സുഖചികിത്സക്ക് തുടക്കം; താരമായി ‘ബാലേട്ടൻ’
text_fieldsഗുരുവായൂര്‍: ‘ബാലേട്ടന്’ ശനിയാഴ്ച നല്ല ഉഷാറിലായിരുന്നു. കുളിച്ചൊരുങ്ങി കുറി തൊട്ട് നേരത്തേ ആനത്താവളത്തിന്റെ വടക്കേമുറ്റത്ത് ഒന്നാമനായി സ്ഥാനം പിടിച്ചു. സുഖചികിത്സയുടെ ഉദ്ഘാടനത്തിന് മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി നല്കുന്ന ആദ്യ ഉരുള ഏറ്റുവാങ്ങാനാണ് ബാലകൃഷ്ണന് മിനുങ്ങി നിന്നത്. തേറ്റയില് ഘടിപ്പിച്ച ഫൈബര്‍ കൊമ്പോടെ ഒരുങ്ങി വന്ന ബാലകൃഷ്ണനെ കണ്ടാല്‍ അഴകുള്ള കൊമ്പനാണെന്നേ തോന്നുമായിരുന്നുള്ളൂ. പത്തടിയോളം ഉയരവും അതിന് തക്ക ശരീരവും തലയെടുപ്പുമെല്ലാം ഉണ്ടെങ്കിലും ആരാധകര്‍ ബാലേട്ടന് എന്ന് വിളിക്കുന്ന ബാലകൃഷ്ണന് മോഴയാനയെന്ന ലേബലില്‍ പലപ്പോഴും പിന്‍നിരയിലായിരുന്നു സ്ഥാനം. അതെല്ലാം പഴങ്കഥയാക്കിയാണ് ബാലകൃഷ്ണന് സുഖചികിത്സയുടെ ഉദ്ഘാടകനായത്. കാമറ കൂട്ടങ്ങള്‍ക്ക് മുന്നില്‍ തലയെടുപ്പോടെ നിന്ന് ബാലകൃഷ്ണന് മന്ത്രിയില്‍ നിന്നും പിന്നീട് എന്‍.കെ. അക്ബര്‍ എം.എല്‍.എ അടക്കമുള്ളവരിൽ നിന്നും ഉരുളയേറ്റുവാങ്ങി.1976ല്‍ ഒരു വയസ്സുള്ളപ്പോഴാണ് ബാലകൃഷ്ണനെ ഗുരുവായൂരില്‍ നടയിരുത്തിയത്. ശരീര വളര്‍ച്ചക്കൊപ്പം കൊമ്പുകള്‍ വളരാതിരുന്നപ്പോഴാണ് മോഴയാണെന്ന് തിരിച്ചറിഞ്ഞത്. ഇന്ത്യയിലെ നാട്ടാനകളില്‍ ഏറ്റവും ഉയരം കൂടിയ മോഴയാനയാണ് ബാലകൃഷ്ണന്. .
ഒരു മാസക്കാലമാണ് സുഖചികിത്സ നടക്കുക. 41ആനകളില്‍ 23 എണ്ണം സുഖചികിത്സയില്‍ പങ്കെടുക്കുന്നുണ്ട്. 18 ആനകള്‍ മദപ്പാടിലാണ്. ഇവക്ക് പിന്നീട് ചികിത്സ നല്‍കും. ഡോ. പി.ബി. ഗിരിദാസ്, ഡോ. എം.എന്‍. ദേവന് നമ്പൂതിരി, ഡോ. ടി.എസ്.രാജീവ്, ഡോ. കെ. വിവേക്, ദേവസ്വം വെറ്ററിനറി സര്ജന് ഡോ. ചാരുജിത്ത് നാരായണന് എന്നിവരുടെ മേല്‍നോട്ടത്തിലാണ് ചികിത്സ.
കാടിന് സമാനമായ ആവാസ വ്യവസ്ഥ ഒരുക്കി നാട്ടാനകളെ തുറന്ന് വിടുന്ന കാര്യം പരിഗണനയിലുണ്ടെന്ന് മന്ത്രി ചിഞ്ചുറാണി പറഞ്ഞു.. കൊമ്പന്മാരെയും പിടിയാനകളെയും തുറന്നു വിട്ട് നാട്ടാനകളുടെ വംശവര്‍ധനവിന് സാഹചര്യമൊരുക്കണം. വനം, മൃഗ സംരക്ഷണ വകുപ്പുകളും ദേവസ്വം ബോര്‍ഡുകളും ചേര്‍ന്ന് ചര്‍ച്ച ചെയ്ത് ഇക്കാര്യം നടപ്പാക്കണമെന്നും ഗുരുവായൂര്‍ ആനത്താവളത്തിലെ സുഖചികിത്സയുടെ ഭാഗമായി നടന്ന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

