ബാണാസുര: മുന്നറിയിപ്പില്ലാതെ ഷട്ടർ ഉയർത്തി; നൂറുകണക്കിന് വീടുകൾ വെള്ളത്തിൽ
text_fieldsമാനന്തവാടി: ബാണാസുര സാഗർ അണക്കെട്ടിെൻറ ഷട്ടറുകൾ മുന്നറിയിപ്പില്ലാതെ ശനിയാഴ്ച രാത്രി ഉയർത്തിയതോടെ പടിഞ്ഞാറത്തറയും പ്രദേശങ്ങളും ദുരിതക്കയത്തിൽ. നൂറുകണക്കിന് വീടുകളിൽ വെള്ളംകയറി. ഇരച്ചെത്തിയ വെള്ളത്തിന് മുന്നിൽ ഒരുനിമിഷം വിറങ്ങലിച്ചുനിന്നവർ പിന്നാലെ വീടും സമ്പാദ്യവുമെല്ലാം ഉപേക്ഷിച്ച് ഉറ്റവരെയും താങ്ങി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുകയായിരുന്നു. മുന്നറിയിപ്പില്ലാതെ ഷട്ടറുകൾ ഉയർത്തിയത് ജീവിതം ദുരിതപൂർണമാക്കി. പലരുടെയും വിലപ്പെട്ട രേഖകളും വീട്ടുപകരണങ്ങളും സമ്പാദ്യവും വെള്ളത്തിൽ നശിച്ചു.
പലതും കുത്തൊഴുക്കിൽ ഒലിച്ചുപോയ നിലയിലാണ്. പുതുശ്ശേരിക്കടവ്, കുപ്പാടിത്തറ, മാനിയില്‍, കുറുമ്പാല, കുറുമണി, ചേരിയം കൊല്ലി, പന്തിപ്പൊയില്‍, ബപ്പനം, തെങ്ങുമുണ്ട എന്നിവിടങ്ങളിലാണ് വെള്ളം കയറിയത്. അണക്കെട്ട് തുറന്നതിനെ തുടര്‍ന്ന് രണ്ട് താലൂക്കുകളില്‍ മാത്രം 59 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറക്കേണ്ടിവന്നത്. നഷ്ടങ്ങളുടെ കണക്കെടുക്കാൻ മാസങ്ങളെടുക്കും. ജില്ലയിലെ ചില ഭാഗങ്ങളിൽ വെള്ളപ്പൊക്കത്തിന് കാരണം ബാണാസുര ഡാമിൽ നിന്നുള്ള വെള്ളമാണെന്ന പരാതി നേരത്തേതന്നെ ഉയര്‍ന്നിരുന്നു.
അണക്കെട്ടുകൾ തുറക്കുമ്പോള്‍ പുറപ്പെടുവിക്കുന്ന റെഡ് അലര്‍ട്ട് ഉള്‍പ്പെടെ മുന്നറിയിപ്പുകള്‍ നല്‍കാതെയാണ് ശനിയാഴ്ച രാത്രി മൂന്ന് മീറ്ററോളം ഷട്ടറുകള്‍ ഉയര്‍ത്തിയത്. ഇതിനെതിരെ ജനങ്ങളിൽ പ്രതിഷേധം ശക്തമാണ്. എന്നാൽ, എല്ലാവിധ മുന്നറിയിപ്പും നൽകിയിരുന്നെന്നാണ് കെ.എസ്.ഇ.ബിയുടെ വാദം. കാലവര്‍ഷം ശക്തമായപ്പോള്‍ ജൂലൈ15നായിരുന്നു ആദ്യം ഷട്ടറുകള്‍ ഉയര്‍ത്തിയത്. തുടക്കത്തില്‍ ഒരു ഷട്ടർ 40 സെൻറി മീറ്റർ മാത്രം ഉയർത്തിയാണ് വെള്ളം തുറന്നുവിട്ടത്. പിന്നീട് പുറത്തേക്ക് വിടുന്ന വെള്ളത്തിെൻറ അളവ് 110 സെൻറിമീറ്ററായി കൂട്ടി.
ഇതോടെ പനമരമുള്പ്പെടെ നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ഇവിടത്തുകാർ ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയംതേടി. ഏക്കര്‍കണക്കിന് കൃഷിയിടങ്ങളും നിരവധി വീടുകളും നശിച്ചു. പെട്ടെന്നുണ്ടായ കനത്ത മഴയും ഉരുൾപൊട്ടലും കാരണം എല്ലാവിധ മുന്നറിയിപ്പുകളും നൽകിയാണ് ഷട്ടറുകൾ ഉയർത്തിയതെന്ന് വൈദ്യുതി ബോർഡ് പറയുന്നു.
ചട്ടങ്ങൾ പാലിക്കാതെ ക്രമാതീതമായി ഷട്ടറുകള്‍ ഉയര്‍ത്തിയതിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് ദുരിതബാധിതര്‍. വിഷയത്തിൽ കലക്ടർ കെ.എസ്.ഇ.ബിയോട് വിശദീകരണം തേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
