ബലി പെരുന്നാൾ സന്ദേശവുമായി വിവിധ നേതാക്കൻമാർ
text_fieldsബലിപെരുന്നാൾ: വെറുപ്പിനെതിരെ മാനവികതയുടെ സമരപ്രഖ്യാപനം -പി. മുജീബുറഹ്മാൻ
കോഴിക്കോട്: അപരനെ വെറുക്കുകയും അധികാരം ഫാഷിസമായി പരിണമിക്കുകയും ചെയ്യുന്നതിനെതിരായ സമരപ്രഖ്യാപനമാണ് ബലിപെരുന്നാൾ എന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബുറഹ്മാൻ പെരുന്നാൾ സന്ദേശത്തിൽ പറഞ്ഞു. ജീവിതത്തിന്റെ സമ്പൂർണ വിശുദ്ധിയും അതിനുവേണ്ടി ഭൗതിക താൽപര്യങ്ങളെ വെടിയലുമാണ് ബലിപെരുന്നാളിന്റെ സന്ദേശം. മനുഷ്യന്റെ അന്തസ്സിനെ അപകടപ്പെടുത്തുന്ന മൂല്യങ്ങൾക്കും ശക്തികൾക്കുമെതിരെ ജീവിതത്തെ സമർപ്പിച്ച പ്രവാചകൻ ഇബ്റാഹീമിന്റെയും കുടുംബത്തിന്റെയും അനശ്വര മാതൃകയാണ് ബലിപെരുന്നാളിൽ അനുസ്മരിക്കപ്പെടുന്നത്.
സ്രഷ്ടാവായ ദൈവത്തിന് ജീവിതത്തെ സമ്പൂർണമായും വിധേയപ്പെടുത്തലാണ് മനുഷ്യവിമോചനത്തിന്റെ ഏകവഴിയെന്ന് പ്രവാചകൻ ഇബ്റാഹീം ലോകത്തെ പഠിപ്പിച്ചു. അധികാരം ലഭിച്ചതിന്റെ പേരിൽ ജനങ്ങളെ അടിമകളായി കാണുകയും ആട്ടിപ്പുറത്താക്കുകയും ചെയ്യുന്ന ഭരണകൂടത്തിന് എതിരുനിൽക്കാൻ ഇബ്റാഹീം മാതൃക ആഹ്വാനം ചെയ്യുന്നു. ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ ദുരിതമനുഭവിക്കുന്നവർക്കു വേണ്ടി പ്രാർഥനാനിർഭരമാവേണ്ട സന്ദർഭമാണ് ബലിപെരുന്നാൾ. എല്ലാവർക്കും ഈദ് സന്തോഷം ആശംസിച്ച മുജീബുറഹ്മാൻ ഗസ്സയിൽ പൊരുതിക്കൊണ്ടിരിക്കുന്ന ഫലസ്തീൻ സമൂഹത്തോട് ഐക്യദാർഢ്യപ്പെടാനും ആവശ്യപ്പെട്ടു.
ഈദ് സന്ദേശം
കോഴിക്കോട്: ഇബ്രാഹീമി സരണിയുടെ ഗരിമയും തെളിമയുമാണ് ബലിപെരുന്നാൾ വിശ്വാസികളെ ഓർമിപ്പിക്കുന്നതെന്ന് കേരള ജംഇയ്യതുൽ ഉലമ ഈദ് സന്ദേശത്തിൽ വ്യക്തമാക്കി. പ്രതിസന്ധികളുടെ ഘട്ടങ്ങളിൽ പതറാതിരിക്കുകയും ദൈവികമാർഗത്തിൽ ഉറച്ചുനിൽക്കുകയും ചെയ്ത ഇബ്രാഹീം നബിയുടെ മാതൃക എന്നും കരുത്ത് പകരേണ്ടതുണ്ട്. സമർപ്പണത്തിന്റെയും സ്ഥൈര്യത്തിന്റെയും ഉദാത്തമായ ചരിത്രമാണ് ഇബ്രാഹീം നബിയുടെയും കുടുംബത്തിന്റെയും ജീവിതം ബോധ്യപ്പെടുത്തുന്നത്. വക്രതയില്ലാത്തതും അന്യൂനവുമായ ഏകദൈവ വിശ്വാസമാണ് വിജയത്തിന്റെ നിദാനമെന്ന് ബലിപെരുന്നാൾ നമ്മെ പഠിപ്പിക്കുന്നതായും കേരള ജംഇയ്യതുൽ ഉലമ സെക്രട്ടറി ഹനീഫ് കായക്കൊടി ഈദ് സന്ദേശത്തിൽ പറഞ്ഞു.
ഐക്യ സന്ദേശം പ്രചരിപ്പിക്കുക -കെ.എൻ.എം
കോഴിക്കോട്: മാനവിക ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും മഹത്തായ സന്ദേശങ്ങൾ ജീവിതത്തിലൂടെ പ്രസരിപ്പിക്കാൻ ബലിപെരുന്നാൾ സുദിനം വിനിയോഗിക്കണമെന്ന് കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനിയും പി.പി. ഉണ്ണീൻകുട്ടി മൗലവിയും ഈദ് സന്ദേശത്തിൽ ആവശ്യപ്പെട്ടു. സാമൂഹികസൗഹാർദം വീണ്ടെടുക്കാനും ജാതി, മത വെറിക്കെതിരെ പ്രതിജ്ഞ പുതുക്കാനും തയാറാവണം. ലോകത്തിന്റെ സമാധാനം കെടുത്തുന്ന ദുശ്ശക്തികൾക്കെതിരെ ഒന്നിച്ചുനിൽക്കണമെന്നും അവർ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

