ഏഴിമല നാവിക അക്കാദമിയിൽ പിടിയിലായ ബംഗ്ലാദേശ് പൗരൻ റിമാൻഡിൽ
text_fieldsപയ്യന്നൂർ: ഏഴിമല നാവിക അക്കാദമിയിൽ പിടിയിലായ ബംഗ്ലാദേശ് പൗരൻ റിമാൻഡിൽ. കരാർ ജോലി ചെയ്തുവരികയായിരുന്ന ബംഗ്ലാദേശ് പൗരൻ മുർഷിദാബാദ് നബാഗ്രാം സ്വദേശി അനിൽ സോറന്റെ മകൻ ബിപ് ലോബ് സോറനെയാണ് (32) പയ്യന്നൂർ കോടതി റിമാൻഡ് ചെയ്തത്.
പൊലീസ് ഉൾപ്പെടെ വിവിധ അന്വേഷണ ഏജൻസികളുടെ വിശദമായ ചോദ്യം ചെയ്യലിനുശേഷമാണ് ഇയാളെ പയ്യന്നൂർ കോടതിയിൽ ഹാജരാക്കിയത്. ഇയാൾ നാവിക അക്കാദമിയിൽ എത്തിയതിൽ ദുരൂഹതയില്ലെന്നാണ് പ്രാഥമിക നിഗമനം.
ബംഗ്ലാദേശ് സ്വദേശിയായ ബിപ് ലോ ബ് സോറൻ പശ്ചിമ ബംഗാളിലെ മുർഷിദാബാദിലാണ് വിവാഹം കഴിച്ചത്. ഇവിടെ നിന്നാണ് സുഹൃത്തുക്കൾ മുഖേന ജോലി ആവശ്യാർഥം കേരളത്തിലെത്തിയതെന്ന് പൊലീസിന് ഇയാൾ മൊഴി നൽകിയിട്ടുണ്ട്. വെള്ളിയാഴ്ചയാണ് ബിപ് ലോബ് സോറനെ നാവിക അക്കാദമി അധികൃതർ പിടികൂടിയത്. ബംഗ്ലാദേശ് പൗരത്വം മറച്ചുവെച്ച് മതിയായ രേഖകളോ വിസയോ ഇല്ലാതെ താമസിച്ചു വരുന്നതിനിടെയാണ് ഇയാളെ നാവികസേന അധികൃതർ പിടികൂടിയത്.
ജില്ലയിൽ പലയിടങ്ങളിൽ നിന്നായി യുവതികൾ ഉൾപ്പെടെയുള്ള ബംഗ്ലാദേശ് പൗരന്മാരെ കണ്ടെത്തി പൊലീസ് പിടികൂടുന്നതിനിടെയാണ് ഏഷ്യയിലെ ഏറ്റവും വലിയ നാവിക പരിശീലന കേന്ദ്രമായ ഏഴിമല നാവിക അക്കാദമിയിൽ ലോൺട്രി മേഖലയിൽ കരാർ തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്ന ബംഗ്ലാദേശ് പൗരൻ പിടിയിലായത്.
കഴിഞ്ഞ ദിവസം ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അധികൃതർ നിരീക്ഷിച്ചു വരികയായിരുന്നു. പിടിയിലായ ബംഗ്ലാദേശ് പൗരനെ നാവിക അക്കാദമി ഉദ്യോഗസ്ഥർ വിശദമായി ചോദ്യം ചെയ്‌തപ്പോഴാണ് ബംഗ്ലാദേശ് പൗരത്വ രേഖകളും മറ്റും ഇയാളുടെ ഫോണിൽ നിന്നും കണ്ടെത്തിയത്. നാവിക അധികൃതരുടെ വിശദമായപരിശോധനക്കു ശേഷം ഇയാളെ വെള്ളിയാഴ്ച രാത്രിയോടെ പയ്യന്നൂർ പൊലീസിന് കൈമാറുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

