ബംഗ്ലാദേശിലെ സംഭവം കേരളത്തിലേതെന്ന പേരിൽ വ്യാജപ്രചാരണം; ലക്ഷ്യമിട്ടത് വർഗീയ ധ്രുവീകരണം
text_fieldsകൊച്ചി: ബംഗ്ലാദേശിൽ നടന്ന ദാരുണമായ ഒരു അക്രമസംഭവം കേരളത്തിൽ നടന്നതാണെന്ന പേരിൽ സമൂഹി മാധ്യമങ്ങളിൽ വ്യാപകമായ വ്യാജപ്രചാരണം. സ്വന്തം മക്കളെ ലൈംഗികമായി പീഡിപ്പിച്ചതിന് പിതാവിന്റെ ജനനേന്ദ്രിയം മക്കൾ മുറിച്ചുമാറ്റിയെന്ന അവകാശവാദത്തോടെയാണ് സമൂഹമാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിക്കുന്നത്. എന്നാൽ, ഈ വാർത്ത അടിസ്ഥാനരഹിതമാണെന്ന് ‘ആൾട്ട് ന്യൂസ്’ നടത്തിയ വസ്തുതാപരിശോധനയിൽ വ്യക്തമായി.
യാഥാർഥ്യം ഇതാണ്
ബംഗ്ലാദേശിലെ ഫരീദ്‌പുർ ജില്ലയിലെ ഭംഗ ഉപാസിലയിലെ ഹോഗ്‌ലദംഗി സദാർദി ഗ്രാമത്തിലാണ് സംഭവം നടന്നത്. ഹനീഫ് ഷെയ്ഖ് എന്നയാളുടെ ജനനേന്ദ്രിയം അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയായ സുമയ അക്തർ സുമി മുറിച്ചുമാറ്റുകയായിരുന്നു. ജൂൺ 29നാണ് ഈ സംഭവം റിപ്പോർട്ട് ചെയ്തത്. ഉറങ്ങിക്കിടക്കുകയായിരുന്ന ഭർത്താവിന്റെ ജനനേന്ദ്രിയം ഭാര്യ മുറിച്ചുമാറ്റുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കുടുംബത്തിലെ അസ്വാരസ്യങ്ങളും ഭർത്താവിന്റെ അവിഹിത ബന്ധങ്ങളുമാണ് കൊടുംക്രൂരതയിലേക്ക് നയിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. സംഭവത്തിൽ സുമയ അക്തർ സുമിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വ്യാജപ്രചാരണം ഇങ്ങനെ
ജൂൺ 30നാണ് ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായത്. ‘ബോയിൽഡ് അൺഡ’, ‘ഹർമൻ സിങ് കപൂർ’ തുടങ്ങിയ എക്സ് അക്കൗണ്ടുകൾ വഴിയാണ് കേരളത്തിലെ ഒരു പിതാവിനെതിരെ മക്കൾ നടത്തിയ ആക്രമണമെന്ന വ്യാജേന വീഡിയോ പ്രചരിപ്പിച്ചത്. ലക്ഷക്കണക്കിന് ആളുകളാണ് ഈ പോസ്റ്റുകൾ കണ്ടത്. നേരത്തേയും വർഗീയ പ്രേരിതമായ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചിട്ടുള്ള അക്കൗണ്ടുകളാണ് ഇതിന് പിന്നിലെന്നും വസ്തുതാപരിശോധനയിൽ തെളിഞ്ഞു.
ബംഗ്ലാദേശിലെ ‘ന്യൂസ് 21’ എന്ന മാധ്യമം ജൂൺ 29ന് പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങളാണ് വളച്ചൊടിച്ച് കേരളത്തിലെന്ന പേരിൽ പ്രചരിപ്പിച്ചത്. ഇത്തരം വ്യാജവാർത്തകൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും വസ്തുതകൾ പരിശോധിക്കാതെ പങ്കുവെക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

