കോഴിക്കോട്: ബംഗ്ലാദേശിൽ ദുർഗാ പൂജയുമായി ബന്ധപ്പെട്ട് ഉടലെടുത്ത അക്രമങ്ങളും സാമുദായിക സംഘർഷങ്ങളും അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് അഭിപ്രായപ്പെട്ടു. വർഗീയാക്രമണങ്ങളും നിയമലംഘനങ്ങളും ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്നതാണ്. ആരാധാനാലയങ്ങൾ തകർക്കുന്നത് ഇസ്‌ലാമികമോ ജനാധിപത്യപരമോ അല്ല. വർഗീയവും വംശീയവുമായ ഇടുങ്ങിയ ചിന്തയിൽ രാജ്യത്ത് കുഴപ്പങ്ങളുണ്ടാക്കുന്നവർ മനുഷ്യദ്രോഹികളും രാജ്യദ്രോഹികളുമാണ് -അദ്ദേഹം പറഞ്ഞു.
ബംഗ്ലാദേശ് സർക്കാർ ഈ പ്രശ്നത്തെ അതിൻ്റേതായ ഗൗരവത്തിൽ എത്രയും വേഗം പരിഹരിക്കുകയും കുറ്റവാളികളെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കുകയും വേണം. ന്യൂനപക്ഷങ്ങൾക്ക് ആശങ്കയുണ്ടാക്കാത്ത വിധം അവരുടെ ജീവനും ആരാധനാലയങ്ങൾക്കും ബംഗ്ലാദേശ് സർക്കാർ പൂർണ സംരക്ഷണം ഉറപ്പു വരുത്തണമെന്നും അമീർ ആവശ്യപ്പെട്ടു