കുമാറിന് 2023 നവംബറിൽ 50,000 രൂപ അക്കൗണ്ടിൽനിന്നു പിൻവലിക്കുന്നത് ബാങ്ക് തടഞ്ഞിരുന്നു. കൂടാതെ, മകളുടെ വിദ്യാഭ്യാസ വായ്പ അടക്കുന്നതിന് വേണ്ടി എസ്.ബി.ഐ കോന്നി ശാഖയിലേക്ക് അയച്ച 20,000 രൂപ ബാങ്ക് മരവിപ്പിക്കുകയും ചെയ്തു. ഇതിന്‍റെ കാരണം ചോദിച്ചപ്പോൾ കർണാടകയിലെ കോലാർ ടൗൺ പൊലീസ് എസ്.എച്ച്.ഒയുടെ നിർദേശം അനുസരിച്ചാണ് അക്കൗണ്ടുകൾ മരവിപ്പിച്ചത് എന്നാണ് അറിയിച്ചത്.
ഒരു ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലാണ് അക്കൗണ്ടുകൾ മരവിപ്പിച്ചെതെന്ന് പിന്നീട് അറിയാനായി. എന്നാൽ, പരാതിക്കാരന് കേസുമായി ഒരു ബന്ധവുമില്ല. 08.08.2023ൽ ഒരു ഓൺലൈൻ പർച്ചേസുമായി ബന്ധപ്പെട്ട് 19,000 രൂപ നഷ്ടപ്പെട്ട വിവരം ടോൾ ഫ്രീ നമ്പറായ 1930ൽ വിളിച്ചു പറഞ്ഞിരുന്നു. എന്നാൽ നാളിതുവരെയായി നഷ്‌ടപ്പെട്ട 19,000 രൂപ പരാതിക്കാരന് കിട്ടിയിട്ടില്ല. ഇതിനിടെയാണ് ബാക്ക് അക്കൗണ്ട് കൂടി മരവിപ്പിച്ചത്. പിന്നാലെയാണ് ഉപഭോക്തൃ തർക്കപരിഹാര കമീഷനെ സമീപിച്ചത്.
നിയമ പ്രകാരമുള്ള വ്യവസ്ഥകൾ പാലിക്കാതെയാണ് അക്കൗണ്ട് മരവിപ്പിച്ചതെന്ന് കമീഷൻ കണ്ടെത്തി. ഒരു അക്കൗണ്ട് മരവിപ്പിക്കണമെങ്കിൽ സി.ആര്‍.പി.സി സെക്ഷന്‍ 102 പ്രകാരം അധികാര പരിധിയിൽ വരുന്ന മജിസ്ട്രേറ്റിനെ അറിയിക്കണമെന്നാണ് വ്യവസ്ഥ. കേരള ഹൈകോടതി ഇതു വ്യക്തമാക്കിയതാണ്. അക്കൗണ്ട് മരവിപ്പിച്ച നടപടി പിൻവലിക്കാനും നഷ്ടപരിഹാരമായി 20,000 രൂപയും കോടതി ചെലവിനായി 10,000 രൂപയും ചേർത്ത് 30,000 രൂപ അനില്‍കുമാറിന് നൽകണമെന്നാണ് കമീഷൻ പ്രസിഡന്‍റ് ബേബിച്ചൻ വെച്ചൂച്ചിറയും നിഷാദ് തങ്കപ്പനും ഉത്തരവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

