തിരുവനന്തപുരം: കാസര്‍കോട് ജില്ലയിലെ സ്റ്റാഫ് നഴ്‌സ് നിയമനം ഇഴയുന്നതിനെതിരെ പ്രതികരിച്ച ഉദ്യോഗാര്‍ഥികളെ നിയമനങ്ങളില്‍നിന്ന് വിലക്കാനുള്ള തീരുമാനത്തിൽനിന്ന് പി.എസ്.സി പിന്മാറുന്നു. വിലക്കിനെതിരെ എഴുത്തുകാരൻ എൻ.എസ്. മാധവൻ ഉൾപ്പെടെയുള്ളവർ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പി.എസ്.സി കർക്കശ നടപടിയിൽനിന്ന് ഉൾവലിയാൻ തീരുമാനിച്ചത്.
ഉദ്യോഗാര്‍ഥികള്‍ക്കെതിരെ സ്വീകരിച്ച നടപടിയില്‍ പിഴവ് പറ്റിയെന്ന് പി.എസ്.സി അംഗം ലോപ്പസ് മാത്യു മാധ്യമങ്ങളോട് പറഞ്ഞു. ഉദ്യോഗാര്‍ഥികളെ പി.എസ്.സി വിലക്കിയിട്ടില്ല. പരാതി ഉന്നയിച്ചതിൻെറ പേരില്‍ നടപടി ഉണ്ടാകില്ല. എന്നാൽ, ആരോപണം ഉന്നയിച്ചവരോട് വിശദീകരണം തേടും. ആഭ്യന്തര വിജിലൻസ് അന്വേഷണത്തിന് ശേഷം നടപടിയെകുറിച്ച് ആലോചിക്കും -അദ്ദേഹം വ്യക്തമാക്കി.
റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത 68 ഒഴിവുകളും പ്രമോഷന്‍, ലീവ് വേക്കന്‍സികള്‍ സംബന്ധിച്ച് വിവരാവകാശ പ്രകാരം ലഭിച്ച വിവരങ്ങളും മാധ്യമങ്ങളോട് പങ്കുവെച്ചവർക്കെതിരെയാണ് പി.എസ്.സി നടപടിയെടുത്തത്. സമൂഹമാധ്യമങ്ങളില്‍ പി.എസ്.സിക്കെതിരെ പ്രചാരണം നടത്തിയെന്ന പേരില്‍ കോഴിക്കോട്, തിരുവനന്തപുരം സ്വദേശികളെയാണ് മൂന്ന് വര്‍ഷത്തേക്ക് പരീക്ഷയില്‍ നിന്ന് വിലക്കിയത്. ഇക്കാര്യം ഈ മാസം 25ന് വാർത്താകുറിപ്പിലൂടെ അറിയിക്കുകയും ചെയ്തിരുന്നു.